| Sunday, 27th September 2026, 5:00 pm

ട്രംപ്-ഷി കൂടിക്കാഴ്ച: വ്യാപാര യുദ്ധത്തിന് താത്ക്കാലിക ശമനം; 30 ബില്യണ്‍ ഡോളറിന്റെ താരിഫ് ഇളവിന് ധാരണ

അഞ്ജു ചന്ദ്രന്‍

വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷത്തിന് താത്ക്കാലിക ശമനമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ 30 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉത്പ്പന്നങ്ങള്‍ക്ക് താരിഫില്‍ ഇളവ് നല്‍കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാര്‍ഷിക ഉത്പ്പന്നങ്ങള്‍, മരം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയ അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്കും ചൈനയില്‍ നിന്നുള്ള ചെറിയ ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയ്ക്കുമാണ് ഇളവ് ബാധകമാകുക.

മൂന്ന് ദിവസത്തെ ഉച്ചകോടിക്ക് ശേഷമാണ് ഇരു രാജ്യങ്ങളും ധാരണ പ്രഖ്യാപിച്ചത്. ഏകദേശം 30 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സെന്‍സിറ്റീവ് അല്ലാത്ത ഉത്പ്പന്നങ്ങള്‍ക്ക് അനുകൂലമായ താരിഫ് പരിഗണന നല്‍കുന്നതിനാണ് ധാരണ. വ്യാപാര ചര്‍ച്ചകള്‍ക്കായി പുതിയ ട്രേഡ് കൗണ്‍സില്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വ്യാപാരത്തിന് പുറമെ എ.ഐയും ചര്‍ച്ചയിലെ പ്രധാന വിഷയമായിരുന്നു. എ.ഐയുടെ സാധ്യതകളും അപകടസാധ്യതകളും സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത ഘട്ട ചര്‍ച്ച നവംബറില്‍ നടത്താനും എ.ഐയുമായി ബന്ധപ്പെട്ട അടിയന്തര സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ആശയവിനിമയ സംവിധാനം രൂപീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായതായും റിപ്പോര്‍ട്ടുണ്ട്.

നവംബര്‍ 10ന് അവസാനിക്കേണ്ടിയിരുന്ന നിലവിലെ വ്യാപാര ഉടമ്പടി രണ്ടുമാസത്തേക്ക് കൂടി നീട്ടാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, അപൂര്‍വ ധാതുക്കളുടെ വിതരണം, സാങ്കേതികവിദ്യ, എ.ഐ ചിപ്പ് കയറ്റുമതി തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Trump-Xi Meeting: Temporary respite in trade war; agreement reached on $30 billion tariff relief.


അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more