| Thursday, 31st July 2025, 6:53 am

ഇന്ത്യയ്ക്ക് തീരുവ, പാകിസ്ഥാന് കരാര്‍; എണ്ണശേഖരവികസനത്തിനായി കരാറൊപ്പിട്ട് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് 25% താരിഫ് ചുമത്തിയതിന് പിന്നാലെ പാകിസ്ഥാനുമായി നിര്‍ണായക കരാറില്‍ ഒപ്പിട്ട് അമേരിക്ക. പാക് എണ്ണശേഖരങ്ങളുടെ വികസനത്തിനായാണ് അമേരിക്കയും പാകിസ്ഥാനും കരാറിലെത്തിയത്. ഒരു ദിവസം പാകിസ്ഥാന്‍ ഇന്ത്യക്ക് എണ്ണ വില്‍ക്കുമെന്നും കരാറിന്റെ പശ്ചാത്തലത്തില്‍ ട്രംപ് പറഞ്ഞു.

പാകിസ്ഥാന്റെ എണ്ണശേഖരം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. എന്നാല്‍ ഏത് എണ്ണ കമ്പനിയാണ് കരാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് എണ്ണ കയറ്റി അയക്കില്ലെന്ന് ആര്‍ക്ക് പറയാന്‍ സാധിക്കുമെന്നും ട്രംപ് ചോദിച്ചു.

‘പാകിസ്ഥാനുമായി ഞങ്ങള്‍ ഒരു കരാറില്‍ ഒപ്പുവെച്ചു. ഈ കരാറിലൂടെ പാകിസ്ഥാനും അമേരിക്കയും അവരുടെ എണ്ണശേഖരം വമ്പിച്ച രീതിയില്‍ വികസിപ്പിക്കുന്നതില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും,’ അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇന്ത്യക്ക് കനത്ത തിരിച്ചടിയാവുന്ന നടപടിയാണ് ട്രംപിന്റേത്. ഇന്നലെ ഇന്ത്യക്ക് 25% താരിഫ് ചുമത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം. റഷ്യയില്‍ നിന്ന് എണ്ണയും ആയുധവും ഇറക്കുമതി ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഇന്ത്യക്ക് മേല്‍ തീരുവ പ്രഖ്യാപിച്ചത്. റഷ്യയുമായുള്ള വ്യാപാരം തുടര്‍ന്നാല്‍ പിഴ ചുമത്തുമെന്നും ട്രംപ് പറയുകയുണ്ടായി.

റഷ്യയുമായുള്ള വ്യാപാരം ഇന്ത്യക്ക് നല്ലതല്ലെന്നും ഉക്രൈനിലെ ആക്രമണം റഷ്യ അവസാനിപ്പിക്കണമെന്ന് ഏവരും ആഗ്രഹിക്കുമ്പോള്‍ ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നുവെന്ന് പറഞ്ഞാണ് ട്രംപ് രാജ്യത്തിന് മേല്‍ താരിഫ് ചുമത്തിയത്.

നാളെ (ഓഗസ്റ്റ് 1) മുതല്‍ പുതിയ താരിഫ് നിലവില്‍ വരുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇന്ത്യ നമ്മുടെ സുഹൃത്ത് ആണെങ്കിലും ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന താരിഫുകള്‍ ചുമത്തുന്ന രാജ്യമാണ് അവരെന്ന് ട്രംപ് പറഞ്ഞു. ഇക്കാരണങ്ങളാല്‍ യു.എസ് കുറച്ച് കാലങ്ങളായി ഇന്ത്യയുമായി വളരെ കുറച്ച്‌ വ്യാപാരമെ നടത്താറുള്ളുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

അതേസമയം അമേരിക്കയുടെ താരിഫ് പ്രഖ്യാപനം പരിശോധിച്ച് വരികയാണെന്നും ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചു. യു.എസ് പ്രസിഡന്റിന്റെ പ്രസ്താവന ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നുംഅതിന്റെ പ്രത്യാഘാതങ്ങള്‍ പഠിച്ച് വരികയാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

കര്‍ഷകരുടേയും ചെറുകിയ സംരഭകരുടേയും ക്ഷേമം ഉറപ്പ് വരുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Trump signs deal to develop Pakistan’s oil reserves

We use cookies to give you the best possible experience. Learn more