| Thursday, 28th August 2025, 3:06 pm

ഉക്രൈന്‍ സംഘര്‍ഷം 'മോദിയുടെ യുദ്ധ'മെന്ന് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാരോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംങ്ടണ്‍: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പങ്ങള്‍ക്ക് 50% തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെ, ഉക്രൈന്‍ – റഷ്യ സംഘര്‍ഷത്തെ ‘മോദിയുടെ യുദ്ധം’ എന്ന് വിശേഷിപ്പിച്ച് വൈറ്റ് ഹൗസ് ട്രേഡ് അഡൈ്വസര്‍ പീറ്റര്‍ നവാരോ.

റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ ഉക്രൈന്‍ യുദ്ധത്തിന് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന നവാരോ ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യ റഷ്യയെ സഹായിക്കുന്നതിലൂടെ ഉക്രൈന് ധനസഹായം നല്‍കേണ്ടി വരുന്ന അമേരിക്കയ്ക്ക് നഷ്ടമുണ്ടാക്കുകയാണെന്നും നവാരോ പറഞ്ഞു.

ഇതിനാല്‍ അമേരിക്കയിലെ ഉപഭോക്താക്കള്‍ക്കും, തൊഴിലാളികള്‍ക്കും, നികുതിദായകര്‍ക്കും നഷ്ടമുണ്ടാകുന്നുവെന്നും നവാരോ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ വ്യാപാര നയത്തെ ‘അഹങ്കാരം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ജനാധിപത്യ രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കണം’ എന്നും ആവശ്യപ്പെട്ടു.

ഉക്രൈന്‍ യുദ്ധത്തിനിടെ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 50% തീരുവ ഏര്‍പ്പെടുത്തുമെന്ന് ഓഗസ്റ്റ് 6-ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

ഇതിനു മറുപടിയായി, ‘മറ്റു പല രാജ്യങ്ങളും സ്വന്തം താത്പര്യങ്ങള്‍ക്കായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഇന്ത്യക്കെതിരെ അധിക തീരുവ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണ്’ എന്ന് ഇന്ത്യ പ്രതികരിച്ചു.

ഇന്ത്യയുടെ നിലപാടിനെ വിമര്‍ശിക്കുന്നതിനിടെ, ഇന്ത്യ ചൈനയുമായി കൂട്ടുകൂടുകയാണെന്ന് നവാരോ ആരോപിച്ചു. ചൈന ഇന്ത്യയുടെ പ്രദേശങ്ങള്‍ ആക്രമിച്ചെന്നും, ചൈന ഇന്ത്യയുടെ സുഹൃത്തല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2020-ലെ ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തെയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചൈനയും ഇന്ത്യയും തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ തന്റെ ചൈനീസ് പ്രതിരോധ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍, ‘ബഹുധ്രുവ ഏഷ്യ ഉള്‍പ്പെടെ ഒരു നീതിയുക്തവും, സമതുലിതവുമായ ലോകക്രമമാണ്’ ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു.
ഈ പ്രസ്താവന ആഗോള സാമ്പത്തിക സ്ഥിരത നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതായിരുന്നു.

അതേസമയം, താരിഫ് വിഷയത്തില്‍ യു.എസ് തീരുമാനം അന്യായവും യുക്തിക്ക് നിരക്കാത്തതും നീതീകരിക്കാനാവാത്തതുമാണ് എന്ന് ഇന്ത്യ പ്രതികരിച്ചു.

‘വ്യാപാരം വാണിജ്യപരമായ അടിസ്ഥാനത്തിലാണ് നടക്കുന്നത്. അതിനാല്‍, വാണിജ്യ ഇടപാടുകളുടെ അടിസ്ഥാനം ശരിയാണെങ്കില്‍, ഇന്ത്യന്‍ കമ്പനികള്‍ക്ക് ഏറ്റവും മികച്ച വില ലഭിക്കുന്നിടത്ത് നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്നത് തുടരും,’ എന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Trump’s advisor Peter Navarro calls Ukraine conflict ‘Modi’s war’

We use cookies to give you the best possible experience. Learn more