| Sunday, 29th June 2025, 7:46 pm

പ്രോസിക്യൂട്ടര്‍മാര്‍ ഇസ്രഈല്‍ പ്രധാനമന്ത്രിയോട് ചെയ്യുന്നത് ഭ്രാന്തെന്ന് ട്രംപ്; നന്ദി പ്രകടനവുമായി നെതന്യാഹു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും നന്ദി അറിയിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നമ്മള്‍ ഒരുമിച്ച് പശ്ചിമേഷ്യയെ വീണ്ടും മഹത്തരമാക്കുമെന്നും നെതന്യാഹു കുറിച്ചു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് നെതന്യാഹുവിന്റെ നന്ദി പ്രകടനം.

കഴിഞ്ഞ ദിവസം നെതന്യാഹുവിനെതിരായ അഴിമതി കേസിലെ വിചാരണ മാറ്റിവെക്കാനാകില്ലെന്ന് ഇസ്രഈല്‍ കോടതി അറിയിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മൊഴി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന നെതന്യാഹുവിന്റെ ആവശ്യം കോടതി തള്ളിയത്.

അടുത്ത രണ്ടാഴ്ച കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് നെതന്യാഹുവിനെ ഒഴിവാക്കണമെന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ജെറുസലേമിലെ വിചാരണ കോടതി നിരസിക്കുകയായിരുന്നു.

തുടര്‍ന്ന് നെതന്യാഹുവിനെ പിന്തുണച്ചും ഇസ്രഈല്‍ കോടതിയുടെ നടപടിയെ എതിര്‍ത്തും ട്രംപ് രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപ് വിമര്‍ശനം ഉന്നയിച്ചത്. നെതന്യാഹുവിനോട് കോടതി ചെയ്യുന്നത് ഭയാനകമായ കാര്യമാണെന്നും കോടതി നടപടികള്‍ ഇറാനും ഫലസ്തീന്‍ സായുധ സംഘടനായ ഹമാസുമായും നെതന്യാഹു നടത്താനിരിക്കുന്ന ചര്‍ച്ചകള്‍ക്ക് തടസമാകുമെന്നും ട്രംപ് പറഞ്ഞു.

ഈ പശ്ചാത്തലത്തില്‍ ഒരു ദിവസം മുഴുവന്‍ നെതന്യാഹുവിനെ കോടതി മുറിയില്‍ ഇരുത്തുക എന്നത് എങ്ങനെ സാധ്യമാകുമെന്നും ട്രംപ് ചോദിച്ചു. നെതന്യാഹുവിനെ യുദ്ധവീരന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പോസ്റ്റ്.

ഇറാനിലെ അപകടകരമായ ആണവ ഭീഷണിയില്‍ നിന്ന് മുക്തി നേടുന്നതിനായി അമേരിക്കയുമായി ചേര്‍ന്ന് മികച്ച വിജയം നേടിയ പ്രധാനമന്ത്രിയാണ് നെതന്യാഹുവെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ നെതന്യഹുവിനെതിരെ നടക്കുന്നത് ഒരു രാഷ്ട്രീയ മന്ത്രവാദ വേട്ടയാണെന്നും യു.എസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

നെതന്യാഹുവിനെ വിട്ടയക്കണമെന്നും അദ്ദേഹത്തിന് വലിയൊരു ജോലി ചെയ്യാനുണ്ടെന്നും ട്രംപ് പോസ്റ്റില്‍ പറയുന്നുണ്ട്. ഇസ്രഈലിനെ സംരക്ഷിക്കാനും പിന്തുണക്കുന്നതുമായി വര്‍ഷം തോറും കോടിക്കണക്കിന് ഡോളറാണ് യു.എസ് ചെലവഴികുന്നതെന്നും ട്രംപ് പരാമര്‍ശിച്ചു.

ഇതിനുപിന്നാലെയാണ് നന്ദി പ്രകടനവുമായി നെതന്യാഹു രംഗത്തെത്തിയത്. ട്രംപിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് നെതന്യാഹു പ്രതികരിച്ചത്.

അതേസമയം ശതകോടീശ്വരന്മാരില്‍ 260,000 ഡോളര്‍ മൂല്യം വരുന്ന ആഡംബര വസ്തുക്കള്‍ കൈപ്പറ്റിയതിലാണ് നെതന്യാഹുവിനെതിരായ ആദ്യ കേസ്. രണ്ടാമത്തെ കേസ് മാധ്യമങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും. ആദ്യ കേസില്‍ നെതന്യാഹുവിന്റെ പങ്കാളിയും വിചാരണ നേരിടുന്നുണ്ട്.

Content Highlight: Trump says it’s crazy what prosecutors are doing to Israeli PM; Netanyahu thanks him

We use cookies to give you the best possible experience. Learn more