| Tuesday, 11th November 2025, 8:57 am

എഡിറ്റ് ചെയ്ത പ്രസംഗം; ബി.ബി.സി 1 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം; ട്രംപിന്റെ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ബി.ബി.സി ഡോക്യുമെന്ററിയില്‍ തന്റെ പ്രസംഗം എഡിറ്റ് ചെയ്‌തെന്ന് ആരോപിച്ച് ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഡോക്യുമെന്ററി പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ ഒരു ബില്യണ്‍ നല്‍കണമെന്നുമാണ് ട്രംപിന്റെ അഭിഭാഷകര്‍ ബി.ബി.സിക്ക് അയച്ച നോട്ടീസില്‍ പറയുന്നത്. വെള്ളിയാഴ്ചയ്ക്കകം പനോരമ ഡോക്യുമെന്ററി പിന്‍വലിക്കണമെന്നാണ് അന്ത്യശാസനം.

കഴിഞ്ഞദിവസം വിവാദങ്ങളെ തുടര്‍ന്ന് രാജിവെച്ച ബി.ബി.സിയിലെ ഉന്നത ജീവനക്കാരുടെ നടപടിയെ ട്രംപ് സ്വാഗതം ചെയ്തു.

ട്രംപിന്റെ നോട്ടീസ് ലഭിച്ചെന്ന് ബി.ബി.സിയും സ്ഥീരീകരിച്ചു. ശരിയായ സമയത്ത് പ്രതികരിക്കുമെന്നും ബ്രീട്ടീഷ് മാധ്യമം അറിയിച്ചു.

കഴിഞ്ഞദിവസം ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പുറത്തുവിട്ടെന്ന വിവാദം ശക്തമായതോടെ ബി.ബി.സിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ രാജിവെച്ചിരുന്നു. ബി.ബി.സി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി, വാര്‍ത്താ വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഡെബോറ ടര്‍ണസ് എന്നിവരാണ് രാജിവെച്ചത്.

ബി.ബി.സി തയ്യാറാക്കിയ പനോരമ ഡോക്യുമെന്ററിയില്‍ ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ഉള്‍പ്പെടുത്തി തെറ്റിദ്ധാരണ പരത്തിയെന്നാണ് ഉയര്‍ന്ന വിവാദം.

2021ല്‍ ക്യാപിറ്റല്‍ ഹില്‍ കലാപത്തെ ട്രംപ് പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചെന്ന് തെറ്റിദ്ധരിപ്പിക്കാനായി രണ്ട് വ്യത്യസ്ത പ്രസംഗങ്ങളെ എഡിറ്റ് ചെയ്ത് ഒന്നാക്കിയെന്നാണ് ബി.ബി.സിക്കെതിരെ ഉയര്‍ന്ന ആരോപണം.

കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ചെയ്ത ട്രംപ്: എ സെക്കന്റ് ചാന്‍സ് എന്ന ഡോക്യുമെന്ററി സംബന്ധിച്ചാണ് വിവാദം. ബി.ബി.സി എഡിറ്റോറിയല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് കമ്മിറ്റി മുന്‍ ഉപദേഷ്ടാവ് മൈക്കല്‍ പ്രെസ്‌കോര്‍ട്ടില്‍ നിന്നും ചോര്‍ന്ന മാധ്യസ്ഥാപനത്തിലെ ആഭ്യന്തര റിപ്പോര്‍ട്ടാണ് വിവാദത്തിന് കാരണമായത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയങ്ങള്‍, ഗസയെ കുറിച്ചുള്ള ബി.ബി.സി കവറേജ് എന്നിവയിലുണ്ടായ വീഴ്ച, ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തത് തുടങ്ങിയ ബി.ബി.സിയുടെ പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്ന ആഭ്യന്തര റിപ്പോര്‍ട്ടാണ് ചോര്‍ന്നത്.

ഇത് ദി ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ ദുഷിച്ച മാധ്യമപ്രവര്‍ത്തകരെ തുറന്നുകാണിച്ച ടെലഗ്രാഫിന് നന്ദിയെന്ന് പറഞ്ഞ് ട്രംപ് ദി ട്രൂത്ത് സോഷ്യലിലൂടെ രംഗത്തെത്തിയിരുന്നു.

‘സത്യസന്ധരല്ലാത്ത ഇത്തരം മാധ്യമപ്രവര്‍ത്തകര്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനെ പോലും സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇതിനെല്ലാം അപ്പുറം ഇവര്‍ ഒരു വിദേശ രാജ്യത്തുനിന്നുള്ളവരാണ് എന്നതാണ് ശ്രദ്ധേയം. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും അടുത്ത സഖ്യരാഷ്ട്രത്തില്‍ നിന്നുള്ളവരാണ്. ജനാധിപത്യത്തില്‍ ഇതെന്തൊരു ദാരുണമായ സംഭവമാണ്,’ ട്രംപ് കുറിച്ചിരുന്നു.

ബി.ബി.സിയിലെ ഉദ്യോഗസ്ഥരുടെ രാജിയില്‍ സന്തോഷം പ്രകടിപ്പിച്ച് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റും രംഗത്തെത്തിയിരുന്നു.

100 ശതമാനം വ്യാജമെന്നും പ്രൊപഗണ്ട മെഷീന്‍ എന്നും ബി.ബി.സിയെ ആക്ഷേപിക്കുന്ന ടെലഗ്രാഫിന് നല്‍കിയ അഭിമുഖവും പങ്കിട്ടായിരുന്നു ലീവിറ്റിന്റെ എക്‌സ് പോസ്റ്റ്.

Content Highlight: Trump threatens BBC with $1 billion in damages over edited speech

We use cookies to give you the best possible experience. Learn more