ബെയ്ജിങ്: ആര്‍ട്ടിക് മേഖലയിലെ അമേരിക്കന്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍നിന്നും ലോകശ്രദ്ധ തിരിക്കുന്നതിനുവേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയെയും റഷ്യയെയും മറയാക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ്.
അത്തരത്തില്‍ ചൈനയേയും റഷ്യയേയും മറയാക്കി ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കേണ്ടെന്നും ചൈന യു.എസിന് മുന്നറിയിപ്പ് നല്‍കി.
‘ആര്‍ട്ടിക് മേഖല അന്താരാഷ്ട്ര താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ചൈന ഈ മേഖലയിലെ സമാധാനവും സുസ്ഥിര വികസനവും സ്ഥിരതയും അന്താരാഷ്ട്ര നിയമങ്ങളും സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ചാലക ശക്തിയായാണു വര്‍ത്തിക്കുന്നത്. ചൈനയെയും റഷ്യയെയും മറയാക്കി കൊണ്ടുള്ള ട്രംപിന്റെ പ്രതികരണത്തെ ചൈന അംഗീകരിക്കില്ല’ നിങ് പറഞ്ഞു.
എല്ലാരാജ്യങ്ങളിലും അവരുടെ ഭരണസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും നിങ് കൂട്ടിച്ചേര്‍ത്തു.
ഗ്രീന്‍ലാന്‍ഡും ഡെന്മാര്‍ക്കും അമേരിക്ക സ്വന്തമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചൈനയും റഷ്യയും അതുചെയ്യുന്നതിനു മുന്‍പ് തങ്ങള്‍ ചെയ്യുമെന്നും അതിനു ഏതുരീതിയും തെരഞ്ഞെടുക്കാന്‍ അമേരിക്ക തയ്യാറാണെന്നും ട്രംപ് പ്രതികരിച്ചിരുന്നു .
എന്നാല്‍ ഒരു സൈനിക അട്ടിമറിയിലൂടെ അതുണ്ടാകില്ലെന്നും നാറ്റോ സൗഹൃദ അംഗമായ ഡെന്മാര്‍ക്കിന്റെ അര്‍ദ്ധ – സ്വയംഭരണ പ്രദേശങ്ങള്‍ വാങ്ങിക്കുന്നത് പരിഗണനയില്‍ ഉണ്ടെന്നുമാണ് വൈറ്റ്ഹൗസ് സ്ഥിരീകരണം.
തങ്ങളുടെ പ്രദേശങ്ങള്‍ വില്‍പ്പനക്കില്ലെന്ന് ഡെന്മാര്‍ക്കും ഗ്രീന്‍ലാന്‍ഡും അമേരിക്കക്ക് മറുപടി നല്‍കിയിരുന്നു. സൈനിക നടപടികളുണ്ടായാല്‍ അത് ട്രാന്‍സ്-അറ്റ്‌ലാന്റിക് പ്രതിരോധ സഖ്യത്തിന്റെ അന്ത്യമായിരിക്കുമെന്നും ഡെന്‍മാര്‍ക്ക് അമേരിക്കയെ ഓര്‍മപ്പെടുത്തിയിരുന്നു.
Content Highlight: Trump using China as pretext for ‘selfish’ design in Arctic, says Beijing