| Monday, 4th August 2025, 10:40 pm

ഭീഷണി തുടര്‍ന്ന് ട്രംപ്; ഇന്ത്യ റഷ്യയില്‍ നിന്ന് ഇനിയും എണ്ണ വാങ്ങിയാല്‍ തീരുവ വര്‍ധിപ്പിക്കുമെന്ന് മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് ഇനിയും എണ്ണ വാങ്ങിയാല്‍ ഇന്ത്യയ്ക്ക് മേലുള്ള താരിഫ് വര്‍ധിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ട്രൂത്ത് സോഷ്യലിലൂടെയാണ് യു.എസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്.

‘ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുക മാത്രമല്ല ചെയ്യുന്നത്, അത് തുറന്ന വിപണയിൽ വലിയ വിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്നു,’ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഇനിയും ഇത് തുടരുകയാണെങ്കില്‍ ഇന്ത്യക്ക് മേലുള്ള താരിഫ് ഗണ്യമായി വര്‍ധിപ്പിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. നിലവില്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു.എസ് 25 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്.

ഇപ്പോള്‍ ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണി പോസ്റ്റില്‍ 25 ശതമാനത്തിലധികം തീരുവ ഉയര്‍ത്തുമെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് പിഴ ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള എല്ലാ കയറ്റുമതികള്‍ക്കും 25 ശതമാനം തീരുവ ചുമത്താനുള്ള വൈറ്റ് ഹൗസിന്റെ തീരുമാനത്തിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

പിന്നാലെ ഇന്ത്യ ഇനിമുതല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ സാധ്യതയില്ലെന്ന് കേട്ടതായും ട്രംപ് പരിഹസിച്ചിരുന്നു. താന്‍ കേട്ടതാണ് ഇതെന്നും എന്നാല്‍ കേട്ടത് എത്രമാത്രം ശരിയാണെന്ന് അറിയില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇതിനുമുമ്പ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെ, ലോകത്തെ തന്നെ ഉയര്‍ന്ന താരിഫുകള്‍ ചുമത്തുന്നതിനും ഉക്രൈനില്‍ റഷ്യ യുദ്ധം നടത്തുമ്പോള്‍ റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിനും ട്രംപ് ഇന്ത്യയെ വിമര്‍ശിച്ചിരുന്നു.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ. റഷ്യയുടെ കടല്‍മാര്‍ഗമുള്ള റഷ്യന്‍ ക്രൂഡ് ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യവുമാണ് ഇന്ത്യ. റഷ്യയുടെ പ്രധാനപ്പെട്ട വരുമാനമാര്‍ഗമാണ് ഇത്.

ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇന്ത്യയിലെ സ്റ്റേറ്റ് റിഫൈനറികള്‍ റഷ്യന്‍ എണ്ണ വാങ്ങിയിട്ടില്ലെന്ന് പേര് വെളിപ്പെടുത്താത്ത ചില സ്രോതസുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മംഗളുരു റിഫൈനറീസ്, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളില്‍ ഇന്ത്യ ഔദ്യോഗിമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlight: Trump warns of tariff hike if India continues to buy oil from Russia

We use cookies to give you the best possible experience. Learn more