വാഷിങ്ടണ്‍: ഇറാനുമായി വെടിനിര്‍ത്തല്‍ ധാരണയിലെത്തിയിട്ടും രാജ്യവുമായി അടുത്ത ബന്ധമുള്ള രാജ്യങ്ങളെ വിടാതെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന് ആയുധങ്ങള്‍ വിതരണം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി.
ഇറാന് സൈനിക ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് ഏത് രാജ്യമാണെങ്കിലും സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
‘ഇറാനിലേക്ക് സൈനിക ആയുധങ്ങള്‍ വിതരണം ചെയ്യുന്ന ഒരു രാജ്യത്തിന് ഉടനടി തീരുവ ചുമത്തും, അമേരിക്കയിലേക്ക് എത്തിക്കുന്ന ഏതൊരു ഇത്പന്നത്തിനും 50 ശതമാനം തീരുവ ഉടനടി പ്രാബല്യത്തില്‍ വരും. ഒഴിവാക്കലുകളോ ഇളവുകളോ ഉണ്ടാകില്ല’ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
രണ്ടാഴ്ച താത്കാലികമായി ഇറാനും യു.എസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
അതേസമയം, വെടിനിര്‍ത്തലിന് പിന്നാലെ വെള്ളിയാഴ്ച മുതല്‍ ഇസ്‌ലാമാബാദില്‍ യു.എസുമായി ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ഇറാന്‍ അറിയിച്ചു.
അതേസമയം, ഇറാനില്‍ യുറേനിയം സമ്പുഷ്ടീകരണം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്ന് പറഞ്ഞാണ് ട്രംപ് കര്‍ശനമായ കരാര്‍ വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
യു.എസ് ആക്രമണങ്ങള്‍ നിര്‍ത്തിവച്ചതിനെ ഇസ്രഈല്‍ പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. പക്ഷെ, ലെബനനില്‍ ഹിസ്ബുല്ലയുമായുള്ള പോരാട്ടം തുടരുമെന്നും ഇസ്രഈല്‍ അറിയിച്ചു.
ഇറാന് ഇപ്പോഴും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും യു.എസ് വാഗ്ദാനങ്ങളില്‍ വിശ്വാസമില്ലെന്നും ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പസ് പ്രതികരിച്ചു.
ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്നും ഐ.ആര്‍.ജി.സി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
‘ശത്രു എപ്പോഴും വഞ്ചകനായിരുന്നു, അവരുടെ വാഗ്ദാനങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല, എല്ലാ ആക്രമണങ്ങള്‍ക്കും മുകളില്‍ ഞങ്ങള്‍ പ്രതികരിക്കും,’ ഐ.ആര്‍.ജി.സി പറഞ്ഞു.
Content Highlight: Trump warns of 50% tariffs on countries selling weapons to Iran