| Tuesday, 27th October 2026, 8:27 am

തിരുപ്പതി ക്ഷേത്രം ആദിവാസികളുടേതെന്ന് പുരാണത്തില്‍ പരാമര്‍ശമുണ്ട്; ബ്രാഹ്‌മണര്‍ വിട്ട് കൊടുക്കണം; ഹിന്ദുത്വ പ്രചാരകന് മറുപടിയുമായി ടി.എസ്. ശ്യാം കുമാര്‍

റെന്വര്‍ പി

തിരുവനന്തപുരം: പ്രശസ്ത ക്രിസ്തീയ ദേവാലയമായ വെളാങ്കണ്ണി മുരുകന്റെ ക്ഷേത്രമാണെന്ന അവകാശവാദം ഉന്നയിച്ച ഹിന്ദുത്വ പ്രചാരകന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിക്ക് മറുപടിയുമായി ഗവേഷകനും എഴുത്തുകാരനുമായ ടി.എസ് ശ്യാം കുമാര്‍. വേളാങ്കണ്ണി മുരുക ക്ഷേത്രമാണെങ്കില്‍ തിരുപ്പതി ക്ഷേത്രം ആദിവാസികളുടേതാണെന്ന് സ്‌കന്ദപുരാണത്തില്‍ പരാമര്‍ശമുണ്ടെന്നും അത്തരം ക്ഷേത്രങ്ങള്‍ ബ്രാഹ്‌മണര്‍ ആദിവാസികള്‍ക്ക് വിട്ട് കൊടുക്കണമെന്നും ശ്യാം കുമാര്‍ പറഞ്ഞു.

‘വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രമാണെന്ന് ഏതോ ഒരു മൂര്‍ത്തി പറഞ്ഞു നടക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ തിരുപ്പതി ക്ഷേത്രം ആദിവാസികളുടെയാണെന്ന് സ്‌കന്ദപുരാണത്തില്‍ പരാമര്‍ശമുണ്ട്. അത്തരം ക്ഷേത്രങ്ങള്‍ ബ്രാഹ്‌മണര്‍ ഒഴിഞ്ഞു ആദിവാസി ഗോത്രജനതയ്ക്കു വിട്ടു കൊടുക്കുകയാണ് വേണ്ടത്,’ ശ്യാം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഹിന്ദുത്വ ആശയ പ്രചാരണം നടത്തുന്ന ഇന്ത്യ ലൈവ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വേളാങ്കണ്ണി മുരുക ക്ഷേത്രമാണെന്ന് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി അവകാശപ്പെട്ടത്. വേളാങ്കണ്ണി എന്നത് വേല്‍ എടുത്തുനില്‍ക്കുന്ന മുരുകനേയും മടിയില്‍ വെച്ചിരിക്കുന്ന പാര്‍വതിയാണെന്നും ഗുരുമൂര്‍ത്തി അവകാശപ്പെട്ടിരുന്നു.

‘വേലാം കന്നി, വേലേന്തിയ കന്നിയാണ്. അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടില്‍ ജനിച്ച മേരി കുട്ടിയും പിടിച്ച് നില്‍ക്കുന്നത്. ആദ്യം ഹിന്ദുക്കള്‍ വന്ന് കൂടുന്നൊരു സ്ഥലം കണ്ടെത്തുക, എന്നിട്ടവിടെ കുരിശ് വെക്കുക എന്നാണ്,’ ഗുരുമൂര്‍ത്തി ആരോപിച്ചിരുന്നു.

നൂറ് കണക്കിന് കുരിശുകളാണ് അവിടെ വെച്ചതെന്നും ബ്രിട്ടീഷുകാരുടെ കാലത്ത് ക്രിസ്ത്യാനികള്‍ക്ക് പ്രൊട്ടക്ഷന്‍ കിട്ടിയിരുന്നുവെന്നും ഹിന്ദുത്വ നേതാവ് പറഞ്ഞിരുന്നു. എവിടെയെങ്കിലും ഒരു കുരിശ് വന്നാല്‍ പിന്നെ ചോദ്യം ചെയ്യാന്‍ പറ്റില്ലെന്നും മുസ്ലിങ്ങളുടെ വഖഫ് പോലെയാണിതെന്നും മൂര്‍ത്തി വാദിച്ചിരുന്നു.

‘ ഈ ബ്രിട്ടീഷുകാര്‍ ഇപ്പോഴും പോയിട്ടില്ലെന്നാണ് അവര്‍ കരുതുന്നത്. ഹിന്ദുക്കളുടെ ഉള്ളിലും ഈ ബ്രിട്ടീഷുകാരുണ്ട്. അതുകൊണ്ടാണ് അവര്‍ ഇതിനൊന്നും പ്രതികരിക്കാത്തത്,’ എന്നായിരുന്നു മൂര്‍ത്തിയുടെ മറ്റൊരു വാദം.

Content Highlight: TS Syam Kumar on Claim of Hindutva Proponent Vidyasagar Gurumoorthy about Velankanni Church

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more