| Wednesday, 21st January 2026, 10:59 pm

ഒരടിപോലും പിന്നോട്ടില്ല; ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ ബലപ്രയോഗം നടത്തില്ലെന്നും ട്രംപ്

ശ്രീലക്ഷ്മി എ.വി.

ബേൺ: ഗ്രീൻലാൻഡിനെ ഏറ്റെടുക്കാൻ ബലപ്രയോഗം നടത്തില്ലെന്ന് യു.എസ് പ്രഡിഡന്റ് ഡൊണാൾഡ് ട്രംപ്.

എന്നാൽ അതിൽ നിന്നും പിന്നോട്ടില്ലെന്നും ഗ്രീൻലാൻഡിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഡെന്മാർക്കുമായി ഉടനടി ചർച്ചകൾ നടത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.

ലോക നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളുകൾ താൻ ബലപ്രയോഗം നടത്തുമെന്ന് കരുതിയിരുന്നെന്നും എന്നാൽ ബലപ്രയോഗം നടത്തേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗ്രീൻലാൻഡ് എന്ന സ്ഥലം മാത്രമാണ് അമേരിക്ക ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അമേരിക്ക ആവശ്യപ്പെടുന്നത് ഗ്രീൻലാൻഡ് എന്ന സ്ഥലമാണ്. അമിതമായ ശക്തിയും ബലപ്രയോഗവും നടത്താൻ ഞാൻ തീരുമാനിച്ചിട്ടില്ല. ഞാൻ ബലപ്രയോഗം നടത്തുമെന്ന് ആളുകൾ കരുതിയിട്ടുണ്ടാവും. ഞാൻ അത് ചെയ്യില്ല,’ ട്രംപ് പറഞ്ഞു.

ഗ്രീൻലാൻഡിന്റെ പൂർണ ഉടമസ്ഥാവകാശം അമേരിക്കയ്ക്കായിരിക്കുമെന്നും ട്രംപ് ആവർത്തിച്ചു.

ഡെൻമാർക്കിനും നാറ്റോയ്ക്കും തന്റെ ഭീഷണികളിൽ നിന്നും ഗ്രീൻലാൻഡിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു.

അമേരിക്ക ഒഴികെ മറ്റൊരു രാഷ്ട്രത്തിനും ഗ്രീൻലാൻഡിനെ സുരക്ഷിതമാക്കാൻ കഴിയില്ലെന്നത് ഒരു വസ്തുതയാണെന്നും ട്രംപ് പറഞ്ഞു.

ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന അമേരിക്കയുടെ പ്രസ്താവന പൂർണമായും തള്ളുന്ന യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

ഇതിനെതിരെ ഗ്രീൻലാൻഡിന് മേൽ യു.എസ് ചെലുത്തുന്ന സമ്മർദം തെറ്റാണെന്നും സ്വീകാര്യമല്ലെന്നും വിവിധ യൂറോപ്യൻ രാജ്യങ്ങൾ പ്രതികരിച്ചിരുന്നു.

ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കുന്ന ട്രംപിന്റെ നീക്കത്തിനെതിരെ ഡെന്മാർക്കിലും ഗ്രീൻലാൻഡിലും വ്യാപക പ്രതിഷേധങ്ങളുയർന്നിരുന്നു.

ഗ്രീൻലാൻഡ് വിൽപനയ്ക്കുള്ളതല്ലെന്നും ജനങ്ങൾക്ക് സ്വയം നിർണയാവകാശമുണ്ടെന്നും ഡാനിഷ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

Content Highlight: Trump says he won’t back down; won’t use force to acquire Greenland

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more