| Wednesday, 30th July 2025, 11:07 am

ഭൂചലനത്തിന് പിന്നാലെ റഷ്യയില്‍ ആഞ്ഞടിച്ച് സുനാമിത്തിരകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: റഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതിന് പിന്നാലെ സുനാമിയും. സെവെറോ-കുറില്‍സ്‌ക് മേഖലയിലാണ് സുമാനിത്തിരകള്‍ ആഞ്ഞടിച്ചത്.

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. കുറില്‍ മേഖലയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യയിലുണ്ടായത് 1952ലെ റഷ്യന്‍ ഭൂകമ്പത്തിന് സമാനമെന്ന് ടോക്കിയോ യൂണിവേഴ്‌സിറ്റി പറഞ്ഞു.

റഷ്യയില്‍ ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. നിലവില്‍ ജപ്പാനിലും സുനാമി തിരമാലകള്‍ ആഞ്ഞടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജപ്പാന്റെ കിഴക്കന്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ ജപ്പാനിലെ ഹൊക്കൈഡോയിലും സുനാമി തിരമാലകള്‍ ആഞ്ഞടിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഫുകുഷിമ ആണവനിലയത്തിലെ ജിവനക്കാരെ ഒഴിപ്പിച്ചു. ആളപായമില്ലെന്ന് ജപ്പാന്‍ ക്യാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി അറിയിച്ചു.

സുനാമി മുന്നറിയിപ്പുകളെ തുടര്‍ന്ന് തെക്കന്‍ കാലിഫോര്‍ണിയയിലെ തീരങ്ങളിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. സഞ്ചാരികള്‍ പസഫിക് തീരങ്ങളിലേക്ക് പോകരുതെന്ന് മെക്‌സിക്കോയും നിര്‍ദേശം നല്‍കി. ഇക്വഡോര്‍, ചിലി, പെറു, ചൈന, സോളമന്‍ ദ്വീപുകളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം റഷ്യയിലുണ്ടായത് ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ശക്തമായ ഭൂചലനങ്ങളില്‍ ആറാമത്തേതെന്നാണ് വിവരം. റഷ്യയുടെ കിഴക്കന്‍ പ്രദേശമായ പെട്രോപാവ്‌ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയില്‍ നിന്ന് 136 കിലോമീറ്റര്‍ കിഴക്കായാണ് ഭൂചനലം രേഖപ്പെടുത്തിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.33ന് റഷ്യയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഭൂകമ്പം രേഖപ്പെടുത്തുന്നത്.

കാംചത്ക ഉപദ്വീപിന്റെ സമീപത്തായാണ് പ്രകമ്പനം ഉണ്ടായത്. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, 19.3 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. കാംചത്ക മേഖലയില്‍ നിന്ന് മാറി നില്‍ക്കാന്‍ ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ വ്‌ളാഡിമിര്‍ സോളോഡോവ് അറിയിച്ചിരുന്നു.

ജനസാന്ദ്രത കുറഞ്ഞ പ്രദേശം കൂടിയാണ് കാംചത്ക. എന്നാല്‍ ഈ മേഖലയ്ക്ക് ചുറ്റുമായി ഒന്നിലധികം അഗ്നിപര്‍വതങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് കൂടുതല്‍ പ്രകമ്പനങ്ങള്‍ക്ക് കാരണമായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാംചത്കക്ക് തൊട്ടുപിന്നാലെ പെട്രോപാവ്ലോവ്സ്‌ക് പ്രദേശത്തും പ്രകമ്പനം ഉണ്ടായി. 6.9 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനമാണ് രേഖപ്പെടുത്തിയത്.

Content Highlight: Tsunami waves hit Russia after earthquake

We use cookies to give you the best possible experience. Learn more