| Sunday, 30th August 2026, 11:02 pm

വെനസ്വേലന്‍ എണ്ണ ഉപയോഗിച്ച് യു.എസിന്റെ പെട്രോളിയം കരുതല്‍ ശേഖരം നിറയ്ക്കുമെന്ന് ട്രംപ്

റെന്വര്‍ പി

വാഷിങ്ടണ്‍: വെനസ്വേലന്‍ എണ്ണ ഉപയോഗിച്ച് തങ്ങളുടെ പെട്രോളിയം കരുതല്‍ ശേഖരം നിറയ്ക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെനസ്വേലയുമായുള്ള എണ്ണക്കരാറിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.

യു.എസില്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി സംഭരിച്ച് വെക്കുന്ന എണ്ണ ശേഖരമാണ് പെട്രോളിയം കരുതല്‍ ശേഖരം. യു.എസ്-ഇറാന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ എണ്ണ പ്രതിസന്ധി പെട്രോളിയം കരുതല്‍ ശേഖരത്തെ ബാധിച്ചതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഫലത്തില്‍ കരുതല്‍ ശേഖരം രാജ്യത്ത് ഇല്ലാതായിട്ടുണ്ടെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍ പറഞ്ഞു. മുന്‍ പ്രസിഡന്റ് ജോ ബൈഡനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ട്രംപ് ഈ കാര്യം പറഞ്ഞത്.

വെനിസ്വേലയില്‍ നിന്ന് യു.എസിനുള്ള സമ്മാനമാണ് വെനസ്വേലന്‍ എണ്ണയെന്നും ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അവകാശപ്പെട്ടു.

വെനിസ്വേലന്‍ കരാര്‍ പ്രകാരം എത്ര വേഗത്തില്‍ കരുതല്‍ ശേഖരത്തിലേക്ക് എണ്ണ ലഭിക്കുമെന്ന് പറയാനാവില്ലെന്നും ട്രംപ് ട്രൂത്ത് പോസ്റ്റില്‍ പറഞ്ഞു. യു.എസ് വാഹന ഉടമകള്‍ക്ക് എപ്പോഴാണ് കരാര്‍ കൊണ്ടുള്ള നേട്ടമുണ്ടാവുക എന്നും പറയാനാവില്ലെന്നും ട്രംപ് പറഞ്ഞു.

ഈ മാസം 21നുള്ള കണക്ക് പ്രകാരം യു.എസിന്റ പെട്രോളിയം കരുതല്‍ ശേഖരം ഏകദേശം 290 ദശലക്ഷം ബാരലുകളായിരുന്നു. ഇത് 44 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.

വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറിലായിരുന്നു യു.എസ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണസമ്പത്തുള്ള രാജ്യങ്ങളിലൊന്നായ വെനസ്വേലയുടെ ഭൂരിഭാഗം എണ്ണശേഖരത്തിലും യു.എസിന് നിയന്ത്രണം നേടിക്കൊടുക്കുന്ന തരത്തിലാണ് ഈ കരാറെന്നും വിലയിരുത്തപ്പെട്ടിരുന്നു,

കരാര്‍ പ്രകാരം വെനസ്വേലയുടെ 6,500 കോടി ബാരലിലധികം വരുന്ന എണ്ണശേഖരത്തിന്റെ മുഖ്യ നിയന്ത്രണം ഇനിമുതല്‍ അമേരിക്കന്‍ കമ്പനികള്‍ക്കായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ മേധാവി പീറ്റ് ഹെഗ്സെത്ത് എന്നിവര്‍ വെനസ്വേലന്‍ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസുമായി ആഴ്ചകളോളം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുരാജ്യങ്ങളും അന്തിമ ധാരണയിലെത്തിയത്. ‘ചരിത്രപരമായ ഈ ഇടപാട് അമേരിക്കയുടെ എണ്ണശേഖരം ഇരട്ടിയിലധികമാക്കുമെന്നും എല്ലാ അമേരിക്കക്കാര്‍ക്കും ഇന്ധനവില ഗണ്യമായി കുറയ്ക്കുമെന്നും’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞിരുന്നു.

അമേരിക്കന്‍ നികുതിദായകര്‍ക്ക് യാതൊരുവിധ സാമ്പത്തിക ബാധ്യതയുമില്ലാതെ, സ്വകാര്യ കമ്പനികളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. പുതിയ കരാറിലൂടെ തകര്‍ന്നടിഞ്ഞ തങ്ങളുടെ ഖജനാവിലേക്ക് ഏകദേശം 209 ബില്യണ്‍ ഡോളര്‍ എത്തുമെന്ന പ്രതീക്ഷയില്‍ വെനസ്വേലന്‍ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസും കരാറിനെ സ്വാഗതം ചെയ്തിരുന്നു.

വര്‍ഷങ്ങളായുള്ള ഉപരോധങ്ങള്‍, കെടുകാര്യസ്ഥത, നിക്ഷേപക്കുറവ് എന്നിവ കാരണം പ്രതിസന്ധിയിലായ വെനസ്വേലയുടെ ഊര്‍ജമേഖലയെ പുനരുജ്ജീവിപ്പിക്കാനെന്ന പേരിലാണ് അമേരിക്ക ഈ കരാറിലെത്തിയിരിക്കുന്നത്.

എണ്ണ പര്യവേക്ഷണത്തിനും ഉല്‍പാദനത്തിനുമുള്ള പൂര്‍ണമായ അവകാശങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ലഭിക്കുന്നതോടെ വെനസ്വേലയിലെ നിരവധി എണ്ണപ്പാടങ്ങളില്‍ ഇവര്‍ക്ക് ദീര്‍ഘകാലത്തേക്ക് പ്രവര്‍ത്തിക്കാനാകും. അവിടെനിന്ന് ഉല്‍പാദിപ്പിക്കുന്ന ക്രൂഡ് ഓയില്‍ നേരിട്ട് യു.എസിലെ റിഫൈനറികളിലേക്ക് എത്തിക്കാനുള്ള ഉറപ്പും കരാര്‍ നല്‍കുന്നുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണശേഖരമുള്ള രാജ്യമായിട്ടും നിലവില്‍ വെനസ്വേലയില്‍ പ്രതിദിനം 12.5 ലക്ഷം ബാരല്‍ മാത്രമാണ് ഉല്‍പാദനം നടക്കുന്നത്. ഈ വിഭവങ്ങളെ പൂര്‍ണമായി ഉപയോഗപ്പെടുത്തി അമേരിക്കന്‍ വിപണിയില്‍ കുറഞ്ഞ ചിലവില്‍ സുസ്ഥിരമായി ഇന്ധനമെത്തിക്കുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. വരും ആഴ്ചകളില്‍ കൂടുതല്‍ അമേരിക്കന്‍ സ്വകാര്യ കമ്പനികള്‍ വെനസ്വേലയുമായി ഔദ്യോഗിക കരാറുകളില്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Trump says US will refill its petroleum reserves using Venezuelan oil

 

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more