| Saturday, 17th October 2026, 9:36 am

റഷ്യയ്ക്ക് മേലുള്ള ചില ഉപരോധങ്ങള്‍ നീക്കി ട്രംപ്: ഒഴിവാക്കിയത് ഇന്ത്യയ്ക്ക് മേല്‍ 100% തീരുവ ചുമത്താന്‍ കാരണമായവ

ദേവിക ജയചന്ദ്രന്‍

വാഷിങ്ടണ്‍: കഴിഞ്ഞ മാസം ട്രംപ് ഒപ്പ് വെച്ച നിയമപ്രകാരം നടപ്പിലാക്കിയ റഷ്യയുമായി ബന്ധപ്പെട്ട ചില ഉപരോധങ്ങള്‍, നിയന്ത്രണങ്ങള്‍, തീരുവകള്‍ എന്നിവ ഒഴിവാക്കി ട്രംപ്. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഒരു എക്‌സിക്യൂട്ടിവ് ഉത്തരവിലൂടെയാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചത്. ‘ദേശീയ താത്പര്യം’ മുന്‍നിര്‍ത്തിയാണ് ഈ ഇളവ് നല്‍കിയിരിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

ലിന്‍ഡ്‌സി ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്റ് ഇറാന്‍ ആക്ട് ഓഫ് 2026 പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള ഉപരോധങ്ങളും നിയന്ത്രണങ്ങളും തീരുവകളും ഒഴിവാക്കുന്നു എന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ എക്‌സിക്യൂട്ടിവ് ഉത്തരവില്‍ ട്രംപ് പറഞ്ഞു.

റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയും ചൈനയുമടക്കമുള്ള അഞ്ച് രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം തീരുവ ചുമത്താനും റഷ്യന്‍ സ്ഥാപനങ്ങള്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്താനും, റഷ്യയില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഊര്‍ജ ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം തീരുവ ചുമത്താനും ഈ നിയമം ട്രംപിന് അധികാരം നല്‍കിയിരുന്നു.

നിയമപ്രകാരം നടപടികള്‍ ഞായറാഴ്ച(ഒക്ടോബര്‍ 18) ന് പ്രാബല്യത്തില്‍ വരാനിരിക്കെ ആണ് ഈ തീരുമാനം. റഷ്യയുമായി ബന്ധപ്പെട്ട തീരുവകളുടെ നടപ്പാക്കല്‍ മാത്രമാണ് ഈ ഉത്തരവിലൂടെ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും ട്രംപിന് ഈ തീരുവകള്‍ വീണ്ടും ഏര്‍പ്പെടുത്താവുന്നതാണ്.

ഉക്രെയിനിനെതിരായ റഷ്യയുടെ യുദ്ധത്തെ സാമ്പത്തികമായി സഹായിക്കുന്ന സ്രോതസുകള്‍ വെട്ടിക്കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടുവന്നത്. റഷ്യന്‍ ബാങ്കുകള്‍, ഊര്‍ജമേഖല, റഷ്യയുടെ സൈനിക നീക്കങ്ങളെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങല്‍ എന്നിവയെ ആണ് ഇത് ലക്ഷ്യമിട്ടത്. കൂടാതെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും റഷ്യന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിമെതിരായ ഉപരോധങ്ങളും ഇതില്‍ പെടുന്നു.

യു.എസില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണവില കുറയ്ക്കാന്‍ ശ്രമിക്കുന്ന ട്രംപ് ഭരണകൂടം, റഷ്യന്‍ ഡീസല്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെ റഷ്യയ്ക്ക് നല്‍കുന്ന സമ്മാനം എന്ന് സെലന്‍സ്‌കി വിശേഷിപ്പിച്ചിരുന്നു.

പുടിന്‍ ഉക്രെയ്‌നിനെതിരെ നടത്തുന്ന ക്രൂരമായ യുദ്ധത്തിന് അമേരിക്കന്‍ ഡോളര്‍ ഉപയോഗിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയുള്ള ഫെഡറല്‍ നിയമത്തെ ട്രംപ് ഭരണകൂടം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി, യുഎസിലെ ഇരു പാര്‍ട്ടികളില്‍ നിന്നുമുള്ള നിയമനിര്‍മ്മാതാക്കള്‍ ഈ കരാറിനെതിരെ രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ റഷ്യന്‍ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉക്രൈയിനുമേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നു. ഉക്രൈന്‍ താത്കാലികമായി ഈ ആവശ്യം അംഗീകരിച്ചെങ്കിലും പിന്നീട് ആക്രമണങ്ങള്‍ പുനരാരംഭിച്ചു.

Content Highlight: Trump Waives Russia Sanctions That Threatened 100% Tariffs On India

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more