| Saturday, 19th July 2025, 8:38 am

ജെഫ്രി എപ്സ്റ്റീന് അയച്ച കത്തില്‍ ട്രംപ് നഗ്നസ്ത്രീയെ വരച്ചെന്ന്‌ റിപ്പോര്‍ട്ട്; വാള്‍ സ്ട്രീറ്റ് ജേര്‍ണലിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍ ജയിലില്‍ കിടക്കുമ്പോള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അശ്ലീല ഉള്ളടക്കമുള്ള കത്ത് അയച്ചെന്ന റിപ്പോര്‍ട്ടില്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ട്രംപ്.

10 ബില്യണ്‍ ഡോളര്‍ അഥവാ 1000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ഉടമ റൂപേര്‍ട്ട് മര്‍ഡോക്ക് മറ്റ് രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ ട്രംപ് കേസ് ഫയല്‍ ചെയ്തത്. ഇവരുടെ പ്രവര്‍ത്തി ദുരുദ്ദേശത്തോട് കൂടിയുള്ളതും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അത് തനിക്ക് മാനനഷ്ടം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാണിച്ചാണ് ഫ്‌ളോറിഡ സതേണ്‍ ഡിസ്ട്രിക്ടിലെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

നിങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റായ തനിക്ക് വേണ്ടി മാത്രമല്ല, വ്യാജ വാര്‍ത്താ മാധ്യമങ്ങളുടെ തെറ്റുകള്‍ സഹിക്കാത്ത എല്ലാ അമേരിക്കക്കാര്‍ക്കും വേണ്ടി നിലകൊള്ളുന്നതിനായാണ് ഈ കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. വാള്‍ സ്ട്രീറ്റ് ജേണലിനെ ചവറ് പത്രം എന്ന് വിളിച്ച് പരിഹസിക്കുന്നുമുണ്ട് ട്രംപ്.

2003ല്‍ ജെഫ്രി എപ്സ്റ്റീന് ജന്മദിനാശംസ നേര്‍ന്ന് അയച്ച കത്തില്‍  ട്രംപ് ഒരു നഗ്നയായ സ്ത്രീയുടെ ദൃശ്യം വരച്ച് ചേര്‍ത്തിരുന്നു എന്നായിരുന്നു വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ ആ കത്തില്‍ തങ്ങളുടെ രഹസ്യം എന്നും അങ്ങനെത്തന്നെയിരിക്കട്ടെയെന്നും ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിയവെയാണ് 2019ല്‍ എപ്സ്റ്റീന്‍ തൂങ്ങിമരിച്ചത്. എന്നാല്‍ എപ്സ്റ്റീന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ഒരു വിഭാഗം ഉന്നയിച്ചിരുന്നു. എപ്സ്റ്റീന്റെ ക്ലൈന്റുകളില്‍ ട്രംപും ഉള്‍പ്പെട്ടിരുന്നുവെന്ന് വ്യാപകമായി ആരോപണമുണ്ടായിരുന്നു.

10 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം എന്നത് മാനനഷ്ടക്കേസുകളിലെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ്. എപ്സ്റ്റീന്‍ അറസ്റ്റിലാകുന്നതിന് മൂന്ന് വര്‍ഷം മുമ്പ്, മറ്റൊരാള്‍ക്ക് നല്‍കിയ ജന്മദിന കത്തുകളുടെ സമാഹാരത്തിലാണ് ട്രംപിന്റെ കത്തുള്ളതെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

നേരത്തെ എപ്സ്റ്റീന് ഫയലുകളില്‍ ട്രംപിന്റെ പേരുണ്ടെന്ന് ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ആ പരാമര്‍ശം പിന്‍വലിച്ചിരുന്നു. കഴിഞ്ഞ ദിവസവും എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത് വിടുമെന്ന വാഗ്ദാനം ട്രംപ് പാലിച്ചില്ലെന്ന് മസ്‌ക് പറഞ്ഞിരുന്നു. എപ്സ്റ്റീന്റെ ഒരു ക്ലൈന്റിനേയും ഇത് വരെ പ്രോസിക്യൂട്ട് ചെയ്തിട്ടില്ലെന്നും മസ്‌ക് വിമര്‍ശിച്ചിരുന്നു.

Content Highlight: Trump sues Wall Street Journal over Epstein report

We use cookies to give you the best possible experience. Learn more