| Friday, 6th March 2026, 12:34 pm

ഇറാന്റെ അടുത്ത നേതാവാരെന്ന് തീരുമാനിക്കുന്നതിൽ യു.എസിന് പങ്കുണ്ടായിരിക്കും: ട്രംപ്

മുഹമ്മദ് നബീല്‍

വാഷിങ്ടൺ: ഇറാന്റെ അടുത്ത നേതാവാരെന്ന് തീരുമാനിക്കുന്നതിൽ യു.എസിന് പങ്കുണ്ടായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ ടെലഫോൺ അഭിമുഖത്തിലാണ് ട്രംപ് പ്രതികരിച്ചത്.

‘ഇറാനുമായിച്ചേർന്ന് ഞങ്ങൾ അടുത്ത ഭരണാധികാരിയെ തീരുമാനിക്കാൻ പോവുകയാണ്, ഞങ്ങൾക്ക് അത് ചെയ്യേണ്ടതുണ്ട്,’ ട്രംപ് പറഞ്ഞു.

കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ മകൻ മുജ്തബ ഖാംനഇ ഇറാന്റെ അടുത്ത നേതാവാകാൻ സാധ്യതയില്ലെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.

താങ്കൾക് ഇറാന്റെ ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നതിൽ ഭാഗമാകണമെന്നും അങ്ങനെയാണെങ്കിൽ എല്ലാ അഞ്ച് വർഷം കൂടുമ്പോഴും ഇതുപോലെ ആക്രമിക്കേണ്ടിവരില്ലെന്നും ട്രംപ് റോയിട്ടേഴ്സിനോട് പറഞ്ഞു.

നാടിനും ജനങ്ങൾക്കും നന്മചെയ്യുന്ന ഒരു ഭരണാധികാരിയെയായിരിക്കും തങ്ങൾ തെരഞ്ഞെടുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനിൽനിന്നും നാടുകടത്തപ്പെട്ട അവസാന കിരീടാവകാശി ഷായുടെ മകൻ റെസ പഹ്‌ലവി ഭരണത്തിലെത്താൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് എല്ലാവരും ഇതിന്റെ ഭാഗമാണെന്നാണ് താൻ കരുതുന്നതെന്നും, അത് പറയാനുള്ള സമയമായിട്ടില്ലെന്നുമായിരുന്നു ട്രംപിന്റെ മറുപടി.

ഇറാൻ കുർദിഷ് സേനയോട് ആക്രമണ നടപടികളിലേക്ക് കടക്കണമെന്നും ട്രംപ് ആഹ്വാനം ചെയ്തു.

‘അവർ അത് ചെയ്താൽ നല്ലതായിരിക്കും, ഞാൻ അതിന് പൂർണ പിന്തുണ നൽകും,’ ട്രംപ് അഭിപ്രായപെട്ടു.

എന്നാൽ കുർദിഷുകൾ കൂലിക്ക് വെടി വയ്ക്കുന്ന തോക്കുകളല്ല എന്നും തങ്ങളെ വെറുതെ വിടണമെന്നുമായിരുന്നു ഇറാഖ് പ്രഥമ വനിത ട്രംപിന് നൽകിയ മറുപടി.

1991-ൽ സദ്ദാം ഹുസൈന്റെ ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാൻ കുർദുകളെ പ്രേരിപ്പിച്ചു, എന്നാൽ മുൻഗണനകൾ മാറിയപ്പോൾ അവർ തങ്ങളെ ഉപേക്ഷിച്ചു. ഭരണകൂടം പ്രക്ഷോഭം തകർക്കാൻ ഹെലികോപ്റ്റർ ഗൺഷിപ്പുകളും ടാങ്കുകളും വിന്യസിച്ചപ്പോൾ ആരും തങ്ങളെ പ്രതിരോധിക്കാൻ വന്നില്ല എന്നും അവർ പറഞ്ഞു.

Content Highlight:Trump tells US must have a role in choosing Iran’s next leader

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more