| Friday, 27th March 2026, 11:11 am

മഡുറോയ്ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്ന് ട്രംപ്; ഫണ്ട് തടഞ്ഞതില്‍ ട്രംപിന് കോടതിയുടെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: വെനസ്വേലന്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരെ കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ നടന്ന കാബിനറ്റ് യോഗത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

വെനസ്വേലയിലെ ജയിലുകള്‍ കാലിയാക്കി കുറ്റവാളികളെ അമേരിക്കയിലേക്ക് കടത്തിവിട്ടു എന്നതടക്കമുള്ള പുതിയ ആരോപണങ്ങളാണ് ട്രംപ് മഡുറോയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

‘അദ്ദേഹം തന്റെ രാജ്യത്തെ ജയിലുകള്‍ കാലിയാക്കി കുറ്റവാളികളെ നമ്മുടെ രാജ്യത്തേക്ക് വിട്ടു. ഇതുവരെ ചുമത്താത്ത വലിയൊരു കുറ്റമാണത്, അത് ഉടന്‍ കൊണ്ടുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ട്രംപ് പറഞ്ഞു.

മഡുറോയ്ക്ക് ‘ന്യായമായ വിചാരണ’ ഉറപ്പാക്കുമെന്നും നിലവില്‍ ചുമത്തിയിട്ടുള്ളത് അദ്ദേഹം ചെയ്ത കുറ്റങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം മയക്കുമരുന്ന് കടത്ത്, ആയുധം കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മഡുറോയും ഭാര്യ സിലിയ ഫ്‌ലോറസും സമര്‍പ്പിച്ച ഹരജി മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതി തള്ളി.

ജഡ്ജി ആല്‍വിന്‍ ഹെല്ലര്‍സ്‌റ്റൈന്‍ മഡുറോയ്‌ക്കെതിരായ കുറ്റപത്രം റദ്ദാക്കാന്‍ വിസമ്മതിച്ചെങ്കിലും ട്രംപ് ഭരണകൂടത്തിന്റെ ചില നടപടികളെ രൂക്ഷമായി വിമര്‍ശിച്ചു.

മഡുറോയുടെ നിയമപരമായ ചെലവുകള്‍ക്കായി വെനിസ്വേലന്‍ ഫണ്ടുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞ സര്‍ക്കാര്‍ നടപടിയെ ജഡ്ജി ചോദ്യം ചെയ്തു.

യു.എസ് ഭരണഘടനയുടെ ആറാം ഭേദഗതി പ്രകാരം ഏത് പ്രതിക്കും തനിക്ക് ഇഷ്ടമുള്ള അഭിഭാഷകനെ വെക്കാനും ശക്തമായ പ്രതിരോധം തീര്‍ക്കാനും അവകാശമുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

‘പ്രതികള്‍ ഇപ്പോള്‍ യു.എസ് കസ്റ്റഡിയിലാണ്, അവര്‍ ഇനി ഒരു ദേശീയ സുരക്ഷാ ഭീഷണിയല്ല. പ്രതിരോധത്തിനുള്ള അവകാശത്തിന് മേല്‍ ദേശീയ സുരക്ഷാ വാദങ്ങള്‍ നിലനില്‍ക്കില്ല,’ ജഡ്ജി നിരീക്ഷിച്ചു.

2013 മുതല്‍ 2026 വരെ വെനസ്വേലയെ നയിച്ച മഡുറോയെയും ഭാര്യയെയും കഴിഞ്ഞ ജനുവരി മൂന്നിനാണ് യു.എസ് സൈനിക നടപടിയിലൂടെ കാരക്കാസില്‍ നിന്ന് പിടികൂടിയത്.

ഈ നടപടിയെ ‘നിയമ നിര്‍വ്വഹണം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാല്‍ ഒരു പരമാധികാര രാജ്യത്തിന്റെ തലവനെ തട്ടിക്കൊണ്ടുപോയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിവിധ ലോക നേതാക്കള്‍ പ്രതികരിച്ചിരുന്നു.

‘ഞാന്‍ ഇപ്പോഴും എന്റെ രാജ്യത്തിന്റെ പ്രസിഡന്റാണ്’ എന്നായിരുന്നു കോടതിയില്‍ മഡുറോയുടെ നിലപാട്.

തന്റെ പിതാവിന്റെ വിചാരണ തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്ന് മഡുറോയുടെ മകനും വെനിസ്വേലന്‍ നിയമസഭാംഗവുമായ നിക്കോളാസ് മഡുറോ ഗ്വെറയും പറഞ്ഞു.

സൈനിക നടപടിയിലൂടെ പിടികൂടിയത് മുതല്‍ കേസില്‍ നിയമവിരുദ്ധത നിഴലിക്കുന്നുണ്ടെന്ന് അദ്ദേഹം എ.എഫ്.പിയോട് പറഞ്ഞു.

അതിനിടെ വിചാരണ നടക്കുന്ന ന്യൂയോര്‍ക്ക് സിറ്റി കോടതിക്ക് മുന്നില്‍ മഡുറോ അനുകൂലികളും ട്രംപ് പക്ഷക്കാരും പ്രതിഷേധിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

യു.എസ് നടപടിയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം രംഗത്തെത്തിയപ്പോള്‍, ‘മഡുറോ ജയിലില്‍ കിടന്ന് ചീഞ്ഞഴുകട്ടെ’ എന്ന മുദ്രാവാക്യങ്ങളുമായി മറ്റൊരു വിഭാഗം വിചാരണയെ സ്വാഗതം ചെയ്തു.

മയക്കുമരുന്ന് ഭീകരത, കൊക്കെയ്ന്‍ ഇറക്കുമതി, മാരകായുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങി നാല് പ്രധാന കുറ്റങ്ങളാണ് നിലവില്‍ മഡുറോയ്ക്കും ഭാര്യയ്ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ ട്രംപ് ഭരണകൂടം കോടതിയിലെത്തിക്കുമെന്നാണ് സൂചന.

Content Highlight: Trump says more charges could be coming against Venezuela’s Maduro

We use cookies to give you the best possible experience. Learn more