വാഷിങ്ടണ്‍: കരീബിയന്‍ കടലില്‍ യു.എസ് വീണ്ടും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വന്‍തോതില്‍ മയക്കുമരുന്ന് കടത്തുകയായിരുന്ന അന്തര്‍വാഹിനി കപ്പലാണ് ആക്രമിച്ചതെന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് തീവ്രവാദത്തിനെതിരെയാണ് യു.എസിന്റെ നടപടികളെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പ്രതികരിച്ചു.
അതേസമയം, തങ്ങളുടെ സമുദ്രാതിര്‍ത്തിക്ക് സമീപം നടത്തിയ ആക്രമണത്തിന് എതിരെ വെനസ്വേല രംഗത്തെത്തി. യു.എസിന്റെ ആക്രമണം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ വെനസ്വേല അപ്പീല്‍ സമര്‍പ്പിച്ചു.
സെപ്റ്റംബര്‍ രണ്ട് മുതലാണ് യു.എസ് കരീബിയന്‍ കടലില്‍ കപ്പലുകള്‍ക്കെതിരെ ആക്രമണം ശക്തമാക്കിയത്. മയക്കുമരുന്ന് കടത്തുന്നുവെന്ന് ആരോപിച്ച് ഇതുവരെ അഞ്ചിലേറെ കപ്പല്‍ ആക്രമണങ്ങളാണ് യു.എസ് നടത്തിയത്. ഈ ആക്രമണങ്ങളിലായി 28 പേര്‍ കൊല്ലപ്പെട്ടു.
സംഘര്‍ഷത്തില്‍ അയവുവരുത്താനായി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ തന്നെ സമീപിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു. മഡൂറോ എല്ലാ സഹായവും വാഗ്ദാനം ചെയ്‌തെന്നും അമേരിക്കയുമായി സംഘര്‍ഷത്തിന് താത്പര്യമില്ലെന്ന് അറിയിച്ചെന്നും ട്രംപ് പറഞ്ഞു.
വെനസ്വേലയില്‍ നിന്നുള്ള മയക്കുമരുന്ന് കയറ്റുമതി അവസാനിപ്പിക്കാനുള്ള ഓപ്പറേഷനാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ യു.എസ് വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെ, തന്റെ രാജ്യത്തെ പൗരന്മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെഡ്രോ സ്ഥിരീകരിച്ചിരുന്നു.
യു.എസിന് ആദ്യ ട്രംപ് സര്‍ക്കാരിന്റെ കാലം മുതല്‍ തന്നെ വെനസ്വേലയുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിരവധി തവണ നയതന്ത്ര തലത്തില്‍ ഇരുകൂട്ടരും കലഹിച്ചിട്ടുണ്ട്. മഡൂറോ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് ട്രംപ് പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. മഡൂറോയെ അറസ്റ്റ് ചെയ്യുന്നവര്‍ക്ക് 50 മില്യണ്‍ യു.എസ് ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് ട്രംപ് ഓഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയില്‍ വെനസ്വേലയില്‍ നടപടി സ്വീകരിക്കാന്‍ യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയ്ക്ക് ട്രംപ് അനുമതി നല്‍കിയിരുന്നു.
മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെയാണ് നടപടികളെന്ന് ട്രംപ് വാദിക്കുമ്പോഴും മഡൂറോ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് നീക്കങ്ങളെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ വെനസ്വേലയും യു.എസും കരീബിയന്‍ ദ്വീപുകള്‍ക്ക് സമീപം സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കടത്തുകാരെ സൈനികരായോ രാജ്യത്തിന്റെ പോരാളികളായോ കണക്കാക്കാത്തതിനാല്‍ ഇതിന്റെ പേരില്‍ രാജ്യങ്ങള്‍ക്കെതിരെ യു.എസ് ഔദ്യോഗിക സൈനിക നടപടി സ്വീകരിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Content Highlight: Trump says ships were destroyed ;Venezuela Appeals to the UN, calling it illegal