| Thursday, 24th April 2025, 8:43 am

ട്രംപിന് വീണ്ടും തിരിച്ചടി; വോയിസ് ഓഫ് അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഫെഡറല്‍ ജഡ്ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. നിയവിരുദ്ധമായി ട്രംപ് സര്‍ക്കാര്‍ നിര്‍ത്തിവെച്ച ‘വോയിസ് ഓഫ് അമേരിക്ക’യുടെ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. ജഡ്ജി റോയ്സ് ലാംബര്‍ത്തിന്റേതാണ് ഉത്തരവ്.

യു.എസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റ് നെറ്റ് വര്‍ക്കാണ് വോയിസ് ഓഫ് അമേരിക്ക. രണ്ടാം ലോകമഹായുദ്ധ കാലത്ത് സ്ഥാപിതമായ വോയിസ് ഓഫ് അമേരിക്ക കഴിഞ്ഞ 83 വര്‍ഷമായി യു.എസില്‍ പ്രവര്‍ത്തകക്ഷമായ മാധ്യമസ്ഥാപനം കൂടിയാണ്.

മാര്‍ച്ച് പകുതിയോടെ വോയിസ് അമേരിക്കയ്ക്ക് നല്‍കുന്ന ഫണ്ടുകള്‍ വെട്ടികുറയ്ക്കാനും നൂറുക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുമാണ് ട്രംപ് ഉത്തരവിട്ടിരുന്നത്. എന്നാല്‍ ട്രംപിന്റെ നീക്കം വിവേചനപരമാണെന്ന് ജഡ്ജി ലാംബര്‍ത്ത് പറഞ്ഞു.

മാര്‍ച്ചില്‍ ഹരജി പരിഗണിച്ച കോടതി, 1300 ജീവനക്കാര്‍ അവധിയില്‍ പ്രവേശിച്ചതായി കണ്ടെത്തിയിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് മാര്‍ച്ച് അവസാനത്തോടെ പിരിച്ചുവിടുകയാണെന്ന് കാണിച്ച് ഇ-മെയിലുകള്‍ ലഭിക്കുകയിരുന്നു.

യു.എസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വി.ഒ.എയിലെ ജീവനക്കാരില്‍ ഭൂരിഭാഗവും കരാറുകാരാണ്. കരാര്‍ അടിസ്ഥാനത്തിലുള്ള ജീവനക്കാരില്‍ യു.എസ് പൗരന്മാര്‍ കുറവാണ്.

അതിനാല്‍ തന്നെ രണ്ടാമതും പ്രസിഡന്റായി അധികാരത്തിലേറിയ ശേഷം ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടിവ് ഉത്തരവ് അനുസരിച്ച് യു.എസ് പൗരന്മാരല്ലാത്ത ജീവനക്കാര്‍ ഇതിനകം അമേരിക്ക വിട്ടിട്ടുണ്ടാകും. അല്ലാത്തപക്ഷം ഇവര്‍ രാജ്യം വിടാനുള്ള ശ്രമത്തിലായിരിക്കും.

അതേസമയം പെര്‍മനന്റ് ജീവനക്കാരില്‍ ആരെയും ഇതുവരെ പിരിച്ചവിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജോലി ചെയ്യരുതെന്ന നിര്‍ദേശം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ഇടതുപക്ഷ ചായ്വ് അടക്കം ചൂണ്ടിക്കാട്ടിയാണ് വി.ഒ.എയുടെ പ്രവര്‍ത്തനങ്ങള്‍ ട്രംപ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചത്. എന്നാല്‍ വി.ഒ.എയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സര്‍ക്കാരിന്റെ ആരോപണങ്ങള്‍ തള്ളി.

സത്യന്ധമായതും നിക്ഷ്പക്ഷമായതും വസ്തുനിഷ്ഠമായതുമായ വാര്‍ത്തകളാണ് വി.ഒ.എ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ട്രംപ് നീക്കത്തെ എതിര്‍ത്തുള്ള ഫെഡറല്‍ കോടതിയുടെ ഉത്തരവ്.

‘ജനാധിപത്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിലും വ്യാജ വിവരങ്ങള്‍ക്കെതിരെ പോരാടുന്നതിലും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം വഹിക്കുന്ന പങ്കിന്റെ ശക്തമായ സ്ഥിരീകരണം,’ വി.ഒ.എയുടെ മാതൃ കമ്പനിയായ യു.എസ് ഏജന്‍സി ഫോര്‍ ഗ്ലോബല്‍ മീഡിയയിലെ തൊഴിലാളി യൂണിയന്‍ പ്രതികരിച്ചു.

നേരത്തെ യു.എസ് ഏജന്‍സി ഫോര്‍ ഗ്ലോബല്‍ മീഡിയയെയും ലക്ഷ്യമിട്ടുള്ള എക്‌സിക്യൂട്ടിവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചിരുന്നു.

Content Highlight: Trump suffers another setback; Federal judge orders Voice of America to resume operations

We use cookies to give you the best possible experience. Learn more