വാഷിങ്ടണ്‍: ലെബനനില്‍ കൂടുതല്‍ സര്‍ജിക്കല്‍ ആക്രമണങ്ങള്‍ നടത്തണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞായറാഴ്ച എന്‍.ബി.സിയില്‍ സംപ്രേക്ഷണം ചെയ്ത ഒരു അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. വെള്ളിയാഴ്ച റെക്കോഡ് ചെയ്തതാണ് അഭിമുഖം.
‘ലെബനന്‍ ഒരു ഭേദപ്പെട്ട ജീവിതം അനുഭവിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഹിസ്ബുല്ലക്കെതിരെ കൂടുതല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ട്രംപ് പറഞ്ഞു.
ഇറാനും യു.എസും ഇപ്പോള്‍ കരാറിലേക്ക് എത്തുന്നതിനോട് വളരെ അടുത്താണെന്ന് ട്രംപ് അഭിമുഖത്തില്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍, യുദ്ധം അവസാനിപ്പിക്കാനുള്ള ഏത് കരാറിലും ലെബനനിലെ വെടിനിര്‍ത്തല്‍ അവിഭാജ്യ ഘടകമായിരിക്കണമെന്ന നിബന്ധന ഇറാന്‍ നേരത്തെ മുന്നോട്ട് വച്ചിരുന്നു. ഇപ്പോള്‍ ഇറാനുമായി കരാറിനോട് അടുക്കുന്നു എന്ന് പറയുമ്പോള്‍ തന്നെയാണ് ലബനനില്‍ കൂടുല്‍ സര്‍ജിക്കല്‍ ആക്രമണങ്ങള്‍ക്കായി ട്രംപ് ആവശ്യപ്പെടുന്നത്.
ഇറാനുമായി കരാറില്‍ എത്തിയാലും ഇല്ലെങ്കിലും അവരുടെ ആണവ ശേഖരം നശിപ്പിക്കാനുള്ള വഴികള്‍ സ്വീകരിക്കുമെന്നും അഭിമുഖത്തില്‍ ട്രംപ് പറയുന്നു. കരാറിലെത്തിയാല്‍ ഇറാന്റെ സഹകരണത്തോടെ അവരുടെ ആണവ ശേഖരം കണ്ടൈടുത്ത് നശിപ്പിക്കും. കരാറിലെത്തിയില്ലെങ്കില്‍ ഇറാന്റെ സൈന്യത്തെ ദുര്‍ബലപ്പെടുത്തുകയും ശേഷം ആണവ ശേഖരം നശിപ്പിക്കുകയും ചെയ്യുമെന്നും ട്രംപ് പറയുന്നു.
അമേരിക്കന്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഇറാനിയന്‍ ആണവ ഇടങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് അഭിമുഖത്തില്‍ പറയുന്നു.
ലെബനനില്‍ ഇസ്രഈല്‍ വീണ്ടും ആക്രമണങ്ങള്‍ ആരംഭിച്ചിരുന്നു. ഈ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനം ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ കൂടുതല്‍ സ്‌ഫോടനങ്ങളുണ്ടായതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച ഉച്ചക്ക് ശേഷം മൂന്ന് വലിയ സ്‌ഫോടങ്ങള്‍ ബെയ്‌റൂട്ടില്‍ കേള്‍ക്കാമായിരുന്നെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. ലെബനനില്‍ ഹിസ്ബുല്ല ആസ്ഥാനം തകര്‍ത്തതായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാട്‌സും ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ബെയ്‌റൂട്ട് ആക്രമിക്കുന്നതില്‍ നിന്ന് ഇസ്രഈല്‍ വിട്ടുനില്‍ക്കണമെന്ന് ട്രംപ് നേരത്തെ ഇസ്രഈലിനോട് ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശം അവഗണിച്ചാണ് തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രഈല്‍ ആക്രമണം നടത്തിയത്.
നേരത്തെ ഇസ്രഈല്‍ ആക്രമണങ്ങളില്‍ മാര്‍ച്ച് രണ്ട് മുതല്‍ ജൂണ്‍ ആറ് വരെ 3613 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ആക്രമണങ്ങളില്‍ 11072 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
Content Highlight: Trump says the US and Iran are “very close” to agreeing to a deal, called for more attacks in Lebanon