വാഷിങ്ടണ്‍: രാഷ്ട്രീയപരവും സാമ്പത്തികവുമായ നഷ്ടങ്ങള്‍ക്ക് കാരണമായെങ്കിലും ഇറാന് യുദ്ധം അവയെല്ലാം സഹിക്കാന്‍ തക്ക മൂല്യമുള്ളതാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
ആണവായുധങ്ങള്‍ സ്വന്തമാക്കുന്നതില്‍ നിന്ന് ഇറാനെ തടയാന്‍ സൈനിക നടപടി സ്വീകരിക്കുകയല്ലാതെ യു.എസിന് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നെന്ന് ട്രംപ് പറഞ്ഞതായി അനഡോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ട്രംപ് ഈ കാര്യങ്ങള്‍ പറഞ്ഞത്.
ഇറാനുമായുള്ള സംഘര്‍ഷം ഈ നഷ്ടങ്ങള്‍ സഹിക്കാന്‍ തക്ക മൂല്യമുള്ളതാണോ എന്ന ചോദ്യത്തിന് ‘അതെ’ എന്ന് ട്രംപ് മറുപടി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘അതെ, തീര്‍ച്ചയായും. സത്യത്തില്‍, നിങ്ങള്‍ക്ക് മറ്റ് മാര്‍ഗമൊന്നുമില്ല,’ എന്നായിരുന്നു ട്രംപിന്റെ മറുപടി.
”ഇറാന് വിഷയത്തില്‍ ഞങ്ങള്‍ക്ക് അത് ചെയ്യേണ്ടി വന്നു, ഞങ്ങള്‍ അത് തുടരുകയും ചെയ്യുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനുമായുള്ള യുദ്ധം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായെന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ അഭിപ്രായം ഒരു പരിധി വരെ സത്യമാണെന്നും ട്രംപ് പറഞ്ഞു. ‘അത് വലിയൊരു പരിധിവരെ സത്യമാണ്, കാരണം അത് ഇന്ധനവില വര്‍ദ്ധിപ്പിച്ചു,’ ട്രംപ് പറഞ്ഞു.
വീണ്ടും ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കേണ്ടി വന്നാല്‍ അത് ചെയ്യുമെന്നും ട്രംപ് പറഞ്ഞു. വീണ്ടും അങ്ങനെ ചെയ്യേണ്ടി വന്നാല്‍, അത് ചെയ്യും. കാരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, ഇതല്ലാതെ മറ്റൊരു പോംവഴിയില്ല. ഇറാന് ആണവായുധം കൈവശപ്പെടുത്താന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ട്രംപ് പറഞ്ഞു.
ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയ്ക്ക് കാരണം പോളിങ് കുറഞ്ഞതല്ലെന്നും ഇറാന്-യു.എസ് യുദ്ധത്തോടുള്ള അതൃപ്തി കാരണം റിപബ്ലിക്കന്‍ പാര്‍ട്ടി വോട്ടര്‍മാര്‍ കൂറുമാറിയതാണെന്നും ജെ.ഡി.വാന്‍സ് പറഞ്ഞിരുന്നു.
ട്രംപ് അനുകൂലികളില്‍ അതൃപ്തിയ്ക്ക് കാരണമായ പ്രധാനപ്പെട്ട നാല് കാരണങ്ങളാണ് ജെ.ഡി. വാന്‍സ് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടിയത്. പാര്‍ട്ടി വിട്ട് വോട്ടര്‍മാര്‍ തിരിച്ചുവരാന്‍ പ്രധാനമായും ഈ നാല് കാര്യങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും വാന്‍സ് പറഞ്ഞു.
ഇറാനുമായുള്ള യുദ്ധം , വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും വിലക്കയറ്റവും, ‘അമേരിക്ക ആദ്യം’ എന്ന നയത്തില്‍ നിന്നും പിന്നോട്ട് പോയത്, ഇസ്രഈലുമായുള്ള ബന്ധം എന്നിവയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി നേരിട്ട തിരിച്ചടിയ്ക്കുള്ള കാരണങ്ങള്‍ എന്നാണ് വൈസ് പ്രസിഡന്റ് വിലയിരുത്തിയത്.
Content Highlight: Trump says Iran war worth it despite midterm election losses