| Sunday, 21st September 2025, 5:22 pm

ബഗ്രാം വ്യോമതാവളം തിരികെ നൽകണം; അഫ്ഗാനിസ്ഥാന് മുന്നറിയിപ്പ് നൽകി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: യു.എസ് സേന മുമ്പ് ഉപയോഗിച്ചിരുന്ന ബഗ്രാം വ്യോമതാവളം തിരികെ നൽകാൻ അഫ്ഗാനിസ്ഥാന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താവളം തിരികെ നൽകിയില്ലെങ്കിൽ മോശമായ കാര്യങ്ങൾ അഫ്ഗാനിസ്ഥാന് നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. ഇതിനായുള്ള ചർച്ചകൾ താലിബാൻ സർക്കാരുമായി നടത്തുന്നുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെ അറിയിച്ചു.

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്നും 64 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വ്യോമത്താവളം തിരികെ നൽകണമെന്ന ട്രംപിന്റെ ആവിശ്യം താലിബാൻ സർക്കാർ നിരസിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.

‘ഞങ്ങൾ അഫ്ഗാനിസ്ഥാനുമായി സംസാരിക്കുകയാണ്. ബഗ്രാം താവളം ഉടൻ തന്നെ തിരികെ ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അഫ്‌ഗാനിസ്ഥാൻ അത് ചെയ്തില്ലെങ്കിൽ ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അവർ അറിയും,’ ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ യു.എസിന്റെ സാന്നിധ്യം പുനസ്ഥാപിക്കുന്നതിൽ അഫ്ഗാൻ ഉദ്യോഗസ്ഥർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ബഗ്രാം വ്യോമതാവളം നിർമിച്ച അമേരിക്കക്ക് താവളം തിരികെ നൽകിയില്ലെങ്കിൽ അഫ്ഗാനിസ്ഥാന് മോശമായ കാര്യങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചു.

രണ്ട് പതിറ്റാണ്ടുകളായി നടന്ന യുദ്ധങ്ങളിൽ യു.എസ് സേനയുടെ പ്രധാന താവളവായിരുന്നു ബഗ്രാം വ്യോമതാവളം.
അഫ്ഗാനിസ്ഥാനിലെ യു.എസ് സൈനിക പിന്മാറ്റത്തിന്റെ ഭാഗമായി 2021 ജൂലൈയിലാണ് യു. എസ് സൈന്യം ബഗ്രാം വ്യോമതാവളം ഔദ്യോഗികമായി ഒഴിപ്പിച്ചത്.

യു.എസ് സൈന്യം അഫ്‌ഗാനിസ്ഥാനിൽ നിന്നും പിൻവാങ്ങിയതോടെ 2021 ൽ രാജ്യത്ത് താലിബാൻ അധികാരത്തിലെത്തി. അതോടെ വ്യോമതാവളത്തിന്റെ അധികാരം താലിബാന്റെ നിയന്ത്രണത്തിലായി.

ചൈനയുമായി അടുത്തുകിടക്കുന്ന ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ ട്രംപ് പലപ്പോഴും വിമർശിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ശക്തമായ താവളങ്ങളിൽ ഒന്നാണ് ബഗ്രാം എന്ന ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനിൽ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചും ട്രംപ് പരാതിപ്പെട്ടിരുന്നു.

വ്യാഴ്ച നടത്തിയ യു.കെ സന്ദർശനത്തിൽ ഈ വിഷയത്തെക്കുറിച്ച് ട്രംപ് പറഞ്ഞിരുന്നു. ഇറാൻ, പാകിസ്ഥാൻ, ചൈനയുടെ സിൻജിയാങ് പ്രവിശ്യ, മധ്യേഷ്യ എന്നിവിടങ്ങൾ ചേരുന്ന സ്ഥലമായതിനാൽ ഈ മേഖലയിൽ യു.എസിന്റെ സ്വാധീനം പുനസ്ഥാപിക്കുന്നതിൽ ട്രംപ് ശ്രമിക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

Content Highlight: Trump warns Afghanistan to return Bagram airbase

We use cookies to give you the best possible experience. Learn more