ടെല്‍അവീവ്: ട്രംപ് തങ്ങളെ വിറ്റുവെന്ന് ഇസ്രഈല്‍. ഇറാനുമായി സമാധാന കരാറില്‍ ഒപ്പുവെക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇസ്രഈലില്‍ അരങ്ങേറുന്നത്. ട്രംപിനെതിരെയും നെതന്യാഹുവിനെതിരെയും കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ട്രംപിന്റെ സമാധാന കരാറിനെ എതിര്‍ത്തുകൊണ്ട് നിരവധി മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. ഈ സമാധാന കരാര്‍കൊണ്ട് ഒരു തരത്തിലുള്ള നേട്ടവുമില്ലെന്നും രാജ്യത്തിന്റെ ലക്ഷ്യങ്ങളൊന്നും നടപ്പിലാവില്ലെന്നും ഇസ്രഈല്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് പറഞ്ഞു. ഇത് നെതന്യാഹുവിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമായുള്ള അമേരിക്കയുടെ കരാര്‍ ഇസ്രഈലിന് യാതൊരുവിധത്തിലുള്ള സുരക്ഷിതത്വവും നല്‍കുന്നില്ലെന്നും ഇത് ലോകത്തിന് തന്നെ ആപത്താണെന്നും ഇസ്രഈല്‍ ധനകാര്യ മന്ത്രി ബെസലെല്‍ സ്‌മോട്രിച്ച് പറഞ്ഞു.ലെബനനെ തുടര്‍ന്നും ആക്രമിക്കാനുള്ള പൂര്‍ണ സ്വാതന്ത്രം സൈന്യത്തിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രഈലിന്റെ സുരക്ഷ അപകടത്തിലാണെന്ന് കണ്ടാല്‍ ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുമെന്നും അവരുടെ തലതാഴ്ത്തിക്കുമെന്നും സാംസ്‌കാരിക മന്ത്രി മിക്കി സോഹാര്‍ പറഞ്ഞു.
‘ഇസ്രഈല്‍ അമേരിക്കയുടെ കീഴിലുള്ള ഒരു രാജ്യമല്ല. നമ്മള്‍ പരമാധികാരമുള്ള ഒരു സ്വതന്ത്ര രാജ്യമാണ്. ബനാന റിപ്പബ്ലിക്കല്ല,’ ദേശീയ പ്രതിരോധ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ പറഞ്ഞു.
എന്നാല്‍ കരാറുമായി ബന്ധപ്പെട്ട് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പരസ്യ പ്രസ്താവനയൊന്നും തന്നെ നടത്തിയിട്ടില്ല. അതേസമയം ഇസ്രഈല്‍ കരാറില്‍ ഉള്‍പ്പെടില്ലെന്നും ലെബനനെ സംബന്ധിച്ച ഇറാന്റെ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്നും നെതന്യാഹു ട്രംപിനോട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ യെനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
ലെബനന്‍, സിറിയ, ഗസ എന്നിവിടങ്ങളില്‍ ഇസ്രഈല്‍ സൈന്യം തുടരുമെന്നും നെതന്യാഹു പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെ പ്രതിധ്വനിപ്പിച്ച് കൊണ്ടുള്ളതായിരുന്നു ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സിന്റെയും പ്രസ്താവന.
ലക്ഷ്യം പൂര്‍ത്തിയാക്കാതെയുള്ള പിന്മാറ്റാമാണെന്നും ചരിത്രം സൃഷ്ടിക്കാനുള്ള അവസരമാണ് ഇല്ലാതാക്കിയതെന്നും സമാധാന കരാറിനെ കുറിച്ച് ഇസ്രഈലിലെ സാധാരണക്കാരായ ആളുകള്‍ പ്രതികരിച്ചതായി ആര്‍.ടിന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലിലെ പ്രതിപക്ഷ കക്ഷികള്‍ ഈ കരാറിനെ പ്രധാനമന്ത്രി നെതന്യാഹുവിന്റെ നയതന്ത്ര പരാജയമായാണ് ചിത്രീകരിക്കുന്നത്. ഡെമോക്രാറ്റ്‌സ് പാര്‍ട്ടി നേതാവ് യെയര്‍ ഗോലാന്‍ നെതന്യാഹുവിനെ ‘ദുര്‍ബലനും ഒറ്റപ്പെട്ടവനും’ എന്ന് വിശേഷിപ്പിച്ചു.
ട്രംപ് ഒപ്പുവെച്ച കരാര്‍ ഇറാന്റെ ആണവ പദ്ധതികളെ തൊടാതെ, അവര്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ മരവിപ്പിച്ച ആസ്തികള്‍ തിരികെ നല്‍കുന്നതാണെന്നും ഇതിലൂടെ ഇസ്രഈല്‍ കൂടുതല്‍ ദുര്‍ബലമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ടും മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും നെതന്യാഹു സര്‍ക്കാരിന്റെ തന്ത്രപരമായ പരാജയമാണ് ഇപ്പോള്‍ കാണുന്നതെന്നും, ഇസ്രായേലിന്റെ ഒരു സുരക്ഷാ പ്രശ്‌നവും പരിഹരിക്കാന്‍ ഈ കരാറിന് സാധിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
Content Highlight: Trump sold out Israel; Protests in Israel after peace deal with Iran