വാഷിങ്ടണ്‍: ഗ്രീന്‍ലാന്‍ഡ് ദ്വീപിലെ സുരക്ഷാ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഡെന്‍മാര്‍ക്കും യു.എസും കരാറിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദ്വീപില്‍ യു.എസിന് നിയന്ത്രണം നല്‍കുന്നതിനായി ഡെന്‍മാര്‍ക്കുമായും ഗ്രീന്‍ലാന്‍ഡ് പ്രാദേശിക അധികൃതരുമായും കരാറിലെത്തിയെന്ന് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
ഇത്തരമൊരു കരാറിന്റെ കാര്യം ഗ്രീന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണും ഗ്രീന്‍ലാന്‍ഡ് പ്രാദേശിക ഭരണത്തലവന്‍ നേതാവ് ജെന്‍സ്-ഫ്രെഡറിക് നീല്‍സണുമാണ് ഔദ്യോഗിക പ്രസ്താവനകളിലൂടെ ഈ കാര്യം സ്ഥിരീകരിച്ചത്.
ഗ്രീന്‍ലാന്‍ഡിനെ യു.എസിന്റെ ഭാഗമാക്കാണം എന്ന് ട്രംപ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ട്രംപിന്റെ ഈ ആഗ്രഹത്തില്‍ നിന്ന് വളരെ അകലെയാണ് ഇപ്പോഴത്തെ കരാറെന്നും ഡെന്‍മാര്‍ക്ക്, ഗ്രീന്‍ലാന്‍ഡ് ഭരണാധികാരികള്‍ വ്യക്തമാക്കി.
മൂന്ന് കക്ഷികള്‍ക്കും ഗുണകരമായ മികച്ച കരാര്‍ ആണ് ഇതെന്ന് ഫ്രെഡറിക്സണ്‍ പ്രതികരിച്ചു. ഇത് ഡെന്‍മാര്‍ക്ക് രാജ്യത്തിന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ഗ്രീന്‍ലാന്‍ഡ് ജനതയുടെ സ്വയം നിര്‍ണയാവകാശത്തെയും അംഗീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കരാര്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ അത് നടപ്പിലാക്കുന്നതിനായി പാര്‍ലമെന്ററി നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും ഡെന്‍മാര്‍ക്കിന്റെയും ഗ്രീന്‍ലാന്‍ഡിന്റെയും പ്രസ്താവനകളില്‍ പറയുന്നു.
ഗ്രീന്‍ലാന്‍ഡില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനും യു.എസിന് പദ്ധതിയുള്ളതായി ട്രംപ് വ്യക്തമാക്കി. ‘ഗ്രീന്‍ലാന്‍ഡിലെ അനുയോജ്യമായ ഭാഗങ്ങളില്‍ (അത്തരം നിരവധി സ്ഥലങ്ങളുണ്ട്) വലിയ തോതിലുള്ള സൈനിക സാന്നിധ്യം വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ഞങ്ങള്‍ ഉടന്‍ ആരംഭിക്കും,’ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറയുന്നു.
യു.എസ് സൈനിക കേന്ദ്രങ്ങളുടെ വികസനത്തിലും നിര്‍മ്മാണത്തിലും ഗ്രീന്‍ലാന്‍ഡിലെ ജനങ്ങളുമായി യു.എസ് സഹകരിക്കും. യു.എസിനും ഡെന്‍മാര്‍ക്കിനും ഗ്രീന്‍ലാന്‍ഡിനും യു.എസ് സഖ്യകക്ഷികള്‍ക്കും ഇതൊരു നല്ല പരിഹാരമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
എന്നാല്‍ സുരക്ഷാ താവളമായി ദ്വീപ് ഉപയോഗിക്കാന്‍ നാറ്റോ അംഗരാജ്യമെന്ന നിലക്കുള്ള യു.എസിന്റെ അവകാശങ്ങള്‍ വീണ്ടും ഉറപ്പിക്കുന്ന വ്യവസ്ഥകാളാണ് കരാറിലവുണ്ടാവുകയെന്നാണ് ജെന്‍സ്-ഫ്രെഡറിക് നീല്‍സന്റെ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നത്. നാറ്റോ അംഗരാജ്യമായ ഡെന്‍മാര്‍ക്കിന് കീഴിലുള്ള സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡില്‍ യു.എസിന് കുറേ കാലമായി സൈനിക സാന്നിധ്യമുണ്ട്. ഗ്രീന്‍ലാന്‍ഡിലെ പിറ്റൂഫിക്കില്‍ ശീതയുദ്ധകാലം മുതലുള്ള യു.എസ് സൈനിക താവളവും പ്രവര്‍ത്തിക്കുന്നു.
ഗ്രീന്‍ലാന്‍ഡിലെ സുരക്ഷയുടെയും മറ്റ് എല്ലാ ആവശ്യങ്ങളുടെയും മേല്‍ യു.എസിന് സ്ഥിരമായ നിയന്ത്രണം നല്‍കുന്നതാണ് കരാറെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറഞ്ഞു. ഇതിനായി യു.എസിന് യാതൊരു ചെലവും വരില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
യു.എസിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ യു.എസിന്റെ ഒരു ശത്രുവിനും ഗ്രീന്‍ലാന്‍ഡില്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാനോ സൈന്യത്തെ വിന്യസിക്കാനോ സാധിക്കില്ല. യു.എസിന്റെ ശത്രുക്കള്‍ക്ക് ദ്വീപില്‍ നിര്‍ണായക നിക്ഷേപങ്ങള്‍ നടത്താനാവില്ലെന്നും ട്രംപ് അവകാശപ്പെടുന്നു.
കരാറിനായി യു.എസിന് യാതൊരു ചെലവും വരില്ല. ഗ്രീന്‍ലാന്‍ഡിന്റെയും അമേരിക്കയുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ ഗ്രീന്‍ലാന്‍ഡില്‍ സ്വീകരിക്കാനുള്ള പൂര്‍ണ അധികാരം അമേരിക്കയ്ക്ക് എന്നെന്നേക്കുമായി ഉണ്ടായിരിക്കുമെന്ന് ഉറപ്പാക്കും. അതിനായി എന്റെ നിര്‍ദ്ദേശപ്രകാരം ഡെന്‍മാര്‍ക്കിലെയും ഗ്രീന്‍ലാന്‍ഡിലെയും പ്രതിനിധികളുമായി ഞങ്ങള്‍ വേണ്ട ഇടപെടലുകള്‍ നടത്തിയെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇത് കാലാകാലം നീളുന്ന കരാറാണെന്നും ട്രംപ് വ്യക്തമാക്കി. കരാറിന് കാലാവധി അവസാനിക്കുന്നില്ല! ഇപ്പോള്‍ സംഭവിച്ച കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് വളരെ അഭിമാനവും ബഹുമാനവും തോന്നുന്നു. ഇന്ന് തീരുമാനിച്ച കാര്യങ്ങളെയെല്ലാം ഒരിക്കല്‍ അമേരിക്കന്‍ ജനത അഭിനന്ദിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
‘നൂറിലധികം വര്‍ഷങ്ങളായി യു.എസ് പ്രസിഡന്റുമാര്‍ക്ക് ഗ്രീന്‍ലാന്‍ഡിന്റെ തന്ത്രപ്രധാനമായ പ്രാധാന്യം അറിയാമായിരുന്നുവെങ്കിലും, ആര്‍ക്കും അതില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. വളരെ പ്രധാനപ്പെട്ട ഈ വിഷയത്തില്‍ സ്ഥിരവും അന്തിമവുമായ പരിഹാരം കണ്ട പ്രസിഡന്റ് എന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്,’ എന്ന് ട്രംപ് സ്വയം പുകഴ്ത്തുകയും ചെയ്തു.
നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ഡെന്‍മാര്‍ക്ക് കരാറിനെക്കുറിച്ച് ട്രംപിന്റെ ഈ പ്രഖ്യാപനം വരുന്നത്. ഇറാനോടുള്ള യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപിന്റെ ജനപ്രീതി യു.എസില്‍ ഇടിയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിദേശ നയത്തില്‍ ട്രംപിനുണ്ടായ പരാജയമായി യുദ്ധത്തിലെ തിരിച്ചടികള്‍ വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഗ്രീന്‍ലാന്‍ഡ് കരാറിനെ ഒരു വിദേശ നയ നേട്ടമായി ട്രംപ് ഉയര്‍ത്തിക്കാട്ടുമെന്ന് വിലയിരുത്തപ്പെടുന്നു.
Content Highlight: Trump says US, Denmark, Greenland entered into agreement on US control over security