| Saturday, 2nd May 2026, 8:48 pm

'ഞങ്ങള്‍ കടല്‍ക്കൊള്ളക്കാരെപ്പോലെ'; ഇറാനിയന്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ട്രംപ്

ആദര്‍ശ് എം.കെ.

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാനിയന്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്ന യു.എസ് നാവികസേനയുടെ നീക്കത്തെ ‘കടല്‍ക്കൊള്ള’ എന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഫ്‌ളോറിഡയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവെയാണ്, ഇറാനിയന്‍ തുറമുഖങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തിനിടയിലുള്ള ഈ സൈനിക നടപടികള്‍ ലാഭകരമായ ഒരു ബിസിനസ്സാണ് എന്ന് അദ്ദേഹം അവകാശപ്പെട്ടത്.

‘ഞങ്ങള്‍ കപ്പലിന് മുകളില്‍ ഇറങ്ങി അത് കൈക്കലാക്കുന്നു. കപ്പലും അതിലെ ചരക്കും എണ്ണയും ഞങ്ങള്‍ ഏറ്റെടുത്തു. ഇതൊരു വലിയ ലാഭകരമായ ബിസിനസ്സാണ്. ഞങ്ങള്‍ കടല്‍ക്കൊള്ളക്കാരെപ്പോലെയാണ്. ഞങ്ങള്‍ ഒരു പരിധിവരെ കടല്‍ക്കൊള്ളക്കാരെപ്പോലെയാണ്. പക്ഷേ ഞങ്ങള്‍ തമാശ കളിക്കുകയല്ല,’ ട്രംപ് പറഞ്ഞു.

അമേരിക്കന്‍ സൈന്യത്തിന്റെ ഈ നീക്കങ്ങള്‍ക്കെതിരെ ഇറാന്‍ ശക്തമായി രംഗത്തെത്തി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്നും ഇത് സമുദ്രത്തിലെ ‘സായുധ കവര്‍ച്ച’ ആണെന്നും ഇറാന്‍ ആരോപിച്ചു.

ലോകം കടല്‍ക്കൊള്ളക്കാരുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബാഘായ് പറഞ്ഞു.

നിയമവിരുദ്ധമായ നടപടികളെ യു.എസ് അധികൃതര്‍ വാറന്റുകളുടെയും നിയമപരമായ ന്യായീകരണങ്ങളുടെയും മറവില്‍ ഒളിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യുദ്ധം ആരംഭിച്ചത് മുതല്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടഞ്ഞിരിക്കുകയാണ്. ഇതിന് മറുപടിയായാണ് ട്രംപ് ഇറാനിയന്‍ തുറമുഖങ്ങളില്‍ പ്രത്യേക ഉപരോധം ഏര്‍പ്പെടുത്തിയത്.

ഉപരോധം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച വരെ 45 കപ്പലുകള്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തിരിച്ചുവിട്ടു.

ഇറാനിയന്‍ തുറമുഖങ്ങളിലേക്കോ അവിടെ നിന്നോ ഉള്ള എല്ലാ കപ്പലുകള്‍ക്കും, അവ ഏത് രാജ്യത്തിന്റേതായാലും ഈ ഉപരോധം ബാധകമാണെന്ന് ജനറല്‍ ഡാന്‍ കെയ്ന്‍ വ്യക്തമാക്കിയിട്ടുണ്ട്.

എത്രകാലം വേണമെങ്കിലും ഉപരോധം തുടരുമെന്നാണ് പെന്റഗണ്‍ തലവന്‍ പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചിരിക്കുന്നത്.

യു.എസ് ഉപരോധം കാരണം ഇറാന് ഏകദേശം 4.8 ബില്യണ്‍ ഡോളറിന്റെ എണ്ണ വരുമാനം നഷ്ടമായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വാഷിങ്ടണ്‍ തങ്ങളുടെ തുറമുഖങ്ങളിലെ ഉപരോധം പിന്‍വലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് തന്നെയാണ് ഇറാന്റെ നിലപാട്.

Content Highlight: Trump says US Navy is like ‘pirates’ when it seizes ship under Iranian sanctions

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more