വാഷിങ്ടണ്‍: പുതിയ വെനസ്വലെന്‍ നേതാവ് ഡെല്‍സി റോഡ്രിഗ്രസ് ശരിയായത് ചെയ്തില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി ട്രംപ്.
വെനസ്വലെന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയെയും പങ്കാളിയേയും യു.എസ് ബന്ദിയാക്കിയതിന് പിന്നാലെ സൈന്യവും വെനസ്വലെന്‍ സുപ്രീം കോടതിയും ഇടക്കാല നേതാവായി ഡെല്‍സി റോഡ്രിഗ്രസിനെ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
റോഡ്രിഗ്രസ് രാജ്യത്തിന്റെ ഏക നിയമാനുസൃത നേതാവായിരിക്കുമെന്നും വെനസ്വലെന്‍ സുപ്രീംകോടതി അറിയിച്ചിരുന്നു.
‘ ശരിയായത് ചെയ്തില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും. ഒരുപക്ഷേ അത് മഡൂറോയെക്കാള്‍ വലുതായിരിക്കും,’ ദി അറ്റ്‌ലാന്റിക്കിന് നല്‍കിയ ടെലഫോണ്‍ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
വെനസ്വലെയുടെ വന്‍തോതിലുള്ള എണ്ണ ശേഖരത്തില്‍ യു.എസ് നിക്ഷേപത്തിന് പ്രവേശനം അനുവദിക്കുന്നതടക്കമുളള ലക്ഷ്യങ്ങള്‍ കൈവരിച്ചാല്‍ വെനസ്വലെന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ട്രംപ് ഭരണകൂടം പറഞ്ഞു.
വെനസ്വലെയുടെ ഭരണം അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
‘ ഭരണമാറ്റമെന്നോ പുനര്‍നിര്‍മാണമെന്നോ എന്ത് വേണമെങ്കിലും നിങ്ങള്‍ വിളിച്ചോളു. രണ്ടായാലും ഇപ്പോഴുള്ളതിനേക്കാള്‍ മികച്ചതാണ്. വെനസ്വലെയുടെ കാര്യത്തില്‍ പുനര്‍നിര്‍മാണം ഒരു മോശം കാര്യമല്ല, അത് ഒരു മോശം രാജ്യമാണ്. എല്ലാ അര്‍ത്ഥത്തിലും ഒരു പരാജയപ്പെട്ട രാജ്യമാണ്,’ ട്രംപ് പറഞ്ഞു.
അതേ സമയം നാറ്റോ സഖ്യ കക്ഷിയായ ഡെന്‍മാര്‍ക്കിന്റെ സ്വയം ഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ഭാഗമാണെന്ന പതിവ് വാദം ട്രംപ് ആവര്‍ത്തിച്ചു.
വെനസ്വലെയുടെ യു.എസ് നടപടി ഗ്രീന്‍ലാന്‍ഡിന് എന്ത് സന്ദേശം നല്‍കുന്നു എന്ന ചോദ്യത്തിന് അവര്‍ സ്വയം കണ്ടെത്തേണ്ടിയിരിക്കുന്നു എന്നായിരുന്നു ട്രംപിന്റെ മറുപടി.
മയക്കുമരുന്ന് കടത്താരോപിച്ച് മഡൂറോയെ മാസങ്ങളോളമുള്ള വേട്ടയാടലിന് ശേഷം രാജ്യത്ത് അതിക്രമിച്ച് കടന്ന് അമേരിക്ക അദ്ദേഹത്തെയും പങ്കാളിയേയും ബന്ദിയാക്കുകയായിരുന്നു.
ശനിയാഴ്ച്ച പുലര്‍ച്ചയോടെ യു.എസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്‌സാണ് ഇരുവരെയും ബന്ദിയാക്കിയത്.
കിടപ്പുമുറിയില്‍ അതിക്രമിച്ച് കടന്നായിരുന്നു നടപടി. വിവരം ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് തന്നെയാണ് പുറത്തുവിട്ടത്. വെനസ്വലെ അമേരിക്ക ഭരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
മഡൂറോയ്‌ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, യന്ത്രതോക്കുകളും വിനാശകാരമായ ആയുധങ്ങളും കൈവശം വെക്കല്‍, കൊക്കൈന്‍ ഇറക്കുമതി ഗൂഢാലോചന, യു.എസിനെതിരെയുള്ള ഗൂഢാലോചന തുടങ്ങിയവയാണ് മഡൂറോയ്‌ക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
വിഷയത്തില്‍ വെനസ്വലെയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നടപടിയില്‍ എതിര്‍പ്പറിയിച്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടിണ്ട്.
ഇരുവരെയും ന്യൂയോര്‍ക്കിലെ ബ്രൂക്കിന്‍ തടങ്കല്‍ കേന്ദ്രത്തില്‍ എത്തിച്ചതിന് പിന്നാലെ ഇന്ന് (തിങ്കള്‍) ന്യൂയോര്‍ക്ക് കോടതിയില്‍ ഹാജരാക്കും. മന്‍ഹട്ടനിലെ ഫെഡറല്‍ കോടതിയിലാണ് ഹാജരാക്കുക.
Content Highlight: Trump warns new Venezuelan leader will pay a big price