| Wednesday, 2nd September 2026, 11:18 pm

ഹോര്‍മുസ് കടലിടുക്കല്ല, ട്രംപ് കടലിടുക്ക്; കപ്പല്‍ പാതയുടെ പേര് മാറ്റാന്‍ യു.എസ് പ്രസിഡന്റ്

റെന്വര്‍ പി

വാഷിങ്ടണ്‍: തന്ത്രപ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ പേര് മാറ്റണമെന്ന നിര്‍ദേശവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപ് കടലിടുക്ക് (സ്‌ട്രെയിറ്റ് ഓഫ് ട്രംപ്) എന്ന് ഹോര്‍മുസിന്റെ പേര് മാറ്റാമെന്നാണ് ട്രംപ് നിര്‍ദേശിച്ചിരിക്കുന്നത്.

സമൂഹമാധ്യമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് ട്രംപ് ഈ കാര്യം പറഞ്ഞത്. ഹോര്‍മുസ് ഇപ്പോള്‍ യു.എസിന്റെ നിയന്ത്രണത്തിലാണെന്നും പോസ്റ്റില്‍ ട്രംപ് അവകാശപ്പെടുന്നു.

‘ഇപ്പോള്‍ അത് യു.എസ്.എയുടെ നിയന്ത്രണത്തിലാണ്, ഹോര്‍മുസ് കടലിടുക്കിന്റെ പേര് ട്രംപ് കടലിടുക്ക് എന്ന് മാറ്റണോ? അപ്പോള്‍ മുമ്പത്തേക്കാളും ഹോട്ട് ആയിരിക്കും, അമേരിക്കയെപ്പോലെ’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

നേരത്തെ കാനഡയ്ക്കും യു.എസിനും ഇടയിലെ ഒന്റാരിയോ തടാകത്തിന്റെ പേര് മാറ്റണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ‘ലേക്ക് അമേരിക്ക’ എന്ന് ഒന്റാരിയോ തടാകത്തിന്റെ പേര് മാറ്റണമെന്നായിരുന്നു ട്രംപ് ഒരാഴ്ച മുമ്പ് ട്രൂത്ത് സോഷ്യലില്‍ കുറിച്ച ഒരു പോസ്റ്റില്‍ പറഞ്ഞത്. യു.എസ്- കാനഡ വ്യാപാര പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

മാസങ്ങളായി തുടരുന്ന യു.എസ്- ഇറാന്‍ സംഘര്‍ഷത്തിനിടെ അടുത്തിടെയായി ഹോര്‍മുസുമായി ബന്ധപ്പെട്ട് ട്രംപ് വിവിധ അവകാശ വാദങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതില്‍ ഒടുവിലത്തേതാണ് ഹോര്‍മുസിന്റെ പേര് മാറ്റാമെന്ന നിര്‍ദേശം.

ഹോര്‍മുസ് കടലിടുക്ക് യു.എസിന്റെ ഒരു ടെറിട്ടറിയാണെന്ന് ട്രംപ് അടുത്തിടെ ഒന്നിലധികം തവണ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 18ന് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു ട്രംപ് ആദ്യം ഈകാര്യം അവകാശപ്പെട്ടത്. പിന്നീട് സൗത്ത് കരോലിനയില്‍ ഒരു റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ട്രംപ് അവകാശ വാദം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ഹോര്‍മുസ് കടലിടുക്കിന്റെ മാപ്പും യു.എസിന്റെ പുതിയ ടെറിട്ടറി എന്ന വാചകവും അടങ്ങിയ ഇമേജ് ആയിരുന്നു ഓഗസ്റ്റ് 18ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ചത്. മാപ്പില്‍ ഹോര്‍മൂസ് കടലിടുക്കിനെ പ്രത്യേകം പേരെഴുതി മാര്‍ക്ക് ചെയ്തിരുന്നു.

ഓഗസ്റ്റ് 22നായിരുന്നു സൗത്ത് കരോലിനയിലെ റാലിയില്‍ ട്രംപ് തന്റെ അവകാശ വാദം ആവര്‍ത്തിച്ചത്. യു.എസ്-ഇറാന്‍ കരാറിനെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ പരാമര്‍ശം.

ഇറാന് കരാര്‍ ആവശ്യമാണെന്നും എന്നാല്‍ യു.എസിന് ഇപ്പോള്‍ ഹോര്‍മുസ് തങ്ങളുടെ ടെറിട്ടറി ആയതിനാല്‍ ആ കരാര്‍ ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ‘അവര്‍ക്ക് ഒരു കരാര്‍ വല്ലാതെ ആവശ്യമാണ്. പക്ഷേ യു.എസിന് ആ കരാര്‍ വേണമോ വേണ്ടയോ എന്നറിയില്ല. കാരണം ഹോര്‍മുസ് ഇപ്പോള്‍ ഒരു അമേരിക്കന്‍ ടെറിട്ടറിയാണ്,’ എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.

അതേസമയം, ഹോര്‍മുസില്‍ തങ്ങളുടെ നിയമങ്ങള്‍ പാലിക്കാതെ സഞ്ചരിച്ച 11 കപ്പലുകളെ കൂടി കരിമ്പട്ടികയില്‍ പെടുത്തിയെന്ന് ഇറാന്റെ പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയിറ്റ് അതോറിറ്റി (പി.ജി.എസ്.എ) അറിയിച്ചു. വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ഈ കപ്പലുകള്‍ കടത്തിവിടുന്നത് തടഞ്ഞുവെന്നും പി.ജി.എസ്.എ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനുള്ള നിയമങ്ങള്‍ ലംഘിച്ചുവെന്ന് പറഞ്ഞ് 45 ടാങ്കറുകളെ ഇറാന്‍ ഇത്തരത്തില്‍ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. ആകെ 56 കപ്പലുകളെയാണ് പി.ജി.എസ്.എ നിലവില്‍ തടഞ്ഞിട്ടുള്ളത്.

നിരോധിത കപ്പലുമായി സഹകരിക്കുന്ന ഏതൊരു കപ്പലിനെയും കരിമ്പട്ടികയില്‍ ചേര്‍ക്കുമെന്നും പി.ജി.എസ്.എ മുന്നറിയിപ്പ് നല്‍കി. കടലിടുക്കിലൂടെ സഞ്ചരിക്കാന്‍ കപ്പലുകള്‍ ഔപചാരിക അപേക്ഷ സമര്‍പ്പിക്കണമെന്നും പി.ജി.എസ്.എ അവരുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരുന്നു.

ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം തടയുന്ന മൈനുകള്‍ നീക്കം ചെയ്തായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് യു.എസ് നിയന്ത്രണത്തിലായതായി ട്രംപ് അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കടലിടുക്കില്‍ ഇപ്പോഴും മൈനുകള്‍ സജീവമാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: ‘Trump Strait’: US President’s idea of renaming Strait of Hormuz

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more