തിരുവനന്തപുരം: ദളിതർക്കും സ്ത്രീകൾക്കും സിനിമ നിർമിക്കാൻ സർക്കാർ പിന്തുണ നൽകിയപ്പോൾ അഴിമതി ആരോപിച്ചവർ ശബരിമലയിലെ മോഷണ വാർത്തയിൽ സമ്പൂർണമൗനത്തിലാണെന്ന് അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ ടി.എസ്. ശ്യാംകുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ദളിതർക്കും സ്ത്രീകൾക്കും സിനിമ നിർമിക്കാൻ സർക്കാർ പിന്തുണ നൽകിയപ്പോൾ അതിൽ അഴിമതി നടക്കുന്നു എന്നാരോപിച്ചവരാണ് അടൂർ ഉൾപ്പെടെയുള്ളവരെന്നും അടൂരിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് കാരശേരി ഉൾപ്പെടെ മുപ്പത് പേര് അഴിമതി തടയാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്നും അദ്ദേഹം പറയുന്നു.
ശബരിമലയിലെ കിലോക്കണക്കിന് സ്വർണം പോറ്റിയുടെ നേതൃത്വത്തിൽ മോഷണം നടന്ന വാർത്ത വന്നിട്ടും ആരും അഴിമതി ആരോപണം ഉന്നയിച്ചില്ലെന്നും മുഖ്യമന്ത്രിക്ക് ഒപ്പിട്ട നിവേദനം കൊടുത്തില്ലെന്നും അദ്ദേഹം കുറിച്ചു.
ദളിതർക്കും കുട്ടികൾക്കും അർഹതപ്പെട്ട കാര്യങ്ങളിൽ പോലും അഴിമതി ആരോപിക്കുന്നവർ നഗ്നമായ മോഷണം നടന്നിട്ടും സമ്പൂർണ മൗനത്തിലാണ്. സാംസ്‌കാരിക ശൂദ്രന്മാർ ഇന്നും ബ്രാഹ്‌മണ സേവയിൽ നിന്നും മുക്തമായിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്. പോറ്റിയുടെ പ്രിവിലേജാണ് യഥാർത്ഥ പ്രിവിലേജ്. മോഷ്ടിച്ചാലും ആർക്കുമൊരു പ്രശ്‌നവുമില്ലെനന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ശബരിമല സ്വർണപ്പാളി വിവാദത്തിൽ തിരിമറി നടന്നെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താനും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവിയെ കേസിൽ കക്ഷി ചേർത്തു.
വിജിലൻസ് റിപ്പോർട്ട് ദേവസ്വം ഹൈക്കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ നടപടി. ദേവസ്വം കമ്മീഷണറുടെ നിർദേശ പ്രകാരമാണ് സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്. എന്നാൽ മഹസറിൽ രേഖപ്പെടുത്തിയത് ചെമ്പുപാളിയെന്നാണ്. 474.99 ഗ്രാം സ്വർണത്തിന്റെ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായെന്നും കോടതി നിരീക്ഷിച്ചു.
ആരോപണങ്ങളിലും കണ്ടെത്തലുകളിലും നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണത്തിന്റെ പുരോഗതി കോടതിയെ അറിയിക്കണമെന്നും റിപ്പോർട്ട് ആറാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നും അന്വേഷണ സംഘം മറ്റാർക്കും റിപ്പോർട്ടുകൾ കൈമാറേണ്ടതില്ലെന്നും ഹൈക്കോടതി അറിയിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിയെയും ദേവസ്വം ഉദ്യോഗസ്ഥരെയും വിമർശിച്ച കോടതി, കേസുമായി ബന്ധപ്പെട്ടവർ മാധ്യമങ്ങളോടോ മറ്റുള്ളവരോടോ കേസ് സംബന്ധിച്ച വിവരങ്ങളൊന്നും കൈമാറരുതെന്ന് നിർദേശിച്ചു.
Content Highlight: TS Shyamkumar on Sbabarimala gold controversy