വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടികളുടെ ടെലിവിഷന്‍ കവറേജ് നിര്‍ത്തിവച്ചതിന് പിന്നാലെ 24 മണിക്കൂര്‍ സ്ട്രീമിങ് ചാനലുമായി വൈറ്റ് ഹൗസ്.
‘ട്രംപ് ടിവി: ദ എസന്‍ഷ്യല്‍സ് സ്റ്റേഷന്‍’ എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലില്‍ ട്രംപിന്റെ പ്രസംഗങ്ങള്‍, ഭരണകൂടത്തിന്റെ പ്രഖ്യാപനങ്ങള്‍, പഴയ ദൃശ്യങ്ങള്‍, ഭരണനേട്ടങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ എന്നിവ സംപ്രേഷണം ചെയ്യുമെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ചാനല്‍ തത്‌സമയം അപ്ഡേറ്റ് ചെയ്യുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. വൈറ്റ് ഹൗസും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ ചാനലിന്റെ വരവ്.
സി.എന്‍.എന്‍, എം.എസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമസ്ഥാപനങ്ങള്‍ക്ക് വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം ട്രംപ് ഭരണകൂടം വിലക്കിയിരുന്നു.
തങ്ങളെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ഇതിനെതിരെ മൂന്ന് മാധ്യമസ്ഥാപനങ്ങളും കോടതിയെ സമീപിച്ചിരുന്നു.
ഇതിന് പിന്നാലെ പ്രസിഡന്റ് പരിപാടികള്‍ക്കായി വീഡിയോ നല്‍കുന്ന ടെലിവിഷന്‍ പ്രസ് പൂള്‍ കവറേജ് നിര്‍ത്തിവെക്കാന്‍ എ.ബി.സി, സി.ബി.എസ്, ഫോക്‌സ് ന്യൂസ്, എന്‍.ബി.സി, സി.എന്‍.എന്‍ എന്നീ പ്രധാന നെറ്റ്വര്‍ക്കുകള്‍ തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
പ്രസിഡന്റ് ഉള്‍പ്പെടുന്ന പരിപാടികള്‍ക്ക് സ്വതന്ത്രവും കൃത്യവുമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ടെന്നും വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനെ എതിര്‍ക്കുന്നതിനാല്‍ ഒരു മാധ്യമസ്ഥാപനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്നും നെറ്റ്വര്‍ക്കുകള്‍ സംയുക്ത പ്രസ്താവന ഇറക്കി.
മാധ്യമങ്ങളുടെ ബഹിഷ്‌കരണത്തെ തുടര്‍ന്ന് വൈറ്റ് ഹൗസിലെ പുതിയ ഹെലിപാഡ് ഉദ്ഘാടനം, ട്രംപിന്റെ ഐക്യരാഷ്ട്രസഭാ പൊതുസഭാ പരിപാടികള്‍ തുടങ്ങിയവയ്ക്ക് സാധാരണ രീതിയിലുള്ള ലൈവ് ടെലിവിഷന്‍ കവറേജ് ലഭിച്ചില്ല.
വൈറ്റ് ഹൗസ് സ്വന്തം വെബ്‌സൈറ്റിലൂടെ ട്രംപിന്റെ പരിപാടികള്‍ സ്ട്രീം ചെയ്‌തെങ്കിലും ഹെലിപാഡ് ഉദ്ഘാടനത്തിനിടെ ഹെലികോപ്റ്ററിന്റെ ശബ്ദം കാരണം ട്രംപിന്റെ പ്രസംഗം വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ ട്രംപ് ടിവിയില്‍ തുടക്കത്തില്‍ ട്രംപിന്റെ പഴയ പ്രസംഗങ്ങളും മറ്റ് ആര്‍ക്കൈവല്‍ ദൃശ്യങ്ങളുമാണ് സംപ്രേഷണം ചെയ്തത്.
പരമ്പരാഗത വാര്‍ത്താ ചാനലുകളിലെപ്പോലെ അവതാരകരോ സ്ഥിരമായ വാര്‍ത്താ ഷെഡ്യൂളോ ഇല്ലാത്ത രീതിയിലാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്.
വൈറ്റ് ഹൗസ് നേരിട്ട് തയ്യാറാക്കുന്ന ഉള്ളടക്കത്തിലൂടെ പ്രസിഡന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ചാനലിന്റെ ലക്ഷ്യം.
Content Highlights: Trump TV’ follows media boycott; 24-hour YouTube channel from the White House.