വാഷിങ്ടൺ: യു.എസ് ചൈന വ്യാപാര സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
നാല് ആഴ്ചകൾക്കുള്ളിൽ താൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നും സോയാബീൻ ഒരു പ്രധാന ചർച്ചാ വിഷയമാക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.
ചൈന വില പേശുകയും എന്നാൽ സാധനങ്ങൾ വാങ്ങിക്കാതിരിക്കുകയും ചെയ്യുന്നതിനാൽ അമേരിക്കയിലെ സോയാബീൻ കർഷകർ വേദനിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
തീരുവകളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം സോയാബീൻ കർഷകരെ പിന്തുണക്കുന്നതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ യു.എസ് പ്രസിഡന്റ് ജോ ബൈഡനെ വിമർശിച്ച ട്രംപ്, കോടിക്കണക്കിന് ഡോളറിന്റെ യു.എസ് കാർഷിക ഉത്പന്നങ്ങൾ, പ്രത്യേകിച്ചും സോയാബീൻ വാങ്ങുമെന്ന റഡെ കരാർ നടപ്പിലാക്കുന്നതിൽ ജോ ബൈഡൻ പരാജയപ്പെട്ടെന്നും കൂട്ടിച്ചേർത്തു.
‘കർഷകരെ ഒരിക്കലും താൻ നിരാശപ്പെടുത്തില്ല. ഉറക്കം തൂങ്ങിയ ജോ ബൈഡൻ ചൈനയുമായുള്ള കരാർ നടപ്പിലാക്കിയില്ല. കാരണം അവർ കോടിക്കണക്കിന് കാർഷിക ഉത്പന്നങ്ങൾ വാങ്ങും. പ്രത്യേകിച്ച് സോയാബിൻ. ഇത് എല്ലാം വളരെ നന്നായി നടക്കുന്നതിന് കാരണമാകും.
എനിക്ക് എല്ലാ ദേശസ്‌നേഹികളെയും ഇഷ്ടമാണ്. കർഷകരും അങ്ങനെത്തന്നെ.’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഓഗസ്റ്റിൽ ചൈന സോയാബീൻ ഓർഡറുകൾ നാലിരട്ടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞ ട്രംപ്, ചൈനയോട് വീണ്ടും സോയാബിൻ വാങ്ങിക്കാൻ ആവശ്യപ്പെട്ടു.
അതേസമയം, മെയ് മാസത്തിന് ശേഷം ചൈന യു.എസ് സോയാബീനുകൾ വാങ്ങിയിട്ടില്ലെന്നും പകരം ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിൽ നിന്നും വൻതോതിൽ വാങ്ങുകയാണെന്നും അമേരിക്കൻ സോയാബീൻ അസോസിയേഷൻ പറയുന്നു. ഈ മാറ്റം യു.എസ് കർഷകരുടെ വിപണി നഷ്ടപ്പെടുന്നതിനും വരുമാനം കുറയുന്നതിനും കാരണമായെന്നും അസോസിയേഷൻ പറഞ്ഞു.
എന്നാൽ, ബീജിങ്ങിന്റെ പ്രധാന പ്രതിരോധ നടപടികളിൽ ഒന്ന് കാർഷിക കയറ്റുമതിയുടെ കേന്ദ്രമായ സോയാബീൻ ഉൾപ്പെടെയുള്ള അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങളുടെ വാങ്ങലുകൾ കുറയ്ക്കുക എന്നതാണ്.
Content Highlight: Trump says he will meet with Chinese President Xi Jinping