വാഷിങ്ടൺ: ബോർഡ് ഓഫ് പീസിൽ ചേരുന്നതിന് വേണ്ടി കാനഡക്ക് അയച്ച ക്ഷണം പിൻവലിച്ചതായി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
സ്വിറ്റ്‌സർലാന്റിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ അമേരിക്കയ്ക്ക് എതിരായുള്ള പ്രസംഗമാണ് ട്രംപിനെ ചൊടിപ്പിച്ചത്.
‘ശക്തരായ രാജ്യങ്ങൾ സാമ്പത്തിക ഏകീകരണം ആയുധങ്ങളായും തീരുവകൾ സ്വാധീന ശക്തിയായും ഉപയോഗിക്കുന്നു’ എന്നായിരുന്നു കാർണിയുടെ അമേരിക്കക്കെതിരെയുള്ള പ്രതികരണം.
തങ്ങൾ ചൈനയുമായുള്ള വ്യാപാര കരാറിൽ ഒപ്പുവച്ചതിലൂടെ അമേരിക്കൻ മേധാവിത്വത്തെ ചെറുക്കാൻ മധ്യശക്തികൾക്ക് എങ്ങനെ സാധിക്കുമെന്ന് തെളീച്ചിരിക്കുകയാണെനന്നും അദ്ദേഹം ദാവോസിലെ പ്രസംഗത്തിൽ പറഞ്ഞു.
അമേരിക്ക കാരണമാണ് കാനഡ ജീവിക്കുന്നതെന്നും ആ ഔദാര്യത്തിന് നന്ദിയുള്ളവനായിരിക്കണമെന്നും ട്രംപ് കാർണിക്കു മറുപടിനൽകി.
കഴിഞ്ഞ ആഴ്ച യു.എസ് തങ്ങളെ ബോർഡ് ഓഫ് പീസിലേക്ക് ക്ഷണിച്ചെന്നും ക്ഷണം സ്വീകരിക്കുന്നതായും കാനഡ പ്രതികരിച്ചിരുന്നു .
അതേസമയം അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ സാധ്യതയുള്ള ആക്രമണത്തെ ചെറുക്കുന്നതിനുവേണ്ടി കാനഡ അഫ്ഗാന്റെ മുജാഹിദീൻ മാതൃകയിലുള്ള സൈനിക ഒരുക്കങ്ങൾ നടത്തുന്നതായായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു.
ഇതിനെല്ലാമിടയിലും ഇന്നലെ ട്രംപ് ബോർഡ് ഓഫ് പീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഗസയുടെ പുനരുദ്ധാരണം പ്രഥമ അജണ്ടയായി പരിഗണിക്കുന്നുണ്ടെങ്കിലും ഗസയുടെ അതിർത്തികളെ കുറിച്ച് അമേരിക്കയ്ക്ക് ഇപ്പോഴും വ്യക്തതയില്ല.
അംഗത്വത്തിനായി രാജ്യങ്ങളിൽ നിന്നും സ്വീകരിക്കുന്ന ഒരു ബില്യൺ ഡോളർ ഗസയെ പുനർനിർമ്മിക്കുന്നതിനുവേണ്ടി ഉപയോഗിക്കും എന്നാണ് ട്രംപിന്റെ അവകാശവാദം.
കൂട്ടായ്മയിൽ ചേരണമോ എന്നതിൽ ഇന്ത്യ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല.
Content Highlight: Trump withdraws Canada’s Invitation to join Board of Peace