| Sunday, 20th September 2026, 11:48 am

എ.ഐയ്‌ക്കെതിരെ നടക്കുന്ന ആക്രമണം സമ്മതിക്കില്ല: എ.ഐ ഫോഴ്‌സ് രൂപീകരിക്കുമെന്ന് ട്രംപ്

ദേവിക ജയചന്ദ്രന്‍

വാഷിങ്ടണ്‍: നിര്‍മിതബുദ്ധി വ്യവസായത്തിന്റെ വികസനത്തിനായി എ.ഐ ഫോഴ്‌സ് സൃഷ്ടിക്കാന്‍ പോവുകയാണെന്നും അതിന്റെ മേല്‍നോട്ടം വഹിക്കാനായി എ.ഐ സാറിനെ(A.I CZAR) നിയമിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

എ.ഐയെ അടുത്ത വ്യവസായിക വിപ്ലവം എന്നാണ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച തന്റെ കുറിപ്പില്‍ വിശേഷിപ്പിച്ചത്. പക്ഷേ ഇത് വലുതും കൂടുതല്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നതുമാകും.

ജി.ഡി.പിയുടെ 25 ശതമാനം വരെ ഇതിലുള്‍പ്പെട്ടേക്കാം. ചൈനയേയും മറ്റു രാജ്യങ്ങളേയും പിന്നിലാക്കി അമേരിക്ക മുന്നേറുകയാണെന്നും ആ നില തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

ലോകത്തിന്റെ ഭാവിയായ എ.ഐയുടെ വളര്‍ച്ച തടയാനോ അതിനെ നശിപ്പിക്കാനോ താന്‍ സമ്മതിക്കില്ല. എ.ഐയെ നശിപ്പിക്കാനുള്ള ശ്രമം ഡാറ്റാ സെന്ററുകള്‍ക്കെതിരെയുള്ള ആക്രമണമായാണ് തുടങ്ങിയതെന്നും എന്നാല്‍ അവ സമൂഹത്തിന് അതെത്ര മെച്ചമുണ്ടാക്കുന്നുവെന്ന് ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റായുള്ള തന്റെ ആദ്യഘട്ടത്തില്‍ സ്‌പേസ് ഫോഴ്‌സ് രൂപീകരിച്ചതുപോലെ എ.ഐ ഫോഴ്‌സ് രൂപീകരിക്കാന്‍ പോവുകയാണ്. അതിനായി ഉയര്‍ന്ന ഐ.ക്യു ഉള്ള ആളുകള്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന ഒരു എ.ഐ സാര്‍ സ്ഥാനത്തെക്കുറിച്ച് ഉടന്‍ പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു.

‘റാഡിക്കല്‍ ലെഫ്റ്റ് ഡെമോക്രാറ്റുകള്‍’ രാജ്യത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വ്യാജപ്രചരണങ്ങളിലെ അടുത്തതാണ് എ.ഐയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്നതെന്നും ട്രംപ് ആരോപിക്കുന്നു.

ഈ അത്ഭുതകരമായ വ്യവസായത്തിന്റെ വളര്‍ച്ചയെ ഒരു തരത്തിലും തടസപ്പെടുത്തുകയോ അടിച്ചമര്‍ത്തുകയെ ചെയ്യില്ലെന്നും അതിനെ പരിപോഷിപ്പിക്കുകയും സഹായിക്കുകയും ചെയ്യുമെന്ന് ട്രംപ് പറയുന്നു.

എ.ഐയിലെ നിയമവിരുദ്ധമായ കാര്യങ്ങളെയും തിന്മകളെയും കണ്ടെത്തുമെന്നും നിലവിലുള്ള നിയമവ്യവസ്ഥയിലൂടെ അത് എളുപ്പത്തില്‍ സാധിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Trump vows to create ‘AI Force’ and name new ‘AI czar’

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more