| Monday, 16th March 2026, 1:02 pm

ഹോര്‍മുസിലേക്ക് യുദ്ധക്കപ്പലുകള്‍ അയച്ചില്ലെങ്കില്‍ ഭാവി തന്നെ മോശമാകും; നാറ്റോയെ ഭീഷണിപ്പെടുത്തി ട്രംപ്

രാഗേന്ദു. പി.ആര്‍

ന്യൂയോര്‍ക്ക്: ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സഹായിച്ചില്ലെങ്കില്‍ ‘ഭാവി തന്നെ മോശ’മാകുമെന്ന് നാറ്റോയ്ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഭീഷണി.

നിലവില്‍ നേരിടുന്ന എണ്ണ പ്രതിസന്ധി പരിഹരിക്കാനും ഹോര്‍മുസ് കടലിടുക്ക് തുറക്കാനും ചൈനയുടെ സഹായവും ട്രംപ് ആവശ്യപ്പെട്ടു.

ചൈനീസ് എണ്ണ ഇറക്കുമതിയുടെ 90 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. അതുകൊണ്ട് തന്നെ ഹോര്‍മുസിലെ ഇടപെടല്‍ സംബന്ധിച്ച് ചൈനയുടെ നിലപാട് എന്തെന്ന് അറിയാന്‍ താത്പര്യമുണ്ടെന്നും ട്രംപ് പറഞ്ഞു.

ഹോര്‍മുസിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്നാണ് ട്രംപ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കപ്പലുകൾ വിന്യസിക്കുന്ന രാജ്യങ്ങളെ ഏകോപിപ്പിക്കാന്‍ അമേരിക്ക സഹായിക്കുമെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ലോകത്തെമ്പാടുമുള്ള രാജ്യങ്ങള്‍ക്കാവശ്യമായ എണ്ണ കടന്നുപോവുന്ന ഹോര്‍മുസ് കടലിടുക്ക് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അമേരിക്കയുടെ മാത്രം ചുമലില്‍ വെക്കരുത്. ഹോര്‍മുസില്‍ ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ നാവികസേനയെ വിന്യസിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ഇറാനെ ശക്തമായാണ് യു.എസ് നേരിടുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ സൈനികശേഷിയുടെ 100 ശതമാനവും ഇതിനകം നശിപ്പിച്ച് കഴിഞ്ഞു. പക്ഷേ ഒന്നോ രണ്ടോ ഡ്രോണുകള്‍ അയക്കാന്‍ അവര്‍ക്ക് ഇപ്പോഴും കഴിയും.

അല്ലെങ്കില്‍ ഈ ജലപാതയില്‍ എവിടെയെങ്കിലും ഒരു ക്ലോസ് റേഞ്ച് മിസൈല്‍ അയക്കാനും ഇറാന് കഴിഞ്ഞേക്കും. അതിനപ്പുറത്തേക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ട്രംപ് എഫ്.ടിയോട് ആവര്‍ത്തിച്ചു.

അതേസമയം യു.എസും ഇസ്രഈലും ആക്രമണം ശക്തമാക്കിയതോടെ ഇറാൻ ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പിന്നാലെ ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ രൂക്ഷമായ ഇന്ധനക്ഷാമമാണ് ഉണ്ടായത്.

ഹോര്‍മുസിലെ ഉപരോധം തങ്ങളുടെ ശത്രുക്കളെയും അവര്‍ക്ക് സഹായം നല്‍കുന്നവരെയും മാത്രം ബാധിക്കുന്നതാണെന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: Trump threatens NATO if warships are not sent to Hormuz, future will be bad

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more