കെയ്‌റോ: ചരിത്ര പ്രാധാന്യമുള്ള ഗസ സമാധാന കരാറില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഈജിപ്തില്‍ നടന്ന ഷാം എല്‍ ഷെയ്ക്ക് ഉച്ചകോടിയില്‍ വെച്ചാണ് ട്രംപ് ഒപ്പുവെച്ചത്. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ മധ്യസ്ഥ രാഷ്ട്രങ്ങളും കരാറില്‍ ഒപ്പുവെച്ചു.
ഗസയില്‍ രണ്ടുവര്‍ഷമായി ഇസ്രഈല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാനായി അന്താരാഷ്ട്ര പിന്തുണ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എസ്-ഈജിപ്ത് പ്രസിഡന്റുമാര്‍ സംയുക്തമായി സമാധാനത്തിനുള്ള ഉച്ചകോടി സംഘടിപ്പിച്ചത്.
തുര്‍ക്കി, ജോര്‍ദാന്‍, യു.കെ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂണിയന്‍ എന്നീ അന്താരാഷ്ട്ര സംഘടനകളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, രണ്ട് വര്‍ഷമായി തുടരുന്ന ഇസ്രഈല്‍ ആക്രമണം അവസാനിപ്പിക്കാനായി ട്രംപ് മുന്നോട്ട് വെച്ച വെടി നിര്‍ത്തല്‍ കരാര്‍ ഹമാസും ഭാഗികമായി അംഗീകരിച്ചതോടെ വെള്ളിയാഴ്ച മുതല്‍ ഗസയില്‍ വെടി നിര്‍ത്തല്‍ നിലവില്‍ വന്നു.
ഇതോടെ ഗസയില്‍ നിന്നും പലായനം ചെയ്ത ഫലസ്തീനികള്‍ തിരികെയെത്താനുള്ള ശ്രമങ്ങളിലാണ്.
ഗസയില്‍ കടുത്ത ആക്രമണം നേരിട്ടതോടെ 90 ശതമാനം ജനങ്ങളും പലായനം ചെയ്തിരുന്നു. ഏകദേശം രണ്ട് ലക്ഷത്തോളമുണ്ടായിരുന്ന ആകെയുള്ള ജനസംഖ്യയിലെ 67,000ത്തിലേറെ പൗരന്മാരാണ് ഗസയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടത്.
Content Highlight: Trump signs Gaza peace deal; hailed as historic moment after 3,000 years