| Saturday, 4th October 2025, 5:47 pm

ഇസ്രഈലിനോട് ബോംബാക്രമണം നിര്‍ത്താന്‍ ട്രംപ്; ഗസ ഇപ്പോഴും പോരാട്ട മേഖലയാണെന്ന് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗസ പദ്ധതി ഹമാസ് ഭാഗികമായി അംഗീകരിച്ചതിന് ശേഷവും ഗസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രഈല്‍. അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രഈല്‍ ആക്രമണത്തില്‍ 20 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ഹമാസ് വെടിനിര്‍ത്തല്‍ അംഗീകരിച്ചതിന് പിന്നാലെ ട്രംപ് ഇസ്രഈലിനോട് ഗസയിലെ ബോംബാക്രമണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ നിരാകരിക്കുന്നതാണ് ഇസ്രഈലിന്റെ നടപടി.

ഫലസ്തീന് നേരെയുള്ള ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രഈലി സൈന്യം വ്യക്തമാക്കി. ഗസയുടെ വടക്കന്‍ പ്രദേശം പോരാട്ടമേഖലയായി തുടരുമെന്ന് ഇസ്രഈല്‍ പ്രതികരിച്ചു.

തകര്‍ന്നടിഞ്ഞ ഗസ നഗരം ഉള്‍പ്പെടുന്ന വാദി ഗസയുടെ വടക്ക് ഭാഗത്തെ ഇപ്പോഴും അപകടകരമായ യുദ്ധമേഖലയായാണ് കണക്കാക്കുന്നതെന്ന് ഇസ്രഈല്‍ സൈന്യം എക്‌സില്‍ കുറിച്ചു. വടക്കന്‍ പ്രദേശത്തെ ജനങ്ങളോട് തീരദേശ പാതയായ റാഷിദ് സ്ട്രീറ്റ് വഴി തെക്ക് ഭാഗത്തേക്ക് പലായനം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഗസയെ വളയുന്നത് തുടരുകയാണെന്നും ജനങ്ങള്‍ ഗസയിലേക്ക് മടങ്ങുന്നത് വലിയ അപകടമുണ്ടാക്കുമെന്നും ഇസ്രഈല്‍ സൈന്യത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

പലായനത്തോടെ തെക്കന്‍ ഗസയില്‍ ലക്ഷക്കണക്കിന് ഫലസ്തീനികളാണ് തിങ്ങിനിറഞ്ഞ് കഴിഞ്ഞുകൂടുന്നത്. ഒരിക്കല്‍ വടക്കന്‍ പ്രദേശത്തേക്ക് തിരിച്ചുപോകാമെന്ന പ്രതീക്ഷയിലാണ് ഈ ജനത.

അതേസമയം, യു.എസ് മുന്നോട്ടുവെച്ച ഗസ സമാധാന പദ്ധതിയിലെ എക്‌സ്‌ചേഞ്ച് ഫോര്‍മുല അനുസരിച്ച് എല്ലാ ബന്ദികളെയും വിട്ടയക്കാമെന്നും പദ്ധതിയിലെ നിരവധി കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും പദ്ധതി ഭാഗികമായി അംഗീകരിച്ച് ഹമാസ് പ്രതികരിച്ചിരുന്നു.

ഇതിനിടെ, ഗസ കരാര്‍ ഹമാസ് ഭാഗികമായി അംഗീകരിച്ചതിനെ സ്വാഗതം ചെയ്ത് ലോകരാജ്യങ്ങള്‍ രംഗത്തെത്തി. കാനഡ, ഫ്രാന്‍സ്, ഇന്ത്യ, യു.കെ, ഖത്തര്‍, തുര്‍ക്കി, ഈജിപ്ത്, ജര്‍മനി, ഇറ്റലി, അയര്‍ലന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളാണ് ഹമാസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തത്.

ഗസയില്‍ ശാശ്വത സമാധാനം കൈവരിക്കാനുള്ള സുപ്രധാന ചുവടുവെപ്പെന്നാണ് ഹമാസിന്റെ തീരുമാനത്തെ ലോകരാജ്യങ്ങള്‍ വിശേഷിപ്പിച്ചത്. കരാര്‍ മുന്നോട്ടുവെച്ച യു.എസ് പ്രസിഡന്റ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ചെയ്തു.

Content Highlight:  Trump tells Israel to stop bombing; Israel says Gaza is still a combat zone

We use cookies to give you the best possible experience. Learn more