വാഷിങ്ടണ്‍: 43 ദിവസങ്ങള്‍ക്ക് ശേഷം യു.എസിലെ ഷട്ട്ഡൗണ്‍ അവസാനിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ധനാനുമതി ബില്ലില്‍ ഒപ്പുവെച്ചതോടെയാണ് അമേരിക്കയിലെ അടച്ചുപൂട്ടല്‍ അവസാനിച്ചത്. സര്‍ക്കാരിന്റെ ദൈന്യദിന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ സാധാരണ നിലയിലാകുമെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു മാസത്തിലധികം നീണ്ടുനിന്ന അടുച്ചുപൂട്ടലിന് ശേഷമാണ് യു.എസ് കോണ്‍ഗ്രസ് ട്രംപ് സര്‍ക്കാരിന്റെ ധനാനുമതി ബില്ലിന് അംഗീകാരം നല്‍കിയത്. 222ല്‍ 209 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. എട്ട് ഡെമോക്രറ്റുകളും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു.
‘അടുത്ത തെരഞ്ഞെടുപ്പില്‍ ഈ അടച്ചുപൂട്ടലിനെ കുറിച്ച് യു.എസ് ജനത ഓര്‍ത്തിരിക്കണം. ഡെമോക്രറ്റുകള്‍ നമ്മുടെ രാജ്യത്തെ കൊള്ളയടിക്കാന്‍ ശ്രമിച്ചു. ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ കഷ്ടപ്പെടുന്നതില്‍ ഡെമോക്രാറ്റുകള്‍ സന്തുഷ്ടരായിരുന്നു. രാഷ്ട്രീയ കാരണങ്ങളാണ് അടച്ചുപൂട്ടല്‍ ഉണ്ടായത്,’ ബില്ലില്‍ ഒപ്പുവെച്ച ശേഷം ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ധനാനുമതി ബില്ലില്‍ ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെ ‘നമ്മള്‍ വളരെ വേഗം തിരിച്ചെത്തി’യിരിക്കുന്നുവെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഡെമോക്രാറ്റുകള്‍ യു.എസിനെ അടച്ചുപൂട്ടിയെന്നും രാജ്യത്തെ കൊള്ളയടിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് മുമ്പില്‍ റിപ്പബ്ലിക്കന്മാര്‍ വഴങ്ങില്ലെന്നും വൈറ്റ് ഹൗസ് എക്സില്‍ കുറിച്ചു.
യു.എസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷട്ട്ഡൗണ്‍ കാലഘട്ടം കൂടിയായിരുന്നു ഇത്. ട്രംപിന്റെ ആദ്യ ടേമില്‍ യു.എസ് 35 ദിവസം നീണ്ടുനിന്ന അടച്ചുപൂട്ടല്‍ നേരിട്ടിരുന്നു.
എന്നാല്‍ ഏറ്റവും ഒടുവിലത്തെ ഷട്ട്ഡൗണ്‍ യു.എസിനെ സാമ്പത്തികമായി ഉലച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രധാനപ്പെട്ട 40 വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ അടച്ചുപൂട്ടലില്‍ പ്രതിസന്ധിയിലായിരുന്നു.
2026ന്റെ തുടക്കം വരെയുള്ള ചെലവുകള്‍ക്കായി 12ഓളം ബില്ലുകളാണ് യു.എസ് സെനറ്റ് പാസാക്കേണ്ടത്. എന്നാല്‍ ഈ ബില്ലുകളില്‍ ആരോഗ്യ രംഗത്തേക്കുള്ള ഒബാമ കെയര്‍ സബ്‌സിഡികള്‍ അടക്കം ഉറപ്പാക്കണമെന്ന ഡെമോക്രാറ്റുകളുടെ നിര്‍ദേശം ട്രംപിനെ ചൊടിപ്പിക്കുകയായിരുന്നു. പുതിയ ചെലവുകള്‍ ഒന്നും തന്നെ ബില്ലില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടാണ് ട്രംപും വൈറ്റ് ഹൗസും സ്വീകരിച്ചത്.
Content Highlight: Trump signs funding bill; US shutdown ends after 43 days