| Wednesday, 25th March 2026, 11:02 am

ഇറാന്‍ ഞങ്ങള്‍ക്ക് വലിയൊരു സമ്മാനം തന്നു, ഇന്നലെ ആ സമ്മാനം എത്തി: ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇറാന്‍ ഭരണകൂടം അമേരിക്കയ്ക്ക് ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ഒരു ‘സമ്മാനം’ നല്‍കിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഈ ‘സമ്മാനം’ വലിയ മൂല്യമുള്ളതാണെന്ന് കൂട്ടിച്ചേര്‍ത്ത ട്രംപ് അത് എന്താണെന്ന് മാത്രം വ്യക്തമാക്കിയില്ല. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.

‘അവര്‍ ഞങ്ങള്‍ക്ക് ഒരു സമ്മാനം തന്നു, ഇന്ന് ആ സമ്മാനം എത്തിക്കഴിഞ്ഞു. അത് വളരെ വലിയ ഒന്നാണ്, വളരെയധികം പണത്തിന് മൂല്യമുള്ളതുമാണ്. ഇത് ആണവ പദ്ധതിയല്ല, മറിച്ച് എണ്ണയും വാതകവുമായി ബന്ധപ്പെട്ടതാണ്. അവര്‍ ചെയ്തത് വളരെ നല്ല കാര്യമാണ്,’ എന്നായിരുന്നു ട്രംപ് പറഞ്ഞത്.

ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട എന്തെങ്കിലുമാണോ എന്ന ചോദ്യത്തിന്, അതെ എന്നായിരുന്നു ട്രംപിന്റെ മറുപടി. എണ്ണയുടെ നീക്കവും കടലിടുക്കുമായും ബന്ധമുള്ളവ തന്നെയാണെന്നായിരുന്നു ട്രംപ് പറഞ്ഞത്.

നിലവില്‍ വൈറ്റ് ഹൗസ് ഈ ‘സമ്മാനത്തിന്റെ’ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, ആഗോള എണ്ണ വിപണിയുമായി ബന്ധപ്പെട്ടതോ യു.എസിന്റെ നിലവിലെ എണ്ണ സ്രോതസുമായി ബന്ധപ്പെട്ട ചില വിവരങ്ങളോ ആകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണ് ഈ പുതിയ സംഭവവികാസമെന്നാണ് ചിലരുടെ വിലയിരുത്തല്‍.

എന്നാല്‍ തിങ്കളാഴ്ച ടെക്‌സസിലെ പോര്‍ട്ട് ആര്‍തറിലെ വലേറോ എനര്‍ജി റിഫൈനറിയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണോ ട്രംപിന്റെ പ്രസ്താവനയെന്നും വ്യക്തമല്ല.

സ്‌ഫോടനത്തെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വലേറോ എനര്‍ജി ഔദ്യോഗികമായി പ്രതികരിക്കാതിരുന്നതും വാര്‍ത്തയായിരുന്നു.

തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6:30 ഓടെയാണ് ടെക്‌സാസിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ സ്‌ഫോടനമുണ്ടായത്. ഒരു ഹീറ്റര്‍ യൂണിറ്റില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് സ്ഥീരീകരണം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനിലെ ‘ശരിയായ ആളുകളുമായി’ അമേരിക്ക ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യു.എസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നര്‍ എന്നിവരും വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരും ഈ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നുമാണ് ട്രംപിന്റെ വാദം.

ഇറാന്‍ വളരെ പെട്ടെന്ന് തന്നെ ഒരു കരാറിലെത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട ട്രംപിന്റെ വാദങ്ങള്‍ ഇറാന്‍ തള്ളിയിട്ടുണ്ട്.

അമേരിക്ക ഇതിനകം തന്നെ യുദ്ധം ജയിച്ചുവെന്ന തന്റെ മുന്‍ നിലപാടും വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് ആവര്‍ത്തിച്ചു. യുദ്ധം ഇത്ര വേഗത്തില്‍ അവസാനിച്ചതില്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന് നിരാശയുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇതിന്റേയും വിശദാംശങ്ങള്‍ പറയാന്‍ അദ്ദേഹം തയ്യാറായില്ല.

കഴിഞ്ഞ തിങ്കളാഴ്ച ഇറാന്റെ വൈദ്യുത നിലയങ്ങള്‍ക്ക് നേരെ ഭീഷണി മുഴക്കി, 48 മണിക്കൂര്‍ മുന്നറിയിപ്പ് നല്‍കിയിരുന്ന ട്രംപ്, ചര്‍ച്ചകള്‍ ഫലപ്രദമാണെന്നും അതുകൊണ്ട് നീക്കം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും പ്രഖ്യാപിക്കുകയായിരുന്നു.

Content Hifghlight: Trump says Iran made a major energy-related gift to the US

Latest Stories

We use cookies to give you the best possible experience. Learn more