| Thursday, 29th October 2015, 9:47 am

ഒടുവില്‍ സത്യം പുറത്തു വന്നു, തീവ്രവാദികളെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറട്ടെ: മുഷറഫിന് മറുപടിയുമായി ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയെ നേരിടാനായി ലഷ്‌കറെ ത്വയിബ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ സഹായം തേടിയതായുള്ള പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ വെളിപ്പെടുത്തലിന് മറുപടിമായി ഇന്ത്യ രംഗത്ത്.

ഒടുവില്‍ സത്യം പുറത്തുവന്നെന്നും ഇനി തീവ്രവാദികളെ ഇന്ത്യയ്ക്ക് കൈമാറുകയാണ് വേണ്ടതെന്നും ഇന്ത്യന്‍ സുരക്ഷാ വിഭാഗവും രാഷ്ട്രീയകക്ഷികളും ആവശ്യപ്പെട്ടു.

ഇന്ത്യയെ നേരിടാന്‍ ലഷ്‌കറെ തോയിബ അടക്കമുള്ള ഭീകര സംഘടനകള്‍ക്ക് പാകിസ്താന്‍ എല്ലാ സഹായവും നല്‍കിയിരുന്നുവെന്ന പ്രസ്താവനയ്‌ക്കെതിരായി കോണ്‍ഗ്രസും ബി.ജെ.പിയും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

ഒരു വ്യത്യസ്തയ്ക്ക് വേണ്ടി മുഷറഫ് സത്യം പറഞ്ഞതാണ്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ എന്നും ആഗ്രഹിച്ചവരാണ് പാക്കിസ്ഥാന്‍. ഇന്ത്യയില്‍ ഇത്തരം തീവ്രവാദികളെ എത്തിച്ച് നീചപ്രവര്‍ത്തികള്‍ ചെയ്യിപ്പിക്കാനാണ് പാക്കിസ്ഥാന്‍ ആഗ്രഹിച്ചിരുന്നത്.

ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് പാക്കിസ്ഥാന്‍ അഭയം നല്‍കി എന്നതാണ് മുഷറഫിന്റെ വെളിപ്പെടുത്തലില്‍ നിന്നും വ്യക്തമാകുന്നത്. പാക്കിസ്ഥാന്‍ ഉത്തരവാദിത്തപ്പെട്ട ഒരു രാജ്യമായിരുന്നെങ്കില്‍ ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള കുറ്റവാളികളെ ഇന്ത്യയ്ക്ക്് കൈമാറുകയായിരുന്നു പാക്കിസ്ഥാന്‍ ചെയ്യേണ്ടിയിരുന്നതെന്ന് കേന്ദ്രമന്ത്രി എം.വെങ്കയ്യനായിഡു പറഞ്ഞു.

മുഷറഫിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അക്കാര്യത്തില്‍ പ്രതികരിക്കാന്‍ കൂടി പാക് അതികൃതര്‍ തയ്യാറായില്ലെന്ന് മുന്‍ ഇന്ത്യന്‍ ആര്‍മി ചീഫ് വി.പി മാലിക് പറഞ്ഞു.

പര്‍വേസ് മുഷറഫിന്റെ വെളിപ്പെടുത്തലില്‍ നിന്നും തീവ്രവാദികളുടെ നാടായി പാക്കിസ്ഥാന്‍ മാറിയെന്ന കാര്യമാണ് വെളിപ്പെടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു.

കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതിനാണ് 1990കളില്‍ ഭീകരര്‍ക്ക് പാകിസ്താന്‍ പരിശീലനവും പിന്തുണയും നല്‍കിയതെന്നും അക്കാലത്ത് ലഷ്‌കര്‍ നേതാക്കളായ ഹാഫീസ് സെയ്ദും സക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയും പാകിസ്താനില്‍ വീരനായകന്മാരായിരുന്നുവെന്നും മുഷറഫ് പാകിസ്താനി വ്യക്തമാക്കിയിരുന്നു

1990കളില്‍ കശ്മീരിനെ ഇന്ത്യയില്‍ നിന്നു മോചിപ്പിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിരുന്നു. അക്കാലത്ത് ലഷ്‌കറെ തോയിബയും പന്ത്രണ്ടോളം മറ്റ് സംഘടനകളും രൂപംകൊണ്ടുഅവര്‍ക്ക് പരിശീലനവും മറ്റും നല്‍കി പാകിസ്താന്‍ പ്രോത്സാഹിപ്പിച്ചുവെന്നും മുഷറഫ് പറയുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരായ സയ്ദിനെയും ലഖ്‌വിയെയും സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഷറഫ്. അക്കാലത്ത് കശ്മീര്‍ സ്വതന്ത്രസമര പോരാളികള്‍ എന്ന നിലയില്‍ അവര്‍ക്ക് താരപരിവേഷമാണ് ലഭിച്ചിരുന്നത്. എന്നാല്‍ മതതീവ്രവാദം പിന്നീട് ഭീകരതയായി മാറിയെന്നും മുഷറഫ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more