വാഷിങ്ടൺ: ടെക്സസിലെ വെള്ളപ്പൊക്കത്തിൽ സർക്കാരിനെ വിമർശിച്ച അമേരിക്കൻ നടി റോസി ഒ’ഡോണലിന്റെ പൗരത്വം റദ്ദാക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ടെക്സസിലെ വെള്ളപ്പൊക്കത്തിൽ കാലാവസ്ഥാ പ്രവചന ഏജൻസികൾ നൽകിയ മുന്നറിയിപ്പ് ട്രംപ് ഭരണകൂടം വേണ്ട വിധം കൈകാര്യം ചെയ്തില്ലെന്ന് ടോക്ക്-ഷോ അവതാരകയും ഹാസ്യ നടിയുമായ റോസി ഒ’ഡോണൽ വിമർശിച്ചിരുന്നു. പിന്നാലെ നടിയുടെ യുഎസ് പൗരത്വം റദ്ദാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.
‘റോസി ഒ’ഡോണൽ നമ്മുടെ മഹത്തായ രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് അനുയോജ്യമല്ലാത്തതിനാൽ, അവരുടെ പൗരത്വം എടുത്തുകളയുന്നതിനെക്കുറിച്ച് ഞാൻ ഗൗരവമായി ആലോചിക്കുന്നു. അവൾ മനുഷ്യരാശിക്ക് ഒരു ഭീഷണിയാണ്. അവർക്ക് അവളെ വേണമെങ്കിൽ അവൾ അയർലൻഡിൽ തന്നെ തുടരണം. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ,’ ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തു.
ജനുവരിയിൽ റോസി ഒ’ഡൊണൽ അയർലണ്ടിലേക്ക് താമസം മാറിയിരുന്നു. മാർച്ചിൽ ഒരു ടിക് ടോക്ക് വീഡിയോയിൽ, അമേരിക്കയിൽ എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങൾ ലഭിച്ച് തുടങ്ങുമ്പോൾ യു.എസിലേക്ക് മടങ്ങുന്നത് പരിഗണിക്കുമെന്ന് അവർ പറഞ്ഞു.
അതേസമയം യു.എസ് നിയമപ്രകാരം,അമേരിക്കയിൽ ജനിച്ച ഒരു വ്യക്തിയുടെ പൗരത്വം റദ്ദാക്കാൻ പ്രസിഡന്റിന് അധികാരമില്ല. റോസി ഒ’ഡൊണൽ ന്യൂയോർക്കിലാണ് ജനിച്ചത്.
ജൂലൈ നാലിന് ടെക്സസിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 119 പേർ കൊല്ലപ്പെട്ടതിൽ റോസി ദുഖം രേഖപ്പെടുത്തുകയും പരിസ്ഥിതി നിരീക്ഷണത്തിനും ദുരന്ത പ്രവചന ഏജൻസികൾക്കുമുള്ള ഫണ്ട് മുമ്പ് വെട്ടിക്കുറച്ചതിന് ട്രംപ് ഭരണകൂടത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഈ മാസം ആദ്യം ഒരു ടിക് ടോക്ക് വീഡിയോയിലൂടെയായിരുന്നു റോസി തന്റെ വിമർശനം ഉന്നയിച്ചത്. ഈ വീഡിയോക്കുന്ന നേരിട്ടുള്ള പ്രതികരണമായിരുന്നു ട്രംപിന്റെ ഭീഷണി.
‘ടെക്സസിലേത് എന്തൊരു ഭീകരാവസ്ഥയാണ്. നിങ്ങൾക്കറിയാമോ, എല്ലാ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളും കാലാവസ്ഥാ പ്രവചന ഏജൻസികൾക്കുമുള്ള ഫണ്ട് വിഹിതം വെട്ടിക്കുറച്ച ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തികളുടെ ഫലമാണ് നാം ഇപ്പോൾ കാണുന്നത്,’ അവർ പറഞ്ഞു.
വെള്ളപ്പൊക്കത്തിൽ നിരവധി കുട്ടികൾ ഉൾപ്പെടെ 120 പേരുടെ ജീവൻ നഷ്ടപ്പെട്ടു. വെള്ളപ്പൊക്കത്തിന് മുമ്പ് കൂടുതൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സാധിക്കുമായിരുന്നെന്ന വിമർശനങ്ങൾ ട്രംപ് ഭരണകൂടത്തിന് നേരെ ഉയരുന്നുണ്ട്.
Content Highlight: Trump threatens to revoke Rosie O’Donnell’s U.S. citizenship