കോട്ടയം: എം.ജി സര്‍വകലാശാലയില്‍ വി.സി. ഹാരിസ് വൈജ്ഞാനിക സദസ് ഫണ്ട് നല്‍കാതെ മാറ്റിവെക്കേണ്ടി വന്ന വിഷയത്തില്‍ വിമര്‍ശനവുമായി ടി.എസ്. ശ്യാം കുമാര്‍. ഉന്നതവിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വം വിഴുങ്ങുന്നതിന്റെ ഭാഗമാണ് ഇതെന്ന് ശ്യാം കുമാര്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വി സി ഹാരിസ് വൈജ്ഞാനിക സദസ് ഫണ്ട് നല്‍കാതെ വൈസ് ചാന്‍സലര്‍ തടഞ്ഞു. പ്രൊഫ. പി.കെ. പോക്കര് മാഷ് ഉള്‍പ്പെടെ പങ്കെടുക്കേണ്ട പരിപാടിയാണ് അവസാന മണിക്കൂറില്‍ തടയപ്പെട്ടത്. ഹിന്ദുത്വം ഉന്നതവിദ്യാഭ്യാസ മേഖലയെ അടിമുടി വിഴുങ്ങുന്നതിന്റെ ദൃഷ്ടാന്തം തേടി ആരുമിനി ഉത്തരേന്ത്യ തേടി പോകേണ്ടതില്ല,’ ശ്യാംകുമാര്‍ കുറിച്ചു.
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടത്താനിരുന്നതാണ് വി.സി. ഹാരിസ് വൈജ്ഞാനിക സദസ്. എന്നാല്‍ ഫണ്ട് വൈസ് ചാന്‍സലര്‍ തടഞ്ഞതോടെ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി. സര്‍വകലാശാല ബജറ്റില്‍ വകയിരുത്തി അംഗീകരിച്ച തുക സെമിനാറിന് രണ്ടുദിവസം മുമ്പ് തടയുകയായിരുന്നു. 2018 മുതല്‍ തുടര്‍ച്ചയായി നടന്നുവരുന്ന പരിപാടിക്കാണ് ഇത്തവണ ഫണ്ട് തടഞ്ഞത്.
ബജറ്റില്‍ വകയിരുത്തിയ പണം അനുവദിക്കാനാകില്ലെന്നും പി.ടി.എ ഫണ്ടോ, പൂര്‍വവിദ്യാര്‍ഥി ഫണ്ടോ ഉപയോഗിച്ച് പരിപാടി നടത്തണമെന്നുമാണ് സര്‍വകലാശാല ഉത്തരവ്. സ്കൂള്‍ ഓഫ് ലെറ്റേഴ്സ് മുന്‍ ഡയറക്ടറും എഴുത്തുകാരനുമായ വി.സി. ഹാരിസിന്റെ സ്മരണ മുന്‍നിര്‍ത്തിയാണ് പരിപാടി നടത്തുന്നത്.
Content Highlight: TS Syam Kumar about Not Allotting Fund for VC Haris Memorial Talks