| Saturday, 24th October 2026, 8:39 am

ഇറാന്റെ കാര്യം തീരുമാനമായാല്‍ അടുത്തത് ക്യൂബയെന്ന് ട്രംപ്; ക്യൂബയില്‍ രാഷ്ട്രീയമാറ്റം വേണമെന്ന് റൂബിയോ

റെന്വര്‍ പി

മയാമി: ഇറാനുമായുള്ള സംഘര്‍ഷം പരിഹരിച്ചുകഴിഞ്ഞാല്‍ ക്യൂബയുമായി ബന്ധപ്പെട്ട തന്റെ ആശങ്കകള്‍ പരിഹരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ലോറിഡയിലെ ഫോര്‍ട്ട് മയേഴ്‌സില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇറാനില്‍ നിന്ന് മടങ്ങിവരുന്ന വഴിയില്‍ ഞങ്ങള്‍ ക്യൂബയുടെ കാര്യവും നോക്കും. അവിടെ ഞങ്ങള്‍ അല്പനേരം നിര്‍ത്തിയേക്കും,’ എന്നും ക്യൂബന്‍-അമേരിക്കന്‍ വോട്ടര്‍മാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഫ്‌ലോറിഡയില്‍ ഇന്നലെ (ഒക്ടോബര്‍ 23, വെള്ളി) നടന്ന ഒരു റാലിയില്‍ ട്രംപ് പറഞ്ഞു.

‘ഇറാനില്‍ നിന്ന് മടങ്ങുമ്പോള്‍, നമ്മുടെ മനോഹരമായ കപ്പലുകള്‍ ക്യൂബയ്ക്ക് സമീപത്തുകൂടി കടന്നുപോകും. അവയിലൊന്ന് തീരത്തുനിന്ന് ഏകദേശം 45 മീറ്റര്‍ അകലെയായി നിര്‍ത്തും. അവര്‍ കീഴടങ്ങാന്‍ തയ്യാറാകുമ്പോള്‍, കരാര്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ മാര്‍ക്കോ റൂബിയോയെ അവിടേക്ക് അയക്കും,’ ട്രംപ് പറഞ്ഞു.

ഇതിന് പിന്നാലെ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ക്യൂബയില്‍ യു.എസ് കൂടുതല്‍ ഇടപെടല്‍ നടത്തുമെന്ന് പറഞ്ഞു. തങ്ങളുടെ രാജ്യത്ത് രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്ന ക്യൂബന്‍ ജനത അതിനായി നടപടിയെടുക്കണമെന്ന് റൂബിയോ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. അതിന് ഇതാണ് പറ്റിയ സമയമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ക്യൂബയില്‍ ‘പോസിറ്റീവ് ആയ’ മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ ട്രംപിന്റെ പദ്ധതികളെ പ്രയോജനപ്പെടുത്തണമെന്നും റൂബിയോ പറഞ്ഞു. ‘പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍, അഴിമതി, ചുരുക്കം ചിലര്‍ മാത്രം ആസ്വദിക്കുന്ന ആഡംബര ജീവിതം ഇവയെല്ലാം സൃഷ്ടിച്ച നിരാശയില്‍ നിന്ന് പുറത്തുകടക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുക. സി.ഐ.എയുമായി രഹസ്യമായ ഒരു പങ്കാളിത്തത്തിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരിക,’ റൂബിയോയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നു.

ക്യൂബയില്‍ ഇടപെടലുകള്‍ നടത്തുന്ന കാര്യത്തില്‍ റൂബിയോയും ട്രംപും ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ക്യൂബയുടെ മുന്‍ നേതാവ് റൗള്‍ കാസ്‌ട്രോയ്ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുന്നതായി യു.എസ് ഭരണകൂടം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ, ക്യൂബയില്‍ യു.എസ് സൈനിക ഇടപെടല്‍ ഉണ്ടാകുമെന്ന ഭീഷണി കൂടുതല്‍ ശക്തമായി.

ഈ വര്‍ഷം മെയില്‍ റൂബിയോയും ട്രംപും ക്യൂബയില്‍ യു.എസ് ഇടപെടുന്നതിനെക്കുറിച്ചുള്ള സാധ്യതയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ക്യൂബയില്‍ ഇടപെടാന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ പതിറ്റാണ്ടുകളായി ആലോചിച്ചിരുന്നുവെന്നും, എന്നാല്‍ അത് നടപ്പിലാക്കാന്‍ പോകുന്നത് താനായിരിക്കും എന്ന് തോന്നുന്നുവെന്നുമാണ് അന്ന് ട്രംപ് ഓവല്‍ ഓഫീസില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

യു.എസിന്റെ ശത്രുരാജ്യങ്ങളുമായുള്ള ബന്ധം കാരണം ക്യൂബ വര്‍ഷങ്ങളായി ഒരു ദേശീയ സുരക്ഷാ ഭീഷണിയാണെന്നും ഈ പ്രശ്‌നം പരിഹരിക്കാന്‍ ട്രംപ് ഉറച്ച തീരുമാനത്തിലാണെന്നും റൂബിയോയും അന്ന് പറഞ്ഞിരുന്നു. ക്യൂബയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സമാധാനപരമായി പരിഹരിക്കാനാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നത്. എന്നാല്‍ നിലവിലെ ക്യൂബന്‍ സര്‍ക്കാരുമായി നയതന്ത്രപരമായ ഒരു ഒത്തുതീര്‍പ്പിലെത്താന്‍ അമേരിക്കയ്ക്ക് കഴിയുമോ എന്ന കാര്യം സംശയകരമാണെന്നും അന്ന് റൂബിയോ പറഞ്ഞിരുന്നു.

ഈ വര്‍ഷം സെപ്റ്റംബറിലും ക്യൂബയില്‍ ഭരണമാറ്റം വേണമെന്ന് റൂബിയോ പറഞ്ഞിരുന്നു. സെപ്റ്റംബര്‍ 29ന് ഒരു മാധ്യമവുമായി സംസാരിക്കവെയായിരുന്നു റൂബിയോയുടെ പരമാര്‍ശം. ക്യൂബ മറ്റൊരു പാത തിരഞ്ഞെടുക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് അന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി തന്റെ നിലപാട് വ്യക്തമാക്കി.

‘സത്യം പറഞ്ഞാല്‍, ക്യൂബ ഇതിനകം തകര്‍ന്നു കഴിഞ്ഞു. അവിടെ കാര്യക്ഷമമായ ഒരു സമ്പദ് വ്യവസ്ഥയില്ല. ഇരുപത് വര്‍ഷം മുമ്പ് തന്നെ അവസാനിച്ചുപോയതും, ഒരിക്കലും വിജയിച്ചിട്ടില്ലാത്തതുമായ ഒരു വിപ്ലവത്തെക്കുറിച്ച് ഇപ്പോഴും പ്രസംഗിച്ചുകൊണ്ടിരിക്കുന്നവരാണ് അവിടെ ഭരണം നടത്തുന്നത്.

‘ക്യൂബ മറ്റൊരു പാത തിരഞ്ഞെടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. തങ്ങള്‍ നേരിടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ അവിടെയുള്ള ചിലരെങ്കിലും തയ്യാറാകുമെന്ന് ഞങ്ങള്‍ കരുതുന്നു. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തന കേന്ദ്രമായി മാറാനോ, നമ്മുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാനോ ക്യൂബയെ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് വ്യക്തമായ നിലപാടുണ്ട്,’ എന്നായിരുന്നു റൂബിയോയുടെ പരാമര്‍ശം.

ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ക്കെന്ന പേരില്‍ റൂബിയോയും ട്രംപിന്റെ മറ്റ് ഉന്നത സഹായികളും കഴിഞ്ഞ മാസങ്ങളില്‍ ക്യൂബന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകളില്‍ യു.എസിന് തൃപ്തികരമായ ഫലമൊന്നും ലഭിച്ചില്ല. ഇതിനെത്തുടര്‍ന്ന് ക്യൂബന്‍ സര്‍ക്കാരിനുമേല്‍ യു.എസ് കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

Content Highlight: Trump vows to deal with Cuba after Iran gets settled; Rubio tells Cubans ‘now is the time’ to act to see political change

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more