| Monday, 1st September 2025, 10:21 pm

യു.എസിന് തീരുവ വെട്ടിക്കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം നല്‍കിയതായി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ വെട്ടിക്കുറയ്ക്കാമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഇന്ത്യയുടെ തീരുമാനം ഒരുപാട് വൈകിയുള്ളതാണെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ അവകാശവാദം.

യു.എസ്-ഇന്ത്യ വ്യാപാര ബന്ധം ഏകപക്ഷീയവും ഒരു ദുരന്തമായിരുന്നുവെന്നും ട്രംപ് ആരോപിച്ചു. ചൈനയിലെ ടിയാന്‍ജിനില്‍ എസ്.സി.ഒ. ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റുമായും റഷ്യന്‍ പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപ് വീണ്ടും രംഗത്തെത്തിയത്.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വലിയ തോതിലാണ് യു.എസിലെത്തുന്നത്. എന്നാല്‍ യു.എസ് ഇന്ത്യക്ക് വളരെ കുറച്ച് മാത്രമേ വില്‍ക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ ഇതുവരെയുണ്ടായിരുന്നത് ഒരു ഏകപക്ഷീയമായ ബന്ധമാണെന്നുമാണ് ട്രംപ് പറയുന്നത്.

കൂടാതെ ഇന്ത്യ എണ്ണയും സൈനിക ഉത്പന്നങ്ങളും വാങ്ങുന്നത് റഷ്യയില്‍ നിന്നാണെന്നും ട്രംപ് ആവര്‍ത്തിച്ചു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന ട്രംപിന്റെ നിര്‍ദേശം മുഖവിലക്കെടുക്കാതെ റഷ്യയുമായുള്ള ബന്ധം തുടർന്നതിനുള്ള പ്രതികാര നടപടിയായാണ് യു.എസ് ഇന്ത്യക്കുമേല്‍ 25 ശതമാനം അധിക തീരുവ ചുമത്തിയത്.

നിലവില്‍ യു.എസില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ പ്രാബല്യത്തിലുണ്ട്. യു.എസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ വെട്ടിക്കുറയ്ക്കണമെന്ന ആവശ്യമാണ് ട്രംപ് ആദ്യം ഉന്നയിച്ചത്.

എന്നാല്‍ ഈ ആവശ്യം ഉള്‍പ്പെടെ ഇന്ത്യ അംഗീകരിക്കാതെ വന്നതോടെയാണ് ട്രംപ് തീരുവ 25 ശതമാനത്തിലേക്ക് വര്‍ധിപ്പിച്ചത്. പിന്നീട് റഷ്യയുമായുളള ബന്ധം ചൂണ്ടിക്കാട്ടി 25 ശതമാനം അധിക തീരുവയും ഏര്‍പ്പെടുത്തി.

അതേസമയം ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ റഷ്യ സാമ്പത്തികമായി പ്രതിസന്ധി നേരിടുമെന്നും ഇത് ഉക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിന് കരണമാകുമെന്നുമാണ് ട്രംപ് വിലയിരുത്തിയിരുന്നത്. എന്നാല്‍ ട്രംപിന്റെ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ഇന്ത്യ റഷ്യയുമായുള്ള ബന്ധം തുടരുന്നത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചാ വിഷയമാണ്.

Content Highlight: Trump says India has promised to cut tariffs on US

We use cookies to give you the best possible experience. Learn more