| Tuesday, 21st January 2025, 9:23 am

പനാമയെ വിടാതെ ട്രംപ്; 'സമ്മാനമായി നല്‍കിയ' കനാല്‍ തിരിച്ചെടുക്കുമെന്ന് പ്രഖ്യാപനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: 47ാമത് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ പനാമ കനാല്‍ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ഒരു സമ്മാനമായി പനാമയ്ക്ക് നല്‍കിയതാണ് കനാല്‍ എന്നും എന്നാല്‍ ഇപ്പോള്‍ അത് ശത്രുക്കുടെ കൈകളില്‍ അകപ്പെട്ടതിനാല്‍ കനാല്‍ തിരിച്ചെടുക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്.

ചൈന പനാമ കനാലില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ കനാല്‍ ഞങ്ങള്‍ പനാമയ്ക്കാണ് നല്‍കയതെന്നും പറഞ്ഞ ട്രംപ് അത് ഉടന്‍ തിരിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചു. ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന സത്യപ്രതിജ്ഞയ്ക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

‘ഞങ്ങളുടെ കരാറിന്റെ ഉദ്ദേശ്യവും ഞങ്ങളുടെ ഉടമ്പടിയുടെ പൂര്‍ണമായും ലംഘിക്കപ്പെട്ടു. കനാലില്‍വെച്ച് അമേരിക്കന്‍ കപ്പലുകള്‍ അമിതമായി ചാര്‍ജ്ജ് ചെയ്യപ്പെടുന്നു. ഇത് ഒരു തരത്തിലും ന്യായീകരിക്കപ്പെടില്ല. എല്ലാറ്റിനുമുപരിയായി, ചൈന പനാമ കനാല്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഞങ്ങള്‍ അത് ചൈനയ്ക്ക് നല്‍കിയതല്ല, പനാമയ്ക്കാണ് നല്‍കിയത്. അത് തിരിച്ചെടുക്കുകയാണ്,’ ട്രംപ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

അതേസമയം ട്രംപിന്റെ ഈ പ്രഖ്യാപനത്തെ പനാമ നിരസിക്കുകയാണുണ്ടായത്. രാജ്യത്തെ പ്രധാന വ്യാപാര പാത പനാമയുടെ കൈകളില്‍ തന്നെ നിലനില്‍ക്കുമെന്ന് പനാമ പ്രസിഡന്റ് ജോസ് റൗല്‍ മുലിനോ അറിയിച്ചു.

പനാമ കനാല്‍ പിടിച്ചെടുക്കുമെന്ന് ഇതിന് മുമ്പെയും ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. വേനല്‍ക്കാലം അടുത്തതോടെ പനാമ കനാലിലേക്ക് വെള്ളം എത്തിക്കുന്ന ഗെതുന്‍ തടാകത്തിലെ ജലലഭ്യത കുറഞ്ഞതോടെ ജനുവരി മുതല്‍ കനാല്‍ വഴിയുള്ള ഷിപ്പിങ്ങ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ പനാമ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

ഇതോടെ കനാലിന്റെ സഖ്യകക്ഷിയായ യു.എസിന് കനാല്‍ തിരികെ നല്‍കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. കനാലിന്റെ നിര്‍മാണത്തില്‍ 38,000 അമേരിക്കകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

പസഫിക് സമുദ്രത്തെ അറ്റ്ലാന്റിക് സമുദ്രവുമായി യോജിപ്പിക്കുന്ന കനാല്‍ നിര്‍മാണത്തിന് നേതൃത്വം കൊടുത്തത് അമേരിക്കയിലെ വന്‍കിട കമ്പനികളായിരുന്നു. അക്കാലത്ത് കൊളംബിയയുടെ ഭാഗമായിരുന്നു പനാമ. അന്ന് ഒരുകോടി ഡോളര്‍ നല്‍കി കനാലിന്റെ മേല്‍നോട്ടം നൂറ് വര്‍ഷത്തേക്ക് കൈക്കലാക്കാന്‍ അമേരിക്കയുടെ ശ്രമിച്ചു.

ഇതിനെത്തുടര്‍ന്ന് 1903ലാണ് കൊളംബിയ-യു.എസ് പ്രതിനിധികള്‍ കരാറില്‍ ഒപ്പുവെച്ചു. എന്നാല്‍ ആ കരാറിന് ബൊളീവിയന്‍ സെനറ്റ് അംഗീകാരം നല്‍കാതിരുന്നതോടെ പനാമയെ കൊളംബിയയില്‍ നിന്ന് അടര്‍ത്തി മാറ്റി പ്രത്യേക രാജ്യമാക്കി യു.എസ് മാറ്റി. എന്നിട്ട് കരാര്‍ പാസാക്കിയെടുക്കുകയും ചെയ്തു.

എന്നാല്‍ 1968ല്‍ പനാമയില്‍ അധികാരത്തില്‍ വന്ന ഒമര്‍ തുറിഹോസ് രാജ്യത്തിന് കനാലിന് മേലുള്ള അവകാശവാദം ശക്തമാക്കിയതോടെ കനാല്‍ പനാമയ്ക്ക് കൈമാറണമെന്ന ആവശ്യം ശക്തമായി. ഇതോടെ 1977ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ജിമ്മി കാര്‍ട്ടര്‍ കനാലിന്റെ അവകാശം പനാമയ്ക്ക് കൈമാറിക്കൊണ്ടുള്ള കരാറില്‍ ഒപ്പുവെച്ചു. എന്നാല്‍ കരാര്‍ ഒപ്പിട്ട് നാല് വര്‍ഷത്തിനുള്ളില്‍ തുറിഹോസ് കൊല്ലപ്പെട്ടു.

പിന്നീടങ്ങോട്ടുള്ള കാലം അമേരിക്കയും പനാമയും തമ്മിലുള്ള ബന്ധം പൊതുവെ സൗഹാര്‍ദപരം ആയിരുന്നു. എന്നാല്‍ സി.ഐ.എയുടെ അടുപ്പക്കാരനെന്ന് അറിയപ്പെട്ടിരുന്ന മാന്വല്‍ നൊറീയേഗ അധികാരത്തിലേറ്റി കനാല്‍ തിരിച്ച് പിടിക്കാമെന്ന് അമേരിക്ക ആഗ്രഹിച്ചെങ്കിലും അദ്ദേഹം സ്വതന്ത്ര നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ അമേരിക്കക്ക് വീണ്ടും തിരിച്ചടിയായി.

പിന്നീടിപ്പോഴാണ് കനാലിന്റെ പേരിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം ഉടലെടുക്കുന്നത്.

Content Highlight: Trump Says US will Take Back Panama Canal 

We use cookies to give you the best possible experience. Learn more