വാഷിങ്ടണ്‍: വിയറ്റ്നാം യുദ്ധകാലത്ത് താനായിരുന്നു യു.എസ് പ്രസിഡന്റെങ്കില്‍ ആ യുദ്ധം ഒരാഴ്ചകൊണ്ട് ജയിക്കുമായിരുന്നെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോചിമിന്‍ സിറ്റിയോ മറ്റേതെങ്കിലും നഗരമോ ബോംബാക്രമണത്തില്‍ തകര്‍ക്കുകയായിരുന്നു വേണ്ടതെന്നും ട്രംപ് പറഞ്ഞു.
യുദ്ധകാലത്ത് യു.എസുമായി സഖ്യമുണ്ടായിരുന്ന തെക്കന്‍ വിയറ്റ്നാമിന്റെ തലസ്ഥാനമായിരുന്നു അന്ന് സായ്ഗോണ് എന്ന് പേരുണ്ടായിരുന്ന ഇപ്പോഴത്തെ ഹോചിമിന്‍ സിറ്റി. ആ നഗരത്തെ തകര്‍ക്കുകയായിരുന്നു വേണ്ടത് എന്നാണ് ട്രംപ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
ഞായറാഴ്ച അയോവയിലെ ഡുബ്യൂക്കില് നടന്ന ഒരു റാലിയില്‍ സംസാരിക്കവെയാണ് ട്രംപിന്റെ പുതിയ പരാമര്‍ശം. ഇറാനിലെയും വെനിസ്വേലയിലെയും തന്റെ നടപടികളെ മുന്‍കാല യുദ്ധങ്ങളുമായി താരതമ്യം ചെയ്യുകയായിരുന്നു ട്രംപ്.
വിയറ്റ്നാമില്‍ 21 വര്‍ഷം എടുത്തുവെന്നും ആയിരക്കണക്കിന്, ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാന് യുദ്ധം വര്‍ഷങ്ങളോളം തുടര്‍ന്നു. നമ്മള് ഒരിക്കലും വിജയിക്കാന്‍ വേണ്ടിയായിരുന്നില്ല യുദ്ധം ചെയ്തിരുന്നത്. യു.എസിന്റെ മുന്‍ പ്രസിഡന്റുമാര്‍ വിഡ്ഢികളാണെന്നും ട്രംപ് പറഞ്ഞു.
‘എനിക്ക് വിയറ്റ്നാം യുദ്ധം ഒരാഴ്ചയ്ക്കുള്ളില്‍ ജയിക്കാമായിരുന്നു. അവര്‍ എന്തോ ഒരു ചുവന്ന സാധനം കാടുകളിലേക്ക് തുടര്‍ച്ചയായി വര്‍ഷിച്ചുകൊണ്ടിരുന്നു.’എന്നും ട്രംപ് പറഞ്ഞു. വിയറ്റ്നാം യുദ്ധകാലത്ത് വിയറ്റ്നാമിലെ വനങ്ങള്‍ നശിപ്പിക്കാന്‍ അമേരിക്കന്‍ സൈന്യം ഉപയോഗിച്ച രാസവസ്തുവായ ഏജന്റ് ഓറഞ്ചിനെക്കുറിച്ചായിരുന്നു ട്രംപിന്റെ പരാമര്‍ശം.
‘ഹോ ചി മിന് സിറ്റിയെയോ മറ്റ് പ്രധാന സ്ഥലങ്ങളെയോ ലക്ഷ്യമിടുന്നതിന് പകരം, അവര്‍ വര്‍ഷങ്ങളോളം കാടുകളിലേക്ക് ഈ ഏജന്റ് ഓറഞ്ച് വര്‍ഷിച്ചുകൊണ്ടിരുന്നു. ഞാന്‍ ആ യുദ്ധം ഒരാഴ്ചയ്ക്കുള്ളില്‍ ജയിക്കുമായിരുന്നു,’ ട്രംപ് പറഞ്ഞു.
കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിച്ചിരുന്ന വടക്കന്‍ വിയറ്റ്നാമുമായിട്ടായിരുന്നു യു.എസ് യുദ്ധം ചെയ്തിരുന്നത്. ഹാനോയ് ആയിരുന്നു വടക്കന്‍ വിയറ്റ്നാമിന്റെ തലസ്ഥാനം.
1976-ല്‍ യുദ്ധം അവസാനിച്ച ശേഷമായിരുന്നു തെക്കന്‍ വിയറ്റ്നാം തലസ്ഥാനമായിരുന്ന സായ്ഗോണ് നഗരത്തിന്റെ പേര് ഹോചിമിന്‍ സിറ്റിയെന്നാക്കിയത്.
വടക്കന്‍ വിയറ്റ്നാമിന്റെ നേതാവും പിന്നീട് ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് വിയറ്റ്നാമിന്റെ ആദ്യ പ്രസിഡന്റുമായ ഹോചിമിന്റെ ആദരസൂചകമായിട്ടായിരുന്നു ഈ പേര് നല്‍കിയത്.
യുദ്ധകാലത്ത് വടക്കന്‍ കമ്മ്യൂണിസ്റ്റ് വിയറ്റ്നാമിന്റെ തലസ്ഥാനമായ ‘ഹനോയി’ നഗരത്തില്‍ യു.എസ് ബോംബാക്രമണം നടത്തിയിരുന്നതായാണ് യു.എസ്. എയര്‍ ഫോഴ്സില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 1972 ഡിസംബറില്‍ നടന്ന ‘ഓപ്പറേഷന് ലൈന്‍ബാക്കര്‍ II എന്ന ബോംബാക്രമണ പരമ്പരയില്‍ ഹനോയിയും ഹൈഫോംഗ് എന്ന തുറമുഖ നഗരവും ലക്ഷ്യമിടപ്പെട്ടിരുന്നുവെന്നാണ് യു.എസ് എയര്‍ഫോഴ്സ് രേഖകള്‍ വ്യക്തമാക്കുന്നത്.
1955 നവംബര്‍ മുതല്‍ 1975 ഏപ്രില്‍ 30 വരെയായിരുന്നു വിയറ്റ്നാം യുദ്ധം. ഡൈ്വറ്റ് ഡി. ഐസന്‍ഹോവര്‍, ജോണ്‍ എഫ്. കെന്നഡി, ലിന്‍ഡന്‍ ബി. ജോണ്സണ്, റിച്ചാര്‍ഡ് നിക്സണ്, ജെറാള്‍ഡ് ഫോര്‍ഡ് എന്നിവരായിരുന്നു ആ കാലയളവിലെ യു.എസ് പ്രസിഡന്റുമാര്‍.
Content Highlight: Trump Says He Would Have Won Vietnam War in a Week, Mixes Up Cities