| Wednesday, 13th May 2026, 11:19 am

ഇറാന്‍ യുദ്ധവും വ്യാപാര തര്‍ക്കവും; പരിഹാരം തേടി ട്രംപ് ചൈനയിലേക്ക്; ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ആഗോള രാഷ്ട്രീയത്തിലും ആഭ്യന്തര തലത്തിലും സമാനതകളില്ലാത്ത വെല്ലുവിളികള്‍ നേരിടുന്നതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ണായകമായ ചൈന സന്ദര്‍ശനത്തിനായി ഈ ആഴ്ച ബീജിങ്ങിലെത്തും.

ഒരു വര്‍ഷം മുമ്പ് ചൈനയ്ക്കെതിരെ കടുത്ത വ്യാപാര യുദ്ധം പ്രഖ്യാപിച്ച ട്രംപ്, ഇപ്പോള്‍ ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനും വ്യാപാര തര്‍ക്കങ്ങളില്‍ അയവു വരുത്താനുമുള്ള ശ്രമത്തിനാണ് ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇറാനുമായി നിലനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ബീജിങ്ങിന്റെ സഹായം ട്രംപിന് അത്യന്താപേക്ഷിതമാണ്. ഇറാനിയന്‍ എണ്ണയുടെ 90 ശതമാനവും വാങ്ങുന്ന ചൈനയ്ക്ക് ഇറാന് മേല്‍ വലിയ സ്വാധീനമുണ്ട്.

ഇറാനെ ചര്‍ച്ചാ മേശയിലേക്ക് കൊണ്ടുവരാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇടപെടണമെന്നാണ് വാഷിങ്ടണിന്റെ ആഗ്രഹമെന്ന് റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഇറാന്‍ വിഷയത്തില്‍ തനിക്ക് ആരുടെയും സഹായം ആവശ്യമില്ലെന്നും ‘സമാധാനപരമായോ അല്ലാതെയോ’ യു.എസ് വിജയിക്കുമെന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എങ്കിലും ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാന്‍ ഒരു പ്രധാന വിഷയമായിരിക്കുമെന്ന് അദ്ദേഹം സമ്മതിച്ചു. പാകിസ്ഥാന്‍ മധ്യസ്ഥതയില്‍ നടന്ന മുന്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍, ചൈനയുടെ നിലപാടും നിര്‍ണായകമാകും.

നേരത്തെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ താരിഫ് വര്‍ദ്ധിപ്പിച്ച് ചൈനയെ സമ്മര്‍ദത്തിലാക്കാന്‍ ട്രംപ് ശ്രമിച്ചിരുന്നു. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്കും ആയുധ നിര്‍മാണത്തിനും അത്യാവശ്യമായ രാസമൂലകങ്ങളുടെ വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി ചൈന തിരിച്ചടിച്ചതോടെ ട്രംപിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി.

ഇതോടെ ബീന്‍സ്, ബീഫ്, ബോയിങ് വിമാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചില പരിമിതമായ വ്യാപാര കരാറുകളിലേക്ക് തന്റെ ലക്ഷ്യങ്ങള്‍ ചുരുക്കാന്‍ ട്രംപ് നിര്‍ബന്ധിതനായി.

മെയ് 14, 15 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍ ചിപ്പ് നിര്‍മാണ ഉപകരണങ്ങള്‍ക്കും മെമ്മറി ചിപ്പുകള്‍ക്കും മേലുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ചൈന ആവശ്യപ്പെടുമെന്നാണ് സൂചന.

തായ്‌വാനിലേക്കുള്ള യു.എസ് ആയുധ വില്‍പനയില്‍ ചൈനയുടെ പ്രതിഷേധം ഷി ജിന്‍പിങ് അറിയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം തടവിലാക്കപ്പെട്ട മാധ്യമ വ്യവസായി ജിമ്മി ലായിയുടെയും രണ്ട് അമേരിക്കന്‍ പൗരന്മാരുടെയും മോചനം ട്രംപ് ഉന്നയിക്കും.

നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൈനയുമായി ഒരു അനുരഞ്ജനത്തിലെത്തുന്നത് ട്രംപിന് അത്യാവശ്യമാണ്. ചിക്കാഗോ കൗണ്‍സില്‍ ഓണ്‍ ഗ്ലോബല്‍ അഫയേഴ്സിന്റെ കണക്കുപ്രകാരം പകുതിയിലധികം അമേരിക്കക്കാരും ചൈനയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുണ്ട്.

എങ്കിലും, ഈ കൂടിക്കാഴ്ചയില്‍ വലിയ ഉടമ്പടികള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

‘ചൈനയ്ക്ക് ട്രംപിനെ ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ട്രംപിന് ചൈനയെ ആവശ്യമുണ്ട്,’ എന്നാണ് ഹോങ്കോങ് സര്‍വകലാശാലയിലെ പ്രൊഫസര്‍ അലജാന്‍ഡ്രോ റെയ്സ് നിരീക്ഷിക്കുന്നത്. ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച ഈ പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ട്രംപെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Content Highlight: Trump will have ‘long talk’ with Xi about Iran, says US does not need any help

We use cookies to give you the best possible experience. Learn more