| Thursday, 11th June 2026, 9:26 pm

ഇറാനെ ഇന്ന് രാത്രി ശക്തമായി ആക്രമിച്ച് എണ്ണ വിപണി പിടിച്ചടക്കുമെന്ന് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ന് രാത്രി ഇറാനെ ശക്തമായി ആക്രമിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ ഖാര്‍ഗ് ദ്വീപും മറ്റ് എണ്ണ ഉത്പാദക കേന്ദ്രങ്ങളും യു.എസ് പിടിച്ചടക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ഖാര്‍ഗ് ദ്വീപ് വഴിയാണ് ഇറാന്റെ എണ്ണ കയറ്റുമതിയില്‍ ഭൂരിഭാഗവും നടക്കുന്നത്.

സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാന്റെ എണ്ണ, വാതക കമ്പോളത്തിന്റെ നിയന്ത്രണം യു.എസ് ഏറ്റെടുക്കുമെന്നും ട്രംപിന്റെ ട്രൂത്ത് പോസ്റ്റില്‍ പറയുന്നു. ഇറാന്റെ എല്ലാ പ്രതിരോധ സംവിധാനങ്ങളെയും തകര്‍ക്കുമെന്നും ട്രംപിന്റെ പോസ്റ്റില്‍ പറയുന്നു.

ഇറാനെതിരെ യു.എസ് വ്യോമാക്രമണങ്ങള്‍ ആരംഭിച്ചതിന് പിറകെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനിലെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലടക്കം യു.എസ് ആക്രമണമുണ്ടായതായാണ് വിവരം. ബന്ദര്‍ അബ്ബാസിലും, ഖെഷ്മ് ദ്വീപിലും സിരിക് മിനാബ് കരാജ് പട്ടണങ്ങളിലും ആക്രമണങ്ങളുണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണങ്ങളെന്ന് യു.എസ്. അവകാശപ്പെട്ടു.

രാജ്യത്തെ യു.എസ് ആക്രമണങ്ങളെ ഇറാന്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാറിനെ അര്‍ത്ഥശൂന്യമാക്കുന്നതാണ് യു.എസ് നടപടിയെന്ന് മന്ത്രാലയം വിമര്‍ശിച്ചു.

യു.എസ് ആക്രമണങ്ങളെത്തുടര്‍ന്ന് പശ്ചിമേഷ്യയിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് ഇറാനും ആക്രമണം നടത്തിയിരുന്നു. കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ അടക്കമുള്ള യു.എസ് സൈനിക കേന്ദ്രങ്ങളിലായിരുന്നു ഇറാന്റെ വ്യോമാക്രമണം.

നേരത്തെ യു.എസ് ആക്രമണങ്ങളെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചിടുകയാണെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. അര്‍ധ ഔദ്യോഗികമായ മാധ്യമങ്ങള്‍ വഴിയാണ് ഹോര്‍മുസ് പൂര്‍ണമായി അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചത്.

‘ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പലുകളും എണ്ണ ടാങ്കറുകളും ഉള്‍പ്പെടെ എല്ലാ ഗതാഗതവും അടച്ചുപൂട്ടാന്‍ രാജ്യത്തെ ഉന്നത സംയുക്ത സൈനിക കമാന്‍ഡ് ഉത്തരവിട്ടു,’ ഇറാന്റെ മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ ശക്തമായതായി റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്നും യു.എസില്‍ നിന്നും ഇത്തരത്തില്‍ വിവരം ലഭിച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനെ ആക്രമിക്കുന്നതിലൂടെ യു.എസിന് ഒന്നും നേടാനാവില്ലെന്നും ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നുൃം ഇറാന്‍ പക്ഷത്ത് നിന്ന് പ്രതികരണം ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സമാധാന ചര്‍ച്ചകളില്‍ ലെബബനനില്‍ ഇസ്രഈല്‍ തുടരുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെടുന്നുണ്ട്. ലബനന്‍ വിഷയത്തില്‍ പരിഹാരമില്ലാതെ സമാധാന ഉടമ്പടി സാധ്യമല്ലെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ലെബനനില്‍ ഇസ്രഈല്‍ ആക്രമണം തുടരുകയാണ്. ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി ലെബനന്റെ നാഷനല്‍ ന്യൂസ് ഏജന്‍സി (എന്‍.എന്‍.എന്‍) റിപ്പോര്‍ട്ട് ചെയ്തു. അല്‍ അബാസിയ നഗരത്തില്‍ നാല് പേരും ദേയ്ര്‍ ഖനൂനില്‍ നാല് പേരുമാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

Content Highlight: Trump threatens to hit Iran ‘very hard’ tonight

We use cookies to give you the best possible experience. Learn more