കണ്ണൂര്‍: ചത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ ടി.ടി.ആറിനെതിരെ ഗുരുതര ആരോപണവുമായി സിസ്റ്റര്‍ വന്ദനയുടെ കുടുംബം. ടി.ടി.ആര്‍ ബജ്‌റംഗ്ദളിന്റെ ആളായിരുന്നെന്നും അയാളാണ് മറ്റ് പ്രവര്‍ത്തകരെ വിളിച്ച് വരുത്തിയതെന്നും വന്ദനയുടെ സഹോദരന്‍ ജിന്‍സ് മീഡിയ വണ്ണിനോട് പ്രതികരിച്ചു.
തെളിവുകള്‍ കെട്ടിച്ചമച്ച് ഉണ്ടാക്കുമോയെന്ന് ആശങ്കയുണ്ടെന്നും സഹോദരന്‍ പറഞ്ഞു. ഇതാദ്യമയല്ല സിസ്റ്റര്‍മാര്‍ ജോലി ചെയ്യുന്ന മഠത്തിന് നേരെ ബജ്‌റംഗ്ദളിന്റെ ആക്രമണമുണ്ടാവുന്നത്. രണ്ട് വര്‍ഷം മുമ്പ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ മഠത്തില്‍ പൂട്ടിയിട്ടിട്ടുണ്ട്. ഇവര്‍ പോകുന്ന പള്ളികളടക്കം ബജ്‌റംഗ്ദള്‍ പൊളിച്ചു കളഞ്ഞിട്ടുണ്ട്.
ജയിലിലടക്കം അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുകയാണ്. 18 പേരാണ് ഒരു കുടുസുമുറിയില്‍ താമസിക്കുന്നത്. ഈ മുറിയില്‍ രണ്ട് കസേരകള്‍ മാത്രമാണുള്ളത്. കന്യാസ്ത്രീകളുടെ ആരോഗ്യസ്ഥിതി മോശമാണെന്നും സഹോദരന്‍ പറഞ്ഞു.
മനുഷ്യക്കടത്ത് ആരോപിക്കുന്ന കുട്ടികള്‍ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ടി.ടി.ആര്‍ ടിക്കറ്റ് ചോദിക്കുകയായിരുന്നു. എന്നാല്‍ കുട്ടികള്‍ ടിക്കറ്റ് ഇല്ലെന്നും പുറകെ വരുന്ന സിസ്റ്റര്‍മാര്‍ തരുമെന്നും പറഞ്ഞു. തുടര്‍ന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കുട്ടികളെ അടിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പൊലീസുകാരുടെ മുന്നില്‍ വെച്ചാണ് മര്‍ദിച്ചതെന്നും ജിന്‍സ് പറഞ്ഞു.
അതേസമയം കുട്ടികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സത്യസന്ധമായ അന്വേഷണമാണ് നടക്കുന്നതെങ്കില്‍ ജാമ്യം കിട്ടണമെന്നും ജിന്‍സ് കൂട്ടിച്ചേര്‍ത്തു.
ഛത്തീസ്ഗഢിലെ ദുര്‍ഗില്‍വെച്ചാണ് മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവരാണ് അറസ്റ്റിലായത്.
നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പം യാത്ര ചെയ്യവെയാണ് കന്യാസ്ത്രീകള്‍ അറസ്റ്റിലായത്. 19 മുതല്‍ 22 വയസള്ള പെണ്‍കുട്ടികളായിരുന്നു കൂടെയുണ്ടായിരുന്നത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും ജോലിക്കായിരുന്നു പെണ്‍കുട്ടികള്‍ വന്നത്. പെണ്‍കുട്ടികളിലൊരാളുടെ സഹോദരനും കൂടെയുണ്ടായിരുന്നു.
റെയില്‍വെ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ സിസ്റ്റര്‍മാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ചു. തുടര്‍ന്ന് കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും റെയില്‍വെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എന്നാല്‍ സിസ്റ്റര്‍മാരുടെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായ വിമര്‍ശനമാണ് ബി.ജെ.പി സര്‍ക്കാരിനെതിരെ ഉയരുന്നത്. ഇരുവരുടേയും മോചനം ആവശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
Content Highlight: TTR was a member of Bajrang Dal; the monastery has been attacked before: Sister Vandana’s family