| Friday, 23rd May 2025, 9:24 pm

വെറ്റില മുറുക്കാന്‍ 'പാക്' ചോദിക്കുന്നതിന് പകരം ഇനി മുതല്‍ 'ശ്രീ' ചോദിക്കുക; മൈസൂര്‍ പാക്കിന്റെ പേര് മാറ്റലില്‍ ടി.എസ് ശ്യാംകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്ത്യ-പാക് സംഘര്‍ഷത്തിന് പിന്നാലെ മൈസൂര്‍ പാക്കിന്റെ പേരില്‍ മാറ്റം വരുത്തിയതില്‍ വിമര്‍ശനം ശക്തം. വെറ്റില മുറുക്കാന്‍ പാക് ചോദിക്കുന്നതിന് പകരം ഇനി മുതല്‍ ശ്രീ ചോദിച്ചാല്‍ മതിയെന്ന് പരിഹസിച്ച് സാമൂഹിക നിരീക്ഷകന്‍ ടി.എസ് ശ്യാം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരുമടക്കം നിരവധി പേരാണ് പേരുമാറ്റത്തിനെതിരെ രംഗത്തെത്തുന്നത്. ഇന്ന് വൈകുന്നേരമാണ് മൈസൂര്‍ പാക് എന്ന പലഹാരത്തിന്റെ പേര് മൈസൂര്‍ ശ്രീ എന്നാക്കിയത്.

മൈസൂര്‍ ‘പാക്ക്’ ചോദിച്ചു വന്ന മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നുവെന്നും യുവാവ് ‘പാക്ക് ‘എന്നു തന്നെയാണ് പറഞ്ഞതെന്ന് പൊലീസ് സ്ഥിരീകരിച്ചുവെന്നടക്കമുള്ള വാര്‍ത്തകള്‍ നാളെ മുതല്‍ പ്രതീക്ഷിക്കാമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. പാക് എന്ന് പറഞ്ഞാല്‍ പണി കിട്ടുന്ന അവസ്ഥ വരെ എത്തി കാര്യങ്ങളെന്നും കമന്റുകളുണ്ട്.

രാജസ്ഥാന്‍ ജയ്പൂരിലെ ബേക്കറി ഉടമകളാണ് പ്രസിദ്ധ മധുരപലഹാരമായ മൈസൂര്‍ പാക്കിന്റെ പേര് മാറ്റിയത്. പലഹാരത്തിന്റെ പേരില്‍ ‘പാക്’ വരുന്നതാണ് പേര് മാറ്റാന്‍ കാരണമെന്നും തങ്ങളുടെ എല്ലാ മധുരപലഹാരങ്ങളുടെയും പേരില്‍ നിന്ന് ‘പാക്’ എന്ന വാക്ക് നീക്കം ചെയ്തതായും കടയുടമകള്‍ അറിയിക്കുകയായിരുന്നു.

‘മോത്തി പാക്ക്’ എന്നതിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, ‘ഗോണ്ട് പാക്ക്’ എന്നതിന്റെ പേര് ‘ഗോണ്ട് ശ്രീ’ എന്നും, ‘മൈസൂര്‍ പാക്ക്’ എന്നതിന്റെ പേര് ‘മൈസൂര്‍ ശ്രീ’ എന്നും പുനര്‍നാമകരണം ചെയ്തു,’ ഒരു കടയുടമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നേരത്തെ ഇന്ത്യ-പാക് സംഘര്‍ഷം ഉണ്ടായതിന് ശേഷമുള്ള അസഹിഷ്ണുതയില്‍ ഭയന്ന കടയുടമകള്‍ പേര് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. പാകിസ്ഥാനിലെ പ്രധാന നഗരമായ കറാച്ചി എന്ന പേരുള്ളതിനാല്‍ ഹൈദരാബാദിലെ കറാച്ചി ബേക്കറി ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു.

രുചികരമായ ഫ്രൂട്ട് ബിസ്‌ക്കറ്റുകള്‍ക്ക് പേരുകേട്ട ഈ ബേക്കറിക്ക് പേരിലല്ലാതെ പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ലെങ്കിലും കറാച്ചി എന്ന പേരുകാരണം വിവാദങ്ങള്‍ക്ക് കാരണമാവാറുണ്ട്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ബേക്കറിയുടെ ഔട്ട്ലെറ്റിന് നേരെയും തീവ്ര ഹിന്ദുത്വവാദികള്‍ പ്രതിഷേധം നടത്തിയിരുന്നു.

യഥാര്‍ത്ഥത്തില്‍ മധുരപലഹാരങ്ങളിലെ ‘പാക്’ എന്ന വാക്ക് പാകിസ്ഥാനെയല്ല സൂചിപ്പിക്കുന്നത്, അതിന്റെ അര്‍ഥം മധുരം എന്നാണ്. പാക് എന്നത് ഒരു കന്നഡ വാക്കാണ്. കന്നടയില്‍ ഇതിന്റെ അര്‍ത്ഥം മധുരം എന്നാണ്.

Content Highlight: TS Shyamkumar on changing the name of Mysore Pak

We use cookies to give you the best possible experience. Learn more