വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്ക് വ്യോമതാവളം വിട്ടുനൽകാത്ത സ്പെയിനെതിരെ നടപടിക്കൊരുങ്ങി അമേരിക്ക.
സ്പെയിനുമായി നിലനിൽക്കുന്ന എല്ലാ വ്യാപാര ബന്ധങ്ങളും ഉടൻ അവസാനിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ ഈ പരാമർശം.
‘നമുക്ക് സ്പെയിനുമായി ഇനി ഒരു ബന്ധവും വേണ്ട, അവരുമായുള്ള എല്ലാ വ്യാപാരവും ഞങ്ങൾ നിർത്തുകയാണ്,’ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനോട് ഇതുസംബന്ധിച്ച നടപടികൾ തുടങ്ങാൻ നിർദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരെ അമേരിക്കയും ഇസ്രഈലും സംയുക്തമായി നടത്തുന്ന ആക്രമണത്തിന് സ്പെയിനിലെ റോട്ട, മൊറോ എന്നീ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ സ്പെയിൻ അനുമതി നൽകാത്തതിനെ തുടർന്നാണ് അമേരിക്കയുടെ ഈ നടപടി.
നാറ്റോ രാജ്യങ്ങൾ തങ്ങളുടെ ജി.ഡി.പിയുടെ 5 % പ്രതിരോധത്തിന് ഉപയോഗിക്കണമെന്ന ട്രംപിന്റെ ആവശ്യം സ്പെയിൻ അംഗീകരിക്കാത്തതും ട്രംപിനെ ചൊടിപ്പിച്ചു.
ഇന്നലെ (ചൊവ്വ) സ്പെയിൻ അനുമതി നൽകാത്തതിനെത്തുടർന്ന് അമേരിക്കയുടെ പന്ത്രണ്ടോളം ഇന്ധന വിമാനങ്ങൾ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ സൈനിക താവളങ്ങളിലേക്ക് മാറ്റുകയായിരുന്നു.
അമേരിക്കയുടെ പ്രഖ്യാപനത്തെത്തുടർന്ന് സ്പെയിനിലെ ഓഹരി വിപണിയിൽ വലിയ തിരിച്ചടിയും വിലയിടിവും ഇതിനോടകം ഉണ്ടായിട്ടുണ്ട്.
കൂടാതെ സ്പെയിനിലെ പ്രമുഖ ബാങ്കായ സാന്റാൻഡർ അമേരിക്കയിൽ നടത്താനിരുന്ന വൻകിട ഏറ്റെടുക്കലുകളെ ഈ തീരുമാനം കർശനമായി ബാധിക്കും.
ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന് വിരുദ്ധമായതോ, ഏകപക്ഷീയമായ സൈനിക നീക്കങ്ങൾക്ക് സ്പെയിൻ മണ്ണ് വിട്ടുനൽകില്ലെന്ന് സ്പെയിൻ പ്രധാന മന്ത്രി
പെഡ്രോ സാഞ്ചസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഗസയിലും മധ്യപൂർവേഷ്യയിലും നടക്കുന്ന സംഘർഷങ്ങളിൽ ഇസ്രഈലിന് ആയുധം എത്തിക്കുന്ന കപ്പലുകൾക്ക് സ്പെയിൻ തുറമുഖങ്ങളിൽ മുൻപ് തന്നെ പ്രവേശനം നിഷേധിച്ചിരുന്നു.
ഇറാനെതിരെയുള്ള ആക്രമണം പശ്ചിമേഷ്യയെ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്നും ചർച്ചകളിലൂടെ മാത്രമേ പരിഹാരം കാണാവൂ എന്നും സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസാറും ആവർത്തിച്ചു.
Content Highlight: Trump to cut off ‘all trade’ with Spain