| Monday, 12th January 2026, 9:04 am

എണ്ണ കമ്പനിയായ എക്സോൺ മൊബിലിനെ വെനസ്വേലയിൽ നിന്നും മാറ്റി നിർത്തും: ട്രംപ്

ശ്രീലക്ഷ്മി എ.വി.

വാഷിങ്ടൺ: ടെക്സസിലെ എണ്ണ കമ്പനിയായ എക്സോൺ മൊബിലിനെ വെനസ്വേലയിൽ നിന്നും മാറ്റി നിർത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസിൽ നടന്ന യോഗത്തിൽ എണ്ണക്കമ്പനിയായ എക്സോൺ മൊബിലിന്റെ സി.ഇ.ഒ ഡാരൻ വുഡ്സ് വെനസ്വേലയിൽ നിലവിലെ സാഹചര്യത്തിൽ നിക്ഷേപം നടത്താൻ കഴിയില്ലെന്ന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.

‘വെനസ്വേലയിൽ നിലവിലുള്ള നിയമപരവും വാണിജ്യപരവുമായ ചട്ടക്കൂടുകൾ പരിശോധിച്ചാൽ അവിടെ നിക്ഷേപം നടത്താൻ കഴിയില്ല,’ ഡാരൻ വുഡ്സ് പറഞ്ഞിരുന്നു.

എന്നാൽ എക്സോണിന്റെ പ്രതികരണം തനിക്ക് ഇഷ്ടപെട്ടില്ലെന്നും അവർ വളരെ ഭംഗിയായി പ്രവർത്തിക്കുന്നുണ്ടെന്നും ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലേക്ക് പുറപ്പെടുമ്പോൾ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.

കമ്പനികളുടെ ആശങ്കകൾ ലഘൂകരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും വെനസ്വേലൻ സർക്കാരുമായിട്ടല്ല, മറിച്ച് അമേരിക്കയുമായിട്ടായിരിക്കണം അവർ നേരിട്ട് ഇടപെടേണ്ടതെന്നും ട്രംപ് പറഞ്ഞു.

വെനസ്വേലയുടെ എണ്ണ വരുമാനം ജുഡീഷ്യൽ നടപടികളിൽ ഉപയോഗിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിലും വെള്ളിയാഴ്ച ട്രംപ് ഒപ്പുവെച്ചിരുന്നു.

അത്തരം ഉപയോഗത്തിനായി ഫണ്ട് പിടിച്ചെടുക്കുകയാണെങ്കിൽ, അത് വെനസ്വേലയിൽ സാമ്പത്തികവും രാഷ്ട്രീയവുമായ സ്ഥിരത ഉറപ്പാക്കാനുള്ള യുഎസ് ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിന് ശേഷം വെനസ്വേലയിൽ നിക്ഷേപം നടത്താനും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിന് സഹായിക്കാനും യു.എസ് എണ്ണക്കമ്പനികളെ പ്രേരിപ്പിക്കുക എന്നത് ട്രംപ് ഭരണകൂടത്തിന്റെ മുൻ‌ഗണനയായി മാറിയിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ വാതക കമ്പനികളിലൊന്നാണ് എക്സോൺ മൊബീൽ. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി, ഊർജ്ജ മേഖലയിലെ പല വിഭാഗങ്ങളിൽ ആഗോളതലത്തിൽ മുൻപന്തിയിലാണ്. 1999ലാണ് എക്സോൺ സ്ഥാപിതമായത്.

Content Highlight: Trump says oil giant Exxon Mobil will be removed from Venezuela

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more