| Tuesday, 7th July 2026, 10:44 pm

'അയോദ്ധ്യയില്‍ കൊള്ളയടിച്ചവരെക്കുറിച്ച് മിണ്ടാത്തവര്‍ നിലവിളക്കിന് മുമ്പില്‍ ചെരിപ്പ് ധരിച്ചതില്‍ ആചാര പ്രസംഗം നടത്തുന്നു,' ടി.എസ് ശ്യാം കുമാര്‍

റെന്വര്‍ പി

കോഴിക്കോട്: മകന്‍ ആരോമലിന്റെ വിവാഹ ചടങ്ങില്‍ നിലവിളക്കിന് മുമ്പില്‍ ചെരിപ്പ് ധരിച്ചതിന്റെ പേരില്‍ ഫുട്ബോള്‍ ഇതിഹാസം ഐ.എം. വിജയനെതിരെ സമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ വിമര്‍ശിച്ച് ടി.എസ് ശ്യാം കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ടി.എസ് ശ്യാം കുമാറിന്റെ പ്രതികരണം.

‘ബാബറി മസ്ജിദ് തല്ലി തകര്‍ത്ത് അവിടെ രാമക്ഷേത്രം പണിത് അവിടുത്തെ കോടിക്കണക്കിന് സ്വര്‍ണവും പണവും കൊള്ളയടിച്ചതിനെ കുറിച്ച് ഒരക്ഷരം മിണ്ടാത്ത ചില പുംഗവന്മാര്‍ നിലവിളക്ക് കൊളുത്തിയതിന് സമീപം ചെരുപ്പിട്ടതിനെ കുറിച്ച് ആചാരപ്രസംഗം നടത്തുന്നു,’ എന്ന് ടി.എസ് ശ്യാം കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘നിലവിളക്കിന് സമീപം ചെരുപ്പിടണമോ വേണ്ടയോ എന്നത് ഐ.എം വിജയന്റെ തീരുമാനമാണ്. ആധുനികമായ പാദരക്ഷ ഇല്ലാത്ത കാലത്തെ സവര്‍ണ ആചാരങ്ങള്‍ ഇന്ത്യയിലെ വര്‍ണബാഹ്യരായ ജനതയുടെ തലയില്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഐ.എം വിജയനെ ആക്ഷേപിച്ചുകൊണ്ടുള്ള ലജജിപ്പിക്കുന്ന തെറിയഭിഷേകം,’ എന്നും ശ്യാം കുമാര്‍ അഭിപ്രായപ്പെട്ടു.

‘ശബരിമലയിലെയും അയോദ്ധ്യയിലെയും സ്വര്‍ണം കട്ട സവര്‍ണരെ ആചാരത്തിന്റെ പേരില്‍ ഒരിക്കല്‍ പോലും വിമര്‍ശിക്കാത്തവരുടെ തെറിയഭിഷേകം ഐ.എം വിജയന്റെ നേര്‍ക്കു വരുന്നത് മലയാളിയുടെ ദുര്‍ഗന്ധം വമിക്കുന്ന ജാതിബോധ്യത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.

നിലവിളക്ക് കൊളുത്തുന്നത് സംബന്ധിച്ച് ബ്രാഹ്‌മണ്യ പൗരോഹിത്യം ഉണ്ടാക്കി വച്ച അനുഷ്ഠാനങ്ങള്‍ ഇന്ത്യയിലെ കോടിക്കണക്കായ അവര്‍ണ ബഹുജനങ്ങള്‍ക്ക് പിന്തുടരേണ്ട യാതൊരു ബാധ്യതയുമില്ല. അതിന് സൗകര്യവുമില്ല.

സോഷ്യല്‍ മീഡിയ അധിക്ഷേപം. മകന്‍ ആരോമലിന്റെ വിവാഹ ചടങ്ങില്‍ നിലവിളക്കിന് മുമ്പില്‍ ചെരിപ്പ് ധരിച്ചു എന്ന കാരണത്തിലാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരെ അധിക്ഷേമുയരുന്നത്. തീര്‍ത്തും വംശീയവും ജാതിയവുമായാണ് ചിലര്‍ ഐ.എം വിജയനെ അധിക്ഷേപിക്കുന്നത്,’ ശ്യാംകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഐ.എം. വിജയന്റെ മകന്റെ വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങള്‍ ചില ഓണ്‍ലൈന്‍ ചാനലുകള്‍ പങ്കുവച്ചിരുന്നു. ഇതില്‍ ഒരു വീഡിയോയിലാണ് അദ്ദേഹത്തിനെതിരെ ആദ്യം വിദ്വേഷ കമന്റുകള്‍ വന്നത്.

ഈ മാസം അഞ്ചിനായിരുന്നു ഐ.എം വിജയന്റെ മകന്‍ ആരോമല്‍ വിജയന്റെ വിവാഹം. റോമി വിക്ടോറിയ ഹെബറാണ് വധു. ഈസ്റ്റ് ബംഗാള്‍ എഫ്.സി.യുടെ ഫുട്ബോള്‍ വീഡിയോ പെര്‍ഫോമന്‍സ് അനലിസ്റ്റ് തലവനാണ് ആരോമല്‍.

Content Highlight: TS Shyam Kumar’s Response on Hate comments against IM Vijayan

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more